മേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും ചേർന്നുണ്ടാക്കിയ പുതിയ ഓക്കസ് ത്രിരാഷ്ട്ര സഖ്യത്തിൽ ചൈന വിറളിപൂണ്ടിരിക്കുന്നു എന്നതിന്റെ സൂചനകൾ പുറത്തുവന്നു തുടങ്ങി. അലാസ്‌കൻ തീരത്തേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് ചൈന. ഇതിനോടകം തന്നെ നാല് ചൈനീസ് കപ്പലുകൾ അവിടേക്ക് പുറപ്പെട്ടതായും വാർത്തകൾ പുറത്തുവരുന്നു. ഒരു മിസൈൽ ക്ര്യുയിസർ, ഒരു മിസൈൽ ഡിസ്ട്രോയർ, ഒരു രഹസ്യാന്വേഷണ സംവിധാനങ്ങൾ ഉള്ള കപ്പൽ, ഒരു സാധാരണ കപ്പൽ എന്നിവയാണ് അലാസ്‌കൻ തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.

അമേരിക്കയുടേ തെക്കൻ ചൈനക്കടലുമായി ബന്ധപ്പെട്ട് എടുത്ത നടപടിക്ക് പ്രതികരണമായി ഹവായ് കടലിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കും എന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയതിനു തൊട്ടുപിന്നാലെയാണ് കപ്പലുകൾ യാത്ര തിരിച്ചത്. ചൈനീസ് കപ്പലുകൾ കരീബിയൻ കടലിൽ പ്രവേശിക്കുമ്പോഴും സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ ടൈംസ് എഡിറ്റർ ഹു സിജിൻ പറഞ്ഞു. ചൈനീസ് നേവി നിലവിൽ വരുന്നതിനു മുൻപേ അമേരിക്ക ഈ അവകാശം ഉയർത്തിപ്പിടിക്കാൻ തുടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിനോട് അമേരിക്ക പ്രതികരിച്ചത്.

കഴിഞ്ഞ ചില വർഷങ്ങളിലും ചൈനയുടെ ചാരക്കപ്പലുകൾ ഹാവായിലും ഗുവാമിലും എത്തിയതായും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് അമേരിക്കൻ നാവിക സേന ലോകം ചുറ്റുന്നതെന്നും അമേരിക്ക അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനുള്ള അവകാശം എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്നും അമേരിക്കൻ വക്താവ് പറഞ്ഞു.

അലാസ്‌കയോട് അടുത്ത് ബേറിങ് കടലിലൂടെ കടന്നുപോകുന്ന ചൈനീസ് കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതിൽ ഒരു 055 നാൻചാംഗ് ഡിസ്ട്രോയറും ഉള്ളതായി അമേരിക്കൻ നേവി കണ്ടെത്തിയിട്ടുണ്ട്. യു. എസ് തീരസംരക്ഷണ സേന ചൈനീസ് കപ്പലുകളുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. മാത്രമല്ല, അമേരിക്കൻ തീരങ്ങളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം തർക്കത്തിലിരിക്കുന്ന സെൻകാക്കു ദ്വീപിൽ പ്രവേശിക്കുവാൻ ചൈന ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് ജപ്പാൻ വ്യക്തമാക്കി. ചൈനയിൽ ഡിയാഹു എന്ന പേരിൽ അറിയപ്പെടുന്ന ഈ ദ്വീപ് ജപ്പാന്റെ പരമാധികാരത്തിൻ കീഴിലുള്ള പ്രദേശമാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു. ബെയ്ജിങ് അനാവശ്യമായ പ്രകോപനം ഉണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനക്കെതിരായ പുതിയ ത്രിരാഷ്ട്ര സഖ്യത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. തെയ്വാനാണ് മറ്റൊന്ന്.

അടുത്തകാലത്തായി ചൈനീസ് നാവികസേന ഈ ദ്വീപിനടുത്തുള്ള കടലിൽ സജീവമാണ്. ഇതുകാരണം പല ഒറ്റപ്പെട്ട ദ്വീപുകളിലും ജപ്പാൻ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. എഫ് - 35 ഫൈറ്റർ ജെറ്റ് ഉൾപ്പടേയുള്ള യുദ്ധ സജ്ജീകരണങ്ങളാണ് ജപ്പാൻ മിക്ക ദ്വീപുകളിലും വിന്യസിച്ചിട്ടുള്ളത്. ആൾത്താമസമില്ലാത്ത ഈ ദ്വീപു സമൂഹം നിലവിൽ ജപ്പാന്റെ കൈവശമാണെങ്കിലും ഇതിനുമേൽ ചൈന അവകാശവാദം ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ടോക്കിയോയിൽ നിന്നും 1200 മൈൽ തെക്ക് പടിഞ്ഞാറ് മാറിക്കിടക്കുന്ന ഈ ദ്വീപിൽ നിന്നും ചൈനീസ് നഗരമായ ഷാങ്ങ്ഹായിലേക്ക് പക്ഷെ 400 മൈലിൽ താഴെ ദൂരം മാത്രമേയുള്ളു.

മത്സ്യസമ്പത്തും അതുപോലെ സുപ്രധാന കപ്പൽ പാതകളോടുള്ള സാമീപ്യവും ഈ ദ്വീപുകളുടെ സാമ്പത്തിക പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇതാണ് ഇരു രാഷ്ട്രങ്ങളും ദ്വീപിനായി തർക്കത്തിലേർപ്പെടാൻ കാരണമാകുന്നത്. മാത്രമല്ല, ഇതിനോട് ചേർന്നുള്ള ഭാഗത്ത് എണ്ണ നിക്ഷേപവും നല്ലതോതിലുണ്ട്.

ചൈനീസ് കപ്പലുകൾ അലാസ്‌കൻ തീരത്തേക്ക് യാത്രതിരിച്ചതും ജാപ്പനീസ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പും ഈ മേഖലയിലെ പ്രതിസന്ധിക്ക് ആഴം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെചൈനീസ് സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യം വെച്ച് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യം ചൈനയെ ആശങ്കപ്പെടുത്തുന്നു എന്നാണ് നിരീക്ഷകർ പറയുന്നത്. അതേസമയം ജപ്പാൻ ഉൾപ്പടെ ഈ മേഖലയിലെ മറ്റു രാജ്യങ്ങൾ ഈ സഖ്യത്തിന്റെ രൂപീകരണത്തിൽ സന്തോഷിക്കുന്നുമുണ്ട്.