- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാണ്ഡഹാറിലെ വില്ലന്റെ മകൻ പ്രതിരോധ മന്ത്രി; ആഗോള ഭീകരരും സർക്കാരിന്റെ ഭാഗം; ചൈനയും പാക്കിസ്ഥാനും താലിബാനും ചേർന്നുള്ള വെല്ലുവിളിയെ തടയാൻ വേണ്ടത് 'ഡോവൽ ബുദ്ധി'; അഫ്ഗാനിൽ ഇന്ത്യയെ വിട്ടു കളിച്ചാൽ പണി കിട്ടുമെന്ന് തിരിച്ചറിഞ്ഞ് പുട്ടിൻ; അമേരിക്കയും റഷ്യയും ഡൽഹിയിലേക്ക് പറന്നെത്തുമ്പോൾ
ന്യൂഡൽഹി: അഫ്ഗാനിൽ ഒടുവിൽ ഇന്ത്യൻ നിലപാടുകൾ അംഗീകരിക്കുകയാണ് റഷ്യയും. അഫ്ഗാൻ സ്ഥിതി വിലയിരുത്താനും ഭീകരതയ്‌ക്കെതിരായ നീക്കങ്ങളിൽ ഇന്ത്യയെ ഒപ്പം നിർത്താനും റഷ്യ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. അറബ് മേഖലയിൽ ഇന്ത്യക്കുള്ള നല്ല ബന്ധങ്ങൾ കൂടി കണക്കിലെടുത്താണ് റഷ്യയുടെ പുതിയ തീരുമാനം. അമേരിക്കയും ഇന്ത്യയും ഒരുമിച്ചാൽ അഫ്ഗാനിൽ എന്തും നടക്കുമെന്ന് റഷ്യ തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായുള്ള കൂടിയാലോചനകളാണ് ഡൽഹിയിൽ നടക്കുന്നത്. അഫ്ഗാനിലെ അജിത് ഡോവൽ തന്ത്രത്തിന്റെ വിജയം കൂടിയാണ് ഇത്.
യുഎസ്, യുകെ ചാരസംഘടനകളുടെ മേധാവികൾ ഇന്ത്യയിലെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണം സ്വീകരിച്ച് റഷ്യയിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം ഡൽഹി സന്ദർശിച്ചു. അഫ്ഗാനിൽ പ്രവർത്തിച്ച പരിചയം ഡോവലിനുണ്ട്. റോയ്ക്ക് വേണ്ടി ഡോവൽ നടത്തിയ ഇടപെടലുകൾ മറ്റ് രാജ്യങ്ങൾക്കും അറിയാം. ഈ മേഖലയിൽ ഇപ്പോഴും ഡോവലിന് സ്വാധീനമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇന്ത്യയെ ഒടുവിൽ റഷ്യ പോലും അംഗീകരിക്കുന്നത്. കശ്മീരിൽ അടക്കം താലിബാൻ ഇടപെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന മാസ്റ്റർ പ്ലാൻ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.
ചൈനയും പാക്കിസ്ഥാനും താലിബാനൊപ്പമാണ്. ഇവരെ പരസ്യമായി ഇനി റഷ്യ പിന്തുണയ്ക്കില്ല. ഇതിന്റെ സൂചനയാണ് ഇന്ത്യയുമായുള്ള ചർച്ചകൾ. റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കൊളെയ് പത്രുഷെവിന്റെ സന്ദർശനം വിദേശകാര്യ മന്ത്രാലയം പരസ്യമാക്കിയപ്പോൾ, യുഎസ് ചാരസംഘടനയായ സിഐഎയുടെ ഡയറക്ടർ വില്യം ബേൺസ്, യുകെയുടെ എംഐ 6 മേധാവി റിച്ചഡ് മൂർ എന്നിവരുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒഴിവാക്കി. അതായത് റഷ്യൻ നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ അത്രയേറെ പ്രാധാന്യം നൽകുന്നു.
ഡോവൽ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ അംഗങ്ങൾ എന്നിവരുമായി വിദേശത്ത് നിന്നെത്തിയവർ കൂടിക്കാഴ്ച നടത്തി. താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനയെ ഫലപ്രദമായി നേരിടാൻ ഇന്ത്യയുടെ പിന്തുണ യുഎസിനും യുകെയ്ക്കും ആവശ്യമാണ്. അഫ്ഗാനിൽ നിന്നുള്ള ഭീകരവാദം മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കാനുള്ള സാധ്യതകളും പ്രതിരോധമാർഗങ്ങളും ചർച്ചയായി. ഭീകര സംഘടനകളുടെ നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ഇന്റലിജൻസ് ശൃംഖല ഉപയോഗിച്ച് ഇന്ത്യ ശേഖരിക്കണമെന്ന ആവശ്യം റഷ്യ മുമ്പോട്ട് വച്ചു.
അഫ്ഗാൻ വിഷയത്തിൽ നിരന്തര ഉഭയകക്ഷി ചർച്ചകൾ നടത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണു പത്രുഷെവ് ഇന്ത്യയിലെത്തിയത്. താലിബാൻ നേതൃത്വത്തിലുള്ള പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകനാണ്. 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഐസി -814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാൻ സ്ഥാപക നേതാവുമായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി. ഇതും ഇന്ത്യ ഗൗരവത്തോടെ എടുക്കുന്നുണ്ട്.
ഇന്ത്യൻ ജയിലുകളിൽ നിന്ന് തീവ്രവാദികളെ മോചിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ടാണ് ഇന്ത്യൻ എയർലൈൻസ് വിമാനം തീവ്രവാദികൾ റാഞ്ചിയത്. ഇതിനേത്തുടർന്ന് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, അൽ ഉമർ മുജാഹിദ്ദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗാർ, ബ്രിട്ടീഷ് വംശജനായ അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് ശൈഖ് എന്നിവരെ മോചിപ്പിക്കാൻ ഇന്ത്യ അന്ന് നിർബന്ധിതമായിരുന്നു. വിമാനത്തിലെ 176 യാത്രക്കാരെ ഇതിനായി ഏഴ് ദിവസത്തോളം ഇവർ ബന്ദികളാക്കിയിരുന്നു.
കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടെങ്കിലും വിമാനത്തിൽ കയറിക്കൂടിയ 5 ഭീകർ വിമാനം ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാക്കിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ പിന്തുണയോടെയായിരുന്നു വിമാനം റാഞ്ചിയത്. യാക്കൂബിനെ കൂടാതെ ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സിറാജുദ്ദീൻ ഹഖാനി, മുല്ല ഹസ്സൻ അഖുണ്ട് തുടങ്ങിയവരും പുതിയ സർക്കാരിന്റെ ഭാഗമാണ്. പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന അഫ്ഗാനിസ്ഥാനിലെ സജീവ തീവ്രവാദി വിഭാഗമായ ഹഖാനി നെറ്റ്‌വർക്കിന്റെ സ്വാധീനം വെളിവാക്കുന്നതാണ് പുതിയ സർക്കാരിലെ അംഗങ്ങളുടെ നിയമനങ്ങൾ.
ഈ സാഹചര്യത്തെ ലോക രാഷ്ട്രങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അഫ്ഗാനെ മറയാക്കി ചൈന നടത്താൻ പോകുന്ന നീക്കങ്ങളിലും ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി സഹകരിക്കാൻ റഷ്യയുമെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ