തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വാട്ടാസാപ്പ് ഗ്രൂപ്പിൽ വർഗ്ഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ എസ്‌പി.സി ചുമതലയിൽ നിന്നും മാറ്റി. വർക്കല പൊലീസ് സ്റ്റേഷനിലെ സി.പി.ഓ ഇർഷാദിനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്.

പാർലമെന്റിനെയും പാർലമെന്റ് മെമ്പറെയും അപകീർത്തിക്കുകയും മഹാത്മാ ഗാന്ധിയുടെ ഘാതകരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്നും വീണ്ടും ഗാന്ധിജിയെ കൊല്ലുന്നുവെന്നുമാണ് ഉദ്യോഗസ്ഥൻ ശബ്ദ സന്ദേശത്തിൽ പറഞ്ഞത് എന്നും ബിജെപി വർക്കല മണ്ഡലം കമ്മറ്റി പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ നൽകിയ പരാതിയിൽ പറയുന്നു. വർക്കല ഡി.വൈ.എസ്‌പിക്കാണ് ആദ്യം പരാതി നൽകിയത്. പരാതി ലഭിച്ചയുടനെ തന്നെ എസ്‌പി.സി ചുമതലയിൽ നിന്നും മാറ്റി. എന്നാൽ പൊലീസുദ്യോഗസ്ഥനെതിരെ മറ്റ് നിയമ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി.

അതേ സമയം വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം പരാമർശം നടത്തിയ പൊലീസുദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിലാണ് വർക്കല ഗവ.മോഡൽ ഹയർസെക്കണ്ടറി സ്‌ക്കൂളിലെ എസ്‌പി.സി വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇർഷാദ് സന്ദേശമയച്ചത്. സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തേക്ക് അറിഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തുകയും പരാതി നൽകുകയുമായിരുന്നു. നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ പ്രവർത്തിച്ചാൽ വലിയ ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഇത്തരക്കാരെ സേനയിൽ നിന്നും പുറത്താക്കുകയുമാണ് വേണ്ടത് എന്നും സജി.പി.മുല്ലനല്ലൂർ പറഞ്ഞു. ചരിത്ര സംഭവം മാത്രമാണ് താൻ പറഞ്ഞതെന്ന് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് ലഭിക്കുന്ന വിവരം