ണ്ടൻ തെരുവിലൂടെ കാഴ്‌ച്ചകൾ ആസ്വദിച്ച് നടക്കുമ്പോൾ ഒന്നാലോചിക്കുക, ഇനിയെത്ര നാൾ ? ക്ലൈമറ്റ് ക്രൈസിസ് അഡ്വൈസറി ഗ്രൂപ്പിന്റെ ചെയർമാൻ സർ ഡേവിഡ് കിങ് ആണ് ഈ മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ ജലനിരപ്പ് ഉയർത്തുമ്പോൾ ലണ്ടൻ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങൾ അപകടത്തിലാകും എന്നാണ് അദ്ദേഹം പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും അധികം തിക്തഫലങ്ങൾ അനുഭവിക്കുക ബ്രിട്ടൻ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുക ബ്രിട്ടനെ പോലുള്ള ദ്വീപ് രാഷ്ട്രങ്ങളെയായിരിക്കും. കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒക്കെ പ്രതീക്ഷിക്കാം. അതായത് ഒരു ദ്വീപു രാഷ്ട്രം എന്നു പറയുമ്പോൾ സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് നദികളിലെ ജലനിരപ്പും ഉയരും. തീർപ്രദേശങ്ങളെ പോലെ തന്നെ പല ഉൾപ്രദേശങ്ങളും അപകടത്തിലാകും അദ്ദേഹം തുടരുന്നു. തെംസ് നദിയിലെ വെള്ളപ്പൊക്കം സങ്കൽപിക്കുക, ഒപ്പം തെംസിന്റെ അഴിമുഖത്തുനിന്നും വെള്ളം ഒഴുകിയെത്തും അതായത് ലണ്ടൻ നഗരം എല്ലാ ഭാഗത്തുനിന്നും വെള്ളത്താൽ ചുറ്റപ്പെടുന്ന സാഹചര്യമുണ്ടാകും. അദ്ദേഹം പറയുന്നു.

ഐസ്പാളികൾ ഉരുകുന്നതും അതോടൊപ്പം ചൂടുകൂടുന്നതുമൂലം സമുദ്രത്തിലെ ജലം വികസിക്കുന്നതുമാണ് ജലനിരപ്പ് ഉയരുവാൻ കാരണമാകുന്നത്. 1994-ലെ സമുദ്ര നിരപ്പിനേക്കാൾ ശരാശരി 3.4 ഇഞ്ചിന്റെ ഉയർച്ച 2019-ൽ സമുദ്രനിരപ്പിൽ കണ്ടെത്തിയിരുന്നു. 1880 മുതൽ ശരാശരി സമുദ്ര നിരപ്പിൽ എട്ടു മുതൽ ഒമ്പത് ഇഞ്ച് വരെയാണ് ഉയർച്ച ദൃശ്യമായിട്ടുള്ളത്. ഇതിൽ മൂന്നിൽ ഒരുഭാഗം ഉയർച്ച സംഭവിച്ചത് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ടിനിടയിൽ. സമുദ്ര നിരപ്പ് ഉയരുന്നതോടെ ബ്രിട്ടന് പുതിയൊരു തലസ്ഥാനം അന്വേഷിക്കേണ്ടതായി വരുമെന്നാണ് സർ കിങ് പറയുന്നത്.

ഇതേ രീതിയിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുകയാണെങ്കിൽ നമ്മുടെ വിലയേറിയ സ്വത്തുക്കൾകാത്തുസൂക്ഷിക്കുവാൻ നമുക്ക് ഏറെക്കാലം കഴിയില്ലെന്നും അദ്ദേഹം പറയുന്നു, കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് ആളുകളെ മാറ്റേണ്ടതായി വരും. ജക്കാർത്തയിൽ ഇപ്പോൾ തന്നെ വെള്ളം കയറി തുടങ്ങിയതിനാൽ ഇന്തോനേഷ്യ രാജ്യതലസ്ഥാനം കൂടുതൽ ഉയർന്ന പ്രദേശത്തേക്ക് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

നദിയും അഴിമുഖവും ഉള്ള ലണ്ടനിലും ജക്കാർത്തക്ക് സമാനമായ സ്ഥിതിവിശേഷമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.