- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേവിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്; സെപ്റ്റംബർ 28 ലോക റാബീസ് ദിനം
തിരുവനന്തപുരം: സെപ്റ്റംബർ 28 ലോക റാബീസ് ദിനമായി ആചരിക്കുമ്പോൾ പേ വിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വർഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം. ഇന്ത്യയിലും പേവിഷബാധ നിയന്ത്രണ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. സംസ്ഥാനത്തും പേവിഷബാധയ്ക്കെതിരെ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏൽക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും, 2030 ഓടെ പേവിഷബാധ മൂലമുള്ള മരണ സംഖ്യ പൂജ്യമാക്കി സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റാബീസ്: 'വസ്തുതകൾ അറിയാം, ഭീതി ഒഴിവാക്കാം' (RABIES : FACTS, NOT FEAR) എന്നതാണ് 2021ലെ ലോക റാബീസ് ദിന സന്ദേശം. ശാസ്ത്രീയ വസ്തുതകൾ അറിയുക, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക, ശാസ്ത്രീയ തത്വത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ രോഗ നിയന്ത്രണം സാധ്യമാക്കുക. അശാസ്ത്രീയമായ കുപ്രചരണങ്ങൾ ശ്രദ്ധിക്കാതെ രോഗവ്യാപനത്തിന്റെ അടിസ്ഥാന തത്വങ്ങൾ അറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രധാനം.
എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി നിസാരമായി കാണരുത്. ആദ്യമായി കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകുക. പേ വിഷബാധയുടെ അണുക്കളിൽ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാൽ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു. പട്ടി കടിച്ചാൽ എത്രയും വേഗം സർക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ഐ.ഡി.ആർ.വി., ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ ചികിത്സകളാണ് നൽകുന്നത്. ഐ.ഡി.ആർ.വി. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിൻ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ലാ, ജനറൽ ആശുപത്രികളിലും ലഭ്യമാണ്.
നായ്ക്കൾ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താൽ കടിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങൾ ഭക്ഷണം കഴിക്കുക, കൂടിനുള്ളിൽ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുക എന്നീ സന്ദർഭങ്ങളിൽ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽ നിന്നും അകലം പാലിക്കുക. വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തിലൂടെ നടപ്പിലാക്കേണ്ടതാണ്. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെ ബോധവത്കരണ പരിപാടികളും ശക്തിപ്പെടുത്തും.