ചൈനയ്ക്കെതിരെയുള്ള ചെറുത്തു നിൽപ് ശക്തമാക്കാൻ രൂപീകരിച്ച ഓക്കസ് ത്രിരാഷ്ട്ര സഖ്യത്തിന് ആരംഭത്തിലെ പ്രതീക്ഷിക്കാത്ത കോണുകളിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരികയാണ്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകൾ ഉൾപ്പടെ പ്രതിരോധ രംഗത്തെ സാങ്കേതിക വിദ്യയും ഉപകരണങ്ങളും പരസ്പരം കൈമാറുന്ന കരാറിൽ കഴിഞ്ഞദിവസമായിരുന്നു അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും ഒപ്പുവച്ചത്. യൂറോപ്യൻ യൂണിയനും ന്യുസിലാൻഡുമൊക്കെ ഇപ്പോൾ ഈ സഖ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ആസ്ട്രേലിയയുമായി 90 ബില്ല്യൺ ഡോളറിന്റെ മുങ്ങിക്കപ്പൽ കരറിൽ ഒപ്പിട്ട ജോ ബൈഡന്റെ നടപടിയിൽ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഫ്രാൻസ് എംബസിയിൽ നടത്താനിരുന്ന ആഘോഷങ്ങൾ റദ്ദ് ചെയ്തു. അമേരിക്കയും ഫ്രാൻസും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ചതായിരുന്നു പ്രസ്തുത ചടങ്ങ്. ഫ്രഞ്ച് നാവികപ്പട ബ്രിട്ടീഷ് നാവികപ്പടയുമായി നേരിട്ട് ഏറ്റുമുട്ടിയ കേയ്പ്സ് യുദ്ധത്തിന്റെ 240-മത് വാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

എന്നാൽ, അമേരിക്കൻ നടപടി ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്തിയ സാഹചര്യത്തിൽ പരിപാടികളുമായി മുന്നോട്ട് പോകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു ഫ്രാൻസ്. ഫ്രാൻസുമായി 12 മുങ്ങിക്കപ്പലുകൾക്ക് ഉണ്ടാക്കിയ കരാർ റദ്ദ് ചെയ്ത് പുതിയ ആണവോർജ്ജ മുങ്ങിക്കപ്പലുകൾ വാങ്ങുവാൻ അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയെ സഹായിക്കാൻ എത്തിയതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്. ഏകപക്ഷീയവും ക്രൂരവുമായ ഒരു നടപടി എന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഈ നടപടിയെ വിശേഷിപ്പിച്ചത്.

ഇതോടെ ബൈഡൻ വീണ്ടും വിവാദത്തിൽ ആയിരിക്കുകയാണ്. സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി പ്രധാന സഖ്യകക്ഷികളുമായി ആലോചിക്കുവാനുള്ള സാമാന്യ മര്യാദപോലും ബൈഡൻ കാണിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. ഇത് ഫ്രാൻസ് ഉൾപ്പടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളൂമായുള്ള അമേരിക്കയുടെ ബന്ധം വഷളാക്കുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ഓക്കസ് സഖ്യത്തെ കുറിച്ച് അറിയിക്കാൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ആദ്യമായി വിളിച്ചത് ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേണിനേയാണ്. അപ്പോൾ തന്നെ ആണവ മുങ്ങിക്കപ്പലുകൾ ന്യുസിലാൻഡിന്റെ സമുദ്രാതിർത്തിയിൽ കയറ്റാൻ അനുവദിക്കുകയില്ലെന്ന് ജസിന്ത വ്യക്തമാക്കി. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റം തടയുക എന്ന ഉദ്ദേശത്തിലായിരുന്നു ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചത്. തെക്കൻ പസഫിക് മേഖലയിൽ താത്പര്യങ്ങൾ ഉള്ള ന്യുസിലാൻഡ് ഇതിനെ പിന്തുണക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, രാജ്യത്തിന്റെ ആണവ വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ജസിന്ത വെളിപ്പെടുത്തി.

ന്യുസിലാൻഡ് പ്രധാനമന്ത്രിയുമായി സംസാരിച്ചതിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായും ഇക്കാര്യം സംസാരിച്ചു. അതേസമയം ആസ്ട്രേലിയൻ പ്രതിരോധ മന്ത്രി പീറ്റർ ഡട്ടണും വിദേശകാര്യമന്ത്രി മാറിസ് പേയ്നും ഇന്തോനേഷ്യയുടെ വിദേശകാര്യമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും സംസാരിച്ചു. മറ്റു ഏഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായും ഇവർ ബന്ധപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ഒരു ത്രിരാഷ്ട്ര സഖ്യം രൂപീകരിക്കുന്നതിനു മുൻപായി തങ്ങളെഅറിയിച്ചില്ലെന്നും തങ്ങളുമായി ചർച്ചകൾ നടത്തിയില്ലെന്നുമാണ് യൂറോപ്യൻ യൂണിയൻ വക്താക്കൾ ആരോപിക്കുന്നത്.ഇത് പുറകിൽ നിന്നുള്ള ഒരാക്രമണമായി പോയി എന്നും അവർ പരാതിപ്പെടുന്നു. മാധ്യമങ്ങളിലൂടെ മാത്രമാണ് യൂറോപ്യൻ യൂണിയൻ ഈ സഖ്യത്തെ കുറിച്ച് അറിഞ്ഞതെന്ന് ഇ യു പ്രതിനിധി പറഞ്ഞു. ബ്രിട്ടനെതിരെയും കടുത്ത വിമർശനങ്ങൾ യൂറോപ്യൻ യൂണിയൻ ഉയർത്തുന്നുണ്ട്.

12 ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പലുകള്ക്കുള്ള കരാർ 2016-ൽ ആസ്ട്രേലിയ ഫ്രാൻസുമായി ഉണ്ടാക്കിയിരുന്നു. 30 ബില്ല്യൺ പൗണ്ടിന്റെ ഈ കരാർ റദ്ദായതാണ് ഫ്രാൻസിനെ ഏറെ പ്രകോപിപ്പിക്കുന്നത്. ഇത് ആസ്ട്രേലിയയുമായുള്ള നയതന്ത്ര ബന്ധങ്ങളിലും വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്.