ദ്യ താലിബാന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന കാട്ടുനീതികൾ അഫ്ഗാനിൽ തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുന്നു. നേരത്തേ അഫ്ഗാൻ താലിബാൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ കടുത്ത ശിക്ഷകൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുല്ല നൂറുദ്ദീൻ തുറാബിയുടെ പ്രസ്താവന ഇതിന്റെ തെളിവാണ്. മോഷ്ടാക്കളുടെ ഒരു കാലും ഒരു കൈയും വെട്ടുമെന്നാണ് ഈ താലിബാൻ നേതാവ് പ്രഖ്യാപിച്ചത്. ഒരു കാലും ഒരു കണ്ണും മാത്രമുള്ള ഇയാൾ താലിബാന്റെ സ്ഥാപകരിൽ ഒരാളാണ്. ഇപ്പോൾ ഭരണത്തിന്റെ യഥാർത്ഥ നിയന്ത്രണവും ഇയാളുടെ കൈകളിലാണെന്നാണ് സൂചനകൾ ലഭിക്കുന്നത്.

കഴിഞ്ഞ ഭരണകാലത്ത് ഇത്തരത്തിലുള്ള ക്രൂര ശിക്ഷകൾ നടപ്പിലാക്കിയിരുന്നത് പലപ്പോഴും പരസ്യമായിട്ടു തന്നെയായിരുന്നു. മറ്റു രജ്യങ്ങൾ ഇക്കാര്യത്തിൽ ഇടപെടരുതെന്ന് മുല്ല നുറൂദ്ദീൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലും മറ്റുമായി തങ്ങൾ ഇത്തരം ശിക്ഷാവിധികൾ നടപ്പിലാക്കിയപ്പോൾ ലോകരാജ്യങ്ങൾ തങ്ങളെ വിമർശിച്ചു എന്നും എന്നാൽ, തങ്ങൾ അവരുടെ രാജ്യങ്ങളിലെ നിയമങ്ങളേയോ നീതിനിർവ്വഹണ രീതികളേയോ ഒരിക്കലും വിമർശിച്ചിട്ടില്ലെന്നും ഇയാൾ ഇന്നലെ കാബൂളിൽ മാധ്യമങ്ങളോട് പറഞ്ഞൂ.

തങ്ങളുടെ നിയമം എങ്ങനെയുള്ളതായിരിക്കണമെന്ന് ആരും പറയേണ്ടതില്ലെന്നും, തങ്ങൾ ഇസ്ലാമിക നിയമമാണ് പിൻതുടരുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു. വിശുദ്ധ ഖുറാനെ അടിസ്ഥാനമാക്കിയായിരിക്കും തങ്ങൾ നിയമങ്ങൾ രൂപപ്പെടുത്തുക എന്നും അയാൾ അറിയിച്ചു. താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ തന്നെ, രാജ്യം പഴയ ഇരുണ്ടകാലങ്ങളിലേക്ക് തിരികേ പോകുമോ എന്ന് നിരീക്ഷിക്കുകയാന് ലോക രാജ്യങ്ങൾ. ആ ഭയം അസ്ഥാനത്തല്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നതും.

പഴയ താലിബാൻ ഭരണകാലാത്ത് കാബൂളിലെ സ്പോർട്സ് സ്റ്റേഡിയത്തിലും ഈദ് ഗാഹ് മോസ്‌കിന്റെ പരിസരത്തും നടത്തിയിരുന്ന ശിക്ഷാനടപടികളെ ലോകരാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മിക്കവാറും അയാളുടെ കുടുംബത്തിലെ അംഗങ്ങളിലൊരാളെ കൊണ്ടുതന്നെ തലയിൽ വെടിവെച്ച് കൊല്ലുകയായിരുന്നു സാധാരണ രീതി. അതേസമയം പണം നൽകി ശിക്ഷയിൽ നിന്നും ഒഴിവാകുവാനുള്ള അവസരവും ഒരുക്കിയിരുന്നു. മോഷ്ടാക്കളുടെ കൈ വെട്ടിമാറ്റുകയായിരുന്നു അന്നത്തെ രീതി.

ശിക്ഷാവിധി നടപ്പിലാക്കിയിരുന്നത് പരസ്യമായിട്ടായിരുന്നെങ്കിലും വിചാരണയും കുറ്റം വിധിക്കലും രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. ഇസ്ലാമിക പണ്ഡിതന്മാർക്ക് ധാരാളം അധികാരങ്ങൾ നൽകുന്ന നീതിന്യായ സംവിധാനമായിരുന്നു മുൻ താലിബാന്റെ കാലത്തുണ്ടായിരുന്നത്. ഇത്തവണ പണ്ഡിതന്മാർക്ക് പകരം വനിതകൾ ഉൾപ്പെടെയുള്ള ജഡ്ജിമാരായിരിക്കും കേസ് കേൾക്കുക. എന്നിരുന്നാലും, ശിക്ഷാവിധികൾ പഴയതുതന്നെയായിരിക്കും എന്നാണ് ഒരു താലിബാൻ വക്താവ് പറഞ്ഞത്. ശിക്ഷാവിധി നടപ്പിലാക്കുന്നതിനു മുൻപായി അവരെ പരസ്യമായി നഗരപ്രദക്ഷിണം നടത്തി നാണംകെടുത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു.

ഇത്തരം ശിക്ഷാവിധികൾ നടപ്പിലാക്കുവാനുള്ള പ്രധാന ചുമതലയുണ്ടായിരുന്ന മുല്ലാ നുറുദ്ദീനാണ് പുതിയ താലിബാൻ സർക്കാരിന്റെ കാലത്ത് ജയിലുകളുടെ ചുമതലയുള്ളത്. പുരുഷന്മാർ മാത്രമടങ്ങിയ മന്ത്രിസഭയിലെ ഒരംഗം കൂടിയാണിയാൾ. തങ്ങൾ മാറിയെന്ന് താലിബാൻ അവകാശപ്പെടുമ്പോഴും അതിൽ വലിയ കാര്യമൊന്നുമില്ലെന്നു തന്നെയാണ് അനുമാനിക്കേണ്ടത്. ഏതായാലും, ഇതുവരെ ഐക്യരാഷ്ട്ര സഭ താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടില്ല.