- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി-തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളുകളിൽ നിന്നുള്ള സിഗ്നലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യത; റൺവേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാൻ ബുദ്ധിമുട്ടും; ചോദ്യങ്ങൾക്ക് മറുപടി നൽകി എതിർപ്പുമാറ്റാൻ കേരളം; ചെറുവള്ളി എസ്റ്റേറ്റിലെ ശബരിമല വിമാനത്താവളുമായി മുമ്പോട്ടു പോകുമ്പോൾ
ന്യൂഡൽഹി: ശബരിമല വിമാനത്താവളം നിർമ്മിക്കാൻ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് പറ്റിയതല്ലെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യോമയാന മന്ത്രാലയത്തിനു മറുപടി നൽകുമ്പോൾ പൊളിയുന്നത് ഭൂമി കച്ചവടത്തിന്റെ കള്ളക്കളികൾ. ഈ ഭൂമി വിമാനത്താവളത്തിന് നൽകി കേസും മറ്റും തന്ത്രത്തിൽ ഒഴിവാക്കാനുള്ള നീക്കവും ഇനി നടന്നേക്കില്ല. സർക്കാരിൽ സമ്മർദ്ദം നൽകി പണം വാങ്ങി ഭൂമി വിൽപ്പനയ്ക്കുള്ള സാധ്യതയാണ് പൊളിയുന്നത്.
എന്നാൽ എന്തുവന്നാലും ചെറുവള്ളിയിൽ തന്നെ വിമാനത്താവളം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള സർക്കാർ. വ്യോമയാന ഡയറക്ടറേറ്റിന് മറുപടികൾ നൽകി ഇക്കാര്യത്തിൽ പുനർചിന്തന സാധ്യത തേടും. ഇപ്പോഴുയുരന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ബിലീവേഴ്‌സ് ചർച്ചിന്റെ അധീനതയിലുള്ള സ്ഥലത്ത് വിമാനത്താവളം പണിയാമെന്നാണ് പ്രതീക്ഷ. ഈ ഭൂമി കേസ് കോടതിയുടെ പരിഗണനയിലാണ്. അത് എങ്ങനേയും പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പുതിയ വിവാദം.
കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്‌ഐഡിസി) യുഎസ് കൺസൽറ്റൻസി കമ്പനിയായ ലൂയി ബഗ്‌റും ചേർന്നു തയാറാക്കിയ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ടിൽ മന്ത്രാലയം ഡിജിസിഎയുടെ അഭിപ്രായം തേടിയിരുന്നു. ഒപ്പുവയ്ക്കുക പോലും ചെയ്യാതെ കെഎസ്‌ഐഡിസിയും യുഎസ് കമ്പനിയും ചേർന്നു തയാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന രൂക്ഷ പരാമർശവും ഡിജിസിഎ നടത്തി. ഇത് ശബരിമലയുമായി ബന്ധപ്പെട്ടുയർ ആരോപണങ്ങളും ആക്ഷേപങ്ങളും വീണ്ടും സജീവ ചർച്ച വിഷയമാക്കുന്ന വിമർശനമാണ്.
ചട്ടപ്രകാരം റൺവേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാൻ ഈ സ്ഥലത്തു ബുദ്ധിമുട്ടാണെന്നും മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേതുപോലെ ടേബിൾടോപ് റൺവേ വികസിപ്പിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകട സാധ്യത ഏറെയാണ് ടേബിൾ ടോപ്പ് റൺവേകൾക്ക്. കരിപ്പൂർ-മംഗളൂരു വിമാനത്താവളങ്ങളിലെ വിമാന ദുരന്തകൾക്ക് പിന്നിലും ടേബിൾ ടോപ്പിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം റൺവേകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
നിർദിഷ്ട വിമാനത്താവളം സമീപമുള്ള രണ്ടു ഗ്രാമങ്ങളെ ബാധിക്കും. രണ്ടും ജനവാസ മേഖലകളാണെന്നു പഠന റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും എത്രപേർ താമസിക്കുന്നുണ്ടെന്ന കൃത്യമായ കണക്കില്ല. കൊച്ചി വിമാനത്താവളത്തിൽനിന്ന് 88 കിലോമീറ്ററും തിരുവനന്തപുരത്തുനിന്ന് 110 കിലോമീറ്ററുമാണ് നിർദിഷ്ട വിമാനത്താവളത്തിലേക്കുള്ള ദൂരം. 150 കിലോമീറ്ററിനുള്ളിൽ പുതിയ വിമാനത്താവളത്തിനു സാധാരണഗതിയിൽ അനുമതി നൽകാറില്ല. അതു മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ റൺവേ വികസനം അടക്കമുള്ള കാര്യങ്ങളിലെ പരിമിതികൾ പരിഗണിക്കണം.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളുകളിൽനിന്നുള്ള സിഗ്നലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യതയുണ്ട്. അതിനിടെ ഡിജിസിഎയും എയർപോർട്‌സ് അഥോറിറ്റിയും ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി തയാറാക്കുകയാണെന്നു വിമാനത്താവളപദ്ധതിയുടെ സ്‌പെഷൽ ഓഫിസർ വി. തുളസീദാസ് പ്രതികരിച്ചു. കൺസൽറ്റൻസിയുമായി കഴിഞ്ഞ ദിവസം യോഗമുണ്ടായിരുന്നു. ഇവർ തയാറാക്കുന്ന മറുപടി പരിശോധിച്ച് അടുത്തദിവസം മന്ത്രാലയത്തിനു നൽകും.
കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിലും ഇതേ നടപടികൾ സ്വീകരിച്ചിരുന്നു. പദ്ധതിക്കു പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രൂപരേഖയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ തയാറാണെന്നു കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങളും സൂചിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ