- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ യശസ്സ് ഉയർത്തുന്ന പ്രവർത്തനങ്ങളിൽ മുഴുകുമെന്ന പ്രതിജ്ഞ എപ്പോഴും മനസ്സിൽ കരുതണം; ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിയത് പൊലീസിന്റെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തവും മഹാമാരിയുമൊക്കെ അനുഭവിക്കേണ്ടിവന്ന പൊതുജനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ യഥാർഥ സംരക്ഷകരായത് പൊലീസാണ്. പൊലീസിന്റെ യശസ്സ് ഉയർത്താനാകുന്നവിധമുള്ള പ്രവർത്തനങ്ങളിൽ മുഴുകുമെന്ന പ്രതിജ്ഞ എപ്പോഴും മനസ്സിൽ കരുതാൻ പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ നടന്ന ഇ-പാസ്സിങ് ഔട്ട് പരേഡിൽ 135 പേരാണ് പ്രതിജ്ഞ ചൊല്ലി പൊലീസ് സേനയുടെ ഭാഗമായത്. പൊലീസിന്റെ വാർത്താവിനിമയസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ എട്ടാമത് ബാച്ചാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. മികച്ച ഔട്ട് ഡോർ കേഡറ്റായി മിഥുൻ രാജും മികച്ച ഇൻഡോർ കേഡറ്റായി ഷാരോൺ കുമാറും തിരഞ്ഞെടുക്കപ്പെട്ടു. ആകാശ്. എസ് ആണ് മികച്ച ഷൂട്ടർ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചതിനുള്ള അവാർഡ് എൽ. ഉണ്ണിക്കൃഷ്ണന് ലഭിച്ചു.
സേനയുടെ ഭാഗമായ 135 പേരിൽ 84 പേർ ബി.ടെക്ക് ബിരുദധാരികളാണ്. വിവിധ വിഷയങ്ങളിൽ ബിരുദാനന്തരബിരുദധാരികളായ 15 പേരും ബിരുദധാരികളായ നാല് പേരും പരിശീലനം പൂർത്തിയാക്കി. ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടാതെ ഡ്രൈവിങ്, യോഗ, നീന്തൽ, വിവിധ ആയോധനകലകൾ എന്നിവയിലും ഇന്ത്യൻ ഭരണഘടന, മനുഷ്യാവകാശം, പൊലീസ് മാന്വൽ, വിവിധ നിയമങ്ങൾ എന്നിവയിലും ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
കോവിഡ് രൂക്ഷമായപ്പോൾ പരിശീലനം താത്കാലികമായി നിർത്തിവെച്ചുവെങ്കിലും ഓൺലൈനിൽ പരിശീലനം നൽകിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് വിവിധ ജില്ലകളിൽ ഇവരുടെ സേവനം വിനിയോഗിക്കുകയുണ്ടായി.
പാസ്സിങ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ, പരിശീലന വിഭാഗം ഐ.ജി പി.വിജയൻ, ടെലികമ്മ്യൂണിക്കേഷൻ വിഭാഗം എസ്‌പി ആമോസ് മാമ്മൻ, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ.എൽ.ജോൺകുട്ടി എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ