കാബൂൾ: അമേരിക്കയെ പ്രകോപിപ്പിക്കാൻ ഉറച്ച് താലിബാൻ. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന സെപ്റ്റംബർ 11ന് (9/11) താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോർട്ടുകൾ. ഇത് അമേരിക്കയെ കളിയാക്കലാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ തുടർച്ചയായിരുന്നു അഫ്ഗാനിലെ അമേരിക്കൻ ഇടപെടലും.

അഫ്ഗാനിസ്ഥാനിലെ താലിബാൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകര പട്ടികയിലുള്ളവരാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ 'മോസ്റ്റ് വാണ്ടഡ്' ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഇത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ദിനവും. ഫലത്തിൽ തീവ്രനിലപാട് താലിബാനിൽ പിടിമുറുക്കുകയാണ്.

'അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണ്. ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങൾക്കും അപമാനകരമാണ് ', ഒരു താലിബാൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. മുല്ല മുഹമ്മദ് ഹസ്സൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരും തീവ്രവാദ അനുകൂല നിലപാട് പ്രതീക്ഷിക്കാമെന്ന് പറഞ്ഞു വയ്ക്കുകയാണ് വക്താവ്.

അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോഴും മടിച്ചുനിൽകുകയാണെങ്കിലും, സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ ആരെല്ലാം പങ്കെടുക്കുമെന്നത് നിർണ്ണായകമാണ്. ചൈനയും പാക്കിസ്ഥാനും താലിബാനുമായി ചേർന്ന് നിൽക്കുന്നവരാണ്.

താലിബാനുമായി ലോകം ചർച്ച നടത്തണമെന്നും ദശലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കണമെന്നും താലിബാൻ സർക്കാരിന് സാധ്യമായ അംഗീകാരം നൽകണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ അഫ്ഗാനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. അംഗീകരിക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് ജോ ബൈഡൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാണ്. അമേരിക്കയിൽ അഫ്ഗാൻ വിഷയം ചൂടേറിയ ചർച്ചയുമാണ്. ചൈന താലിബാൻ സർക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ചതുപോലുള്ള ഒരു ഭരണകൂടമല്ല ഇപ്പോഴത്തെ താലിബാൻ ഇടക്കാല സർക്കാരെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചിരുന്നു.

അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കാൻ സാധ്യതയുള്ള, പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളായ ഐഎസ്-കെയിൽ നിന്നും അൽ-ഖായിദയിൽ നിന്നും ഉയരുന്ന ഭീഷണിയെക്കുറിച്ച് തങ്ങൾ വിശാലമായി ചർച്ചചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.