ഇരിട്ടി: സ്‌കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം ഉളിക്കലിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഉളിക്കൽ മണിക്കടവ് സെന്റ് തോമസ് പള്ളിക്കുള്ളിൽ ഇടവകാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. പാരീഷ് കൗൺസിൽ മീറ്റിങ് ചേരുന്നതിനിടയിൽ ഗ്രൗണ്ട് സംരക്ഷണ സമിതി പ്രവർത്തകർ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ ഇടവകാ വികാരി പാരീഷ് കൗൺസിൽ നിർത്തിയതായി അറിയിച്ചു. എന്നാൽ വികാരിയും കൂട്ടരും പുറത്തേക്കിറങ്ങാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ വാതിലുകൾ ഉള്ളിൽ നിന്നും അടയ്ക്കുകയും സംഭവത്തിന് തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പള്ളിയുടെ കീഴിലുള്ള മണിക്കടവ് ഹൈസ്‌കൂൾ കെട്ടിടം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനിടയിലാണ് ബുധനാഴ്‌ച്ച പകൽ നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. സ്‌കൂൾ ഗ്രൗണ്ടിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. സ്‌കൂൾ ഗ്രൗണ്ടും നിലവിൽ ഉപയോഗിക്കുന്ന കുഴൽക്കിണറും ഇല്ലാതാക്കിയുള്ള നിർമ്മാണം അനുവദിക്കില്ലെന്നും മറ്റൊരിടത്ത് കെട്ടിടം നിർമ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

എന്നാൽ കേന്ദ്ര വിദ്യാഭ്യാസ നയമനുസരിച്ച് ഹൈസ്‌കൂൾ എന്നൊരു ആശയം ഇല്ലെന്നും യു പി,ഹയർസക്കന്ററി വിഭാഗങ്ങൾ മാത്രമാണെന്നും അതിനാൽ ഹൈസ്‌കൂളിന് മാത്രമായി കെട്ടിടം നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് പള്ളിയുടെ നിലപാട്. പൊതുയോഗം കൂടി കെട്ടിടം പണിയാൻ തീരുമാനിച്ചുവെന്നും സ്‌കൂൾ ഗ്രൗണ്ട് നഷ്ടപ്പെടുത്താതെ നിർമ്മാണം നടത്താമെന്ന് തലശ്ശേരി ബിഷപ്പിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായെന്നും ഇവർ പറയുന്നു..രണ്ട് സോണുകളായി പാരിഷ് കൗൺസിൽ യോഗം ചേർന്ന് പുതിയ പ്ലാൻ ഇടവകയെ ബോധ്യപ്പെടുത്താൻ നീക്കം നടക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത് ബഹളത്തെ തുടർന്ന് ഉളിക്കൽ പൊലീസ് പള്ളിയിലെത്തി സ്ഥിതി ശാന്തമാക്കി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് വിശ്വാസികൾ പറയുന്നത്.