മെക്സിക്കോയുടെ തീരദേശ സംസ്ഥാനമായ ഗുറേറയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അക്കാപുൽകേയി ചൊവ്വാഴ്‌ച്ച ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. റിച്ചർ സ്‌കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒരാൾ മരണമടയുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. അക്കാപുൽകോയിൽ നിന്നും 17.7 കിലോമീറ്റർ വടക്കു കിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.

ഭൂമി കുലുങ്ങാൻ തുടങ്ങിയതിനു നിമിഷങ്ങൾക്കകം മെക്സിക്കോയുടെ ആകാശത്ത് ഒരു നീലവെളിച്ചം പ്രത്യക്ഷപ്പെട്ടു. ഇതോടെ ഭയചകിതരായ മെക്സിക്കൻ നിവാസികൾ ലോകാവസാനമായെന്ന് ഭയപ്പെട്ട് വീടുകൾ വിട്ട് തെരുവിലേക്കോടി. ഈ അദ്ഭുതപ്രതിഭാസത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. വളരെ വിരളമായിട്ടാണെങ്കിലും ശക്തമായ ഭൂകമ്പം ഉണ്ടാകുമ്പോൾ ഇത്തരത്തിൽ നീല വെളിച്ചം പ്രത്യക്ഷപ്പെടുന്നത് ഒരു സ്വാഭാവികമായ പ്രകൃതിയുടെ പ്രതിഭാസമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഭൂമി കുലുങ്ങാൻ തുടങ്ങി നിമിഷങ്ങൾക്കകമാണ് ഈ നീലവെളിച്ചം ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. സമുദ്രതീരത്തുനിന്നും മാറി പ്രകൃതിക്ക് പശ്ചാത്തലമൊരുക്കുന്ന ഇരുണ്ട മലനിരകളെ പ്രകാശമണിയിച്ചുകൊണ്ടായിരുന്നു തുടക്കം. ഒരു സന്ദർഭത്തിൽ ഇത് കടൽത്തീരത്തെ കെട്ടിടങ്ങളെ കണ്ണഞ്ചിക്കുന്ന പ്രകാശത്തിൽ കുളിപ്പിക്കുകയും ചെയ്തു. ചില വീഡിയോകളിൽ നീല നിറത്തിലുള്ള പ്രകാശം മാത്രമാണ് ദൃശ്യമാകുന്നതെങ്കിൽ ചിലതി നീലനിറത്തിനൊപ്പം ഇടയ്ക്കിടെ വെളുപ്പ്, പിങ്ക് നിറങ്ങളിലുള്ള പ്രകാശവും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഭൂമികുലുക്കത്തിനു ശേഷം വളരെ വിരളമായിട്ടാണെങ്കിലും ഇത്തരത്തിലുള്ള പ്രതിഭാസം സംഭവിക്കാറുണ്ടെന്ന് ശാസ്ത്രലോകം പറയുമ്പോഴും ഇതിന്റെ കാര്യമെന്താണെന്നോ, ഇത് ഒരു പ്രകൃതി പ്രതിഭാസമാണെന്നോ വ്യക്തമാക്കുവാൻ അവർക്ക് കഴിയുന്നില്ല. ഭൂമികുലുക്ക സമയത്ത് ചലിക്കുന്ന ഭൗമ പാളികൾ പരസ്പരം ഉരയുമ്പോൾ ഉണ്ടാകുന്ന ഘർഷണം വൈദ്യൂതിയുടെ ഉദ്പാദനത്തിനു കാരണമാകുന്നു എന്നും ഇതാണ് ഈ പ്രകാശത്തിന് കാരണമെന്നും പറയുന്നുണ്ടെങ്കിലും അതിനെ പിന്താങ്ങുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. മെക്സിക്കോയിൽ 2017-ൽ നടന്ന ഒരു വൻ ഭൂമ്പത്തിനിടയിലും ഇത്തരത്തിലുള്ള പ്രകാശത്തിന്റെ സാന്നിദ്ധ്യം ചിലർ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് റട്ജേർസ് യൂണിവേഴ്സിറ്റിയിലെ ഭൗമശാസ്ത്രജ്ഞനായ പ്രൊഫസർ ട്രോയ് ഷിബോർട്ട് പറയുന്നത്. ഇത് ലോകാവസാനത്തിന്റെ അടയാളമല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ ആയിരം വർഷങ്ങൾക്ക് മുൻപ് ഇത് ആദ്യമായി കണ്ടെത്തിയപ്പോൾ തന്നെ ലോകം അവസാനിക്കണമായിരുന്നു എന്നും അദ്ദേഹം പറയുന്നു.