ഇസ്‌ലാമാബാദ്: ആരെതിർത്താലും താലിബാനുമായി കൈകോർക്കാൻ ചൈന. താലിബാൻ പാക്കിസ്ഥാൻ ചൈന അച്ചുതണ്ടിനു കളമൊരുങ്ങുകയാണ്. ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ ഭാഗമാകാൻ താലിബാനും ഒരുങ്ങുന്നുവെന്നാണു റിപ്പോർട്ട്. 60 ബില്യൻ ഡോളറിലേറെയാണു സിപിഇസി പദ്ധതിയുടെ ആകെ മൂല്യം.

സിപിഇസിയുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനുമായി ചർച്ച നടത്തിയതായി കാബുളിലെ പാക്ക് അംബാസഡർ മൻസൂർ അഹമ്മദ് ഖാൻ അറിയിച്ചു. സിപിഇസിയിൽ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടെന്ന് ഈ മാസം ആദ്യം താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞിരുന്നു. താലിബാൻ അധികാരമേറിയതോടെ അഫ്ഗാനിൽ ചൈനീസ് സാന്നിധ്യം കൂടും. ഇതു ശരിവയ്ക്കുന്നതാണു പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യയും അമേരിക്ക അടക്കമുള്ള മറ്റ് രാജ്യങ്ങളും ഇതിൽ ആശങ്കയിലാണ്.

ശ്രീലങ്കയെ കടക്കണിയിലാക്കിയത് ചൈനയുടെ വായ്പാ തന്ത്രമായിരുന്നു. വികസനത്തിനും മറ്റും കൊള്ളപ്പലിശയ്ക്ക് കടം കൊടുത്തു. അതിന് ശേഷം തുറമുഖങ്ങൾ പോലും എഴുതി വാങ്ങി. ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്താനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നിൽ. സമാന ഇടപെടലുകൾ അഫ്ഗാനിലും ചൈന നടത്തുന്നുണ്ട്. ഇന്ത്യ വികാരം എതിരാക്കി മുതലെടുക്കാനാണ് അഫ്ഗാനം പാക്കിസ്ഥാൻ കൂടെ നിർത്തുന്നത്. താലിബാനിലൂടെ കാശ്മീരിൽ യുദ്ധമാണ് അവരുടെ ലക്ഷ്യം.

ഇതുവരെ ഇന്ത്യയുമായി പരസ്യ ഏറ്റുമുട്ടലിന് ചൈന തയ്യാറായിട്ടില്ല. എന്നാൽ അതിർത്തിയിലും മറ്റും ഉണ്ടായ സംഭവവികാസങ്ങളിൽ ചൈനയുടെ മനസ്സ് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് താലിബാൻ-പാക്കിസ്ഥാൻ കൂട്ടുകെട്ട് ശക്തമാക്കാൻ ചൈന ഒരുങ്ങുന്നത്. ഇത് തീവ്രവാദത്തിന് കൂടുതൽ കരുത്തു പകരുമെന്ന് ഇന്ത്യയും തിരിച്ചറിയുന്നു. സാർക്ക മേഖലയിൽ അസ്വസ്ഥത ശക്തമാക്കാനേ ഇത് ഉപകരിക്കൂ. 2015 ഏപ്രിലിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ചേർന്നാണു സിപിഇസി ലോഞ്ച് ചെയ്തത്. ഇതിലേക്കാണ് താലിബാനേയും കൊണ്ടു വരുന്നത്.

'പ്രാദേശിക കണക്ടിവിറ്റി ആയിരുന്നു അഫ്ഗാൻ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സിപിഇസി വളരെ പ്രധാനപ്പെട്ട പദ്ധതിയാണ്. ധാരാളം അവസരങ്ങൾ ലഭ്യമാക്കും. മികച്ച അടിസ്ഥാന സൗകര്യ വികസനം, ഊർജ ലഭ്യത എന്നിവ അഫ്ഗാനും പാക്കിസ്ഥാനും ഇടയിൽ സാധ്യമാക്കുന്നതാണിത്. ദക്ഷിണേഷ്യയെ മധ്യേഷ്യയുമായി ബന്ധിപ്പിക്കാനും സഹായകമാണ്. സിപിഇസിയിലൂടെ അഫ്ഗാനും പാക്കിസ്ഥാനും മാത്രമല്ല, ചൈന, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾക്കും വികസനമുണ്ടാകും.' കാബുളിലെ പാക്ക് അംബാസഡർ മൻസൂർ അഹമ്മദ് ഖാൻ വാർത്താ ഏജൻസി റോയിട്ടേഴ്‌സിനോടു പറഞ്ഞു.