രു ആഴ്‌ച്ചയിൽ ഇത് രണ്ടാം തവണയാണ് ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കുന്നത്. ഇന്നലെ പല ഉപഭോക്താക്കൾക്കും ഈ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ ആകാതെവന്നു. കഴിഞ്ഞ ദിവസം തുടർച്ചയായ ഏഴു മണിക്കൂർ പ്രവർത്തന രഹിതമായതായിരുന്നു ഫേസ്‌ബുക്കിന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ. ആ പ്രശ്നങ്ങൾ പരിഹരിച്ച് സർവ്വറുകൾ അപ്ഡേറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇന്നലെ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതോടെ ഈ രംഗത്തെ ഫേസ്‌ബുക്കിന്റെ കുത്തക അവസാനിപ്പിക്കണം എന്ന മുറവിളികൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞദിവസം ഫേസുബുക്കും ഇൻസ്റ്റാഗ്രാമും വാട്സ്അപുമൊക്കെ വ്യാപകമായി പ്രവർത്തന രഹിതമായെങ്കിൽ, ഇന്നലെ ഭാഗികമായിട്ടായിരുന്നു പണിമുടക്ക്. പലർക്കും ഇവയുടെ സേവനം ലഭിക്കാതെ പോയപ്പോൾ, ചുരുക്കം ചിലർക്ക് പ്രശ്നങ്ങൾ ഇല്ലാതെ ഇവ ഉപയോഗിക്കുവാനും സാധിച്ചിരുന്നു. വെബ് മോണിറ്ററിങ് ഗ്രൂപ്പ് ആയ ഡൗൺ ഡിറ്റക്ടർ പറയുന്നത് വെള്ളിയാഴ്‌ച്ച ഗ്രീനിച്ച് മീൻ ടൈം ഏകദേശം വൈകിട്ട് ഏഴുമണിയോടെ 2000 പേരോളം ഫേസ്‌ബുക്ക് ഉപയോഗിക്കാനാവില്ലെന്ന പരാതി അയച്ചു എന്നാണ്. അതേസമയം, ഫേസ്‌ബുക്ക് മെസഞ്ചറിനെ ഇത് കാര്യമായി ബാധിച്ചില്ല. 800 പരാതികൾ മാത്രമാണ് മെസഞ്ചറിനെ കുറിച്ച് ഈ സമയം കൊണ്ട് ലഭിച്ചത്.

സങ്കേതികരംഗത്തെ ഭീമന്മാരായ ഫേസ്‌ബുക്കിനെ കൂടുതലായി ആശ്രയിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യുന്നതായിരുന്നു തിങ്കളാഴ്‌ച്ച ഉണ്ടായ പ്രശ്നങ്ങൾ, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫേസ്‌ബുക്ക്, മെസെഞ്ചർ, വാട്സ്അപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടേ സേവനം ഏഴുമണിക്കൂറുകളോളമായിരുന്നു ലഭിക്കാതെ പോയത്. ഇന്നലെയും സമാനമായ സാഹചര്യം ഉണ്ടായതോടെ ഈ രംഗത്തെ ഫേസ്‌ബുക്കിന്റെ മേധാവിത്വം ചോദ്യം ചെയ്ത് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ഏഴരമണിയോടെ പ്രശ്നങ്ങൾ ആരംഭിച്ചെങ്കിലും 8:20 ആയപ്പോഴാണ് ഇക്കാര്യം ഫേസ്‌ബുക്ക് ട്വിറ്ററിലൂടെ അറിയിക്കുന്നത്. തങ്ങളുടേ ചില സേവനങ്ങൾ, ചില ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നറിയുന്നു എന്നും, അത് നേരെയാക്കാനുള്ള നടപടികൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്നുമായിരുന്നു അവർ ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവിച്ച ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഫേസ്‌ബുക്കിന് പൊങ്കാലയുമായി ജനം ട്വിറ്ററിൽ തിരക്കുകൂട്ടാൻ തുടങ്ങി. ട്വിറ്ററിന്റെ കാര്യക്ഷമത ചിലർ എടുത്തുകാട്ടുന്നുമുണ്ടായിരുന്നു.

തിങ്കളാഴ്‌ച്ചത്തെ സാങ്കേതിക പിഴവിൽ ഫേസ്‌ബുക്കിന് ഏകദേശം 100 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഓഹരി മൂല്യം 5 ശതമാനം ഇടിയുകയും ചെയ്തു. അതേസമയം മറുഭാഗത്ത് ഫേസ്‌ബുക്കിലെ മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ ഫേസ്‌ബുക്കിന്റെ നയങ്ങളെ തുറന്നെതിർത്ത് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ധാർമ്മികതയേക്കാൾ ഏറെ കമ്പനി പ്രാധാന്യം കൊടുക്കുന്നത് ലാഭത്തിനാണെന്നാണ് ഇവരുടെ വാദം. ഫ്സ്ബുക്കിന്റെ പല ഉദ്പന്നങ്ങളും കുട്ടികൾക്ക് ദോഷകരമാണെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം സെനറ്റ് പാനലിനു മുൻപിലും അവർ തെളിവുകൾ നിരത്തി തന്റെ വാദം ഉയർത്തിയിരുന്നു.

എന്നാൽ, അവരുടെ അവകാശവാദങ്ങൾ ഒക്കെയും നിഷേധിക്കുകയാണ് ഫേസ്‌ബുക്ക്. കേവലം രണ്ടു വർഷം മാത്രം പ്രൊഡക്ട് മാനേജരായി ജോലിചെയ്ത അവർക്ക് കമ്പനിയുടെ നയപരമായ തീരുമാനങ്ങൾ എടുക്കുന്ന തലത്തിലേക്ക് എത്താനാവുമായിരുന്നില്ല എന്ന് പറഞ്ഞ കമ്പനി അതുകൊണ്ടുതന്നെ അവർക്ക് അതുസംബന്ധിച്ച യഥാർത്ഥ റിപ്പോർട്ടുകൾ അപ്രാപ്യമാണെന്നും പറയുന്നു.