കോട്ടയം: പണമെന്ന വ്യാജേന കയ്യിൽക്കരുതി കൊണ്ടു വന്ന കടലാസ് പൊതി നൽകി 94,000 രൂപ വില വരുന്ന ഐഫോൺ തട്ടിയെടുത്ത് ഓടിയ യുവാവ് പിടിയിൽ. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ പ്ലാവിളയിൽ വിഷ്ണുവിനെയാണ് (29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഫോൺ വിൽപ്പനയ്ക്കിടെയാണ് യുവാവ് ഫോണുമായി രക്ഷപ്പെടാൻ ശ്രമിച്ചത്. നാട്ടുകാർ കയ്യോടെ പിടികൂടുകയും ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയും ആയിരുന്നു.

ആലപ്പുഴ നീലംപേരൂർ സ്വദേശിയായ ഡോണിയുടെ ഐഫോണാണ് തിരുനക്കര ഭാഗത്തെ ഇടവഴിയിൽ വച്ച് ഞായർ വൈകിട്ടോടെ വിഷ്ണു തട്ടിയെടുത്തത്. സംഭവം ഇങ്ങനെ: പഴയ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റ് വഴി ഡോണി ഐഫോൺ വിൽപനയ്ക്കു വച്ചു. പരസ്യം കണ്ടു ഫോൺ വാങ്ങാൻ താൽപര്യമുണ്ടെന്ന് വിഷ്ണു അറിയിക്കുകയും തിരുനക്കര ഭാഗത്ത് വിളിച്ചുവരുത്തുകയുമായിരുന്നു. ഇവിടത്തെ ഇടവഴിയിൽ വച്ച് ഡോണിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങിയ വിഷ്ണു കറൻസി നോട്ടുകളെന്ന വ്യാജേന കടലാസ് പൊതി നൽകി. ഡോണി പൊതി അഴിച്ചു നോക്കിയപ്പോഴാണ് വെള്ള പേപ്പറുകൾ അടുക്കിവച്ചത് കണ്ടത്. ഇതിനിടെ വിഷ്ണു രക്ഷപ്പെടാൻ ഓടിയെങ്കിലും നാട്ടുകാർ പിടികൂടി.

സ്ഥലത്ത് എത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണ, എസ്‌ഐ ടി.ശ്രീജിത്ത്, സിപിഒ മുഹമ്മദ് ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 2009ൽ നഗരത്തിലെ വെട്ടുകേസ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.