ര ബില്ല്യൺ ഡോളറിന്റെ വിമാനം പറാന്നത് കേവലം ഒരു വർഷം മാത്രം. 85 മില്ല്യൺ ഡോളർ മുടക്കി പണിത ഹോട്ടൽ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ല. അഫ്ഗാൻ സൈന്യത്തിനു നൽകിയ യൂണിഫോമിലെ പ്രത്യേക ഡിസൈനുവേണ്ടി ചെലവാക്കിയത് 28 മില്ല്യൺ ഡോളർ അധികമായി. ഇതിനെല്ലാം പുറമെ പണിതുയർത്തിയ ഒരു ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത് മെഡിറ്ററേനിയൻ കടലിനു നടുവിലും.

പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ എസ് ആർ ടി സി കൊട്ടാരത്തിന്റെയും കഥകളൊക്കെ വായിച്ച് മനസ്സു നിറഞ്ഞ മലയാളികൾക്ക് പോലും താങ്ങാനാകാത്ത അഴിമതിക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനെന്ന പേരിൽ അമേരിക്ക 20 വർഷങ്ങൾ കൊണ്ട് ചെലവാക്കിയത് 2 ട്രില്യൺ (2 ലക്ഷം കോടി) ഡോളറാണ്. എന്നാൽ ഇപ്പോൾ നടത്തിയ ഒരു ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇതിൽ ഏറെ തുകയും കടലിൽ കായം കലക്കുന്നതുപോലെ എങ്ങോ പോയ്മറഞ്ഞു എന്നാണ്.

ഏകദേശം 145 ബില്ല്യൺ ഡോളറിന്റെ പുനരുദ്ധാരണ ഫണ്ട് പാഴാക്കികളഞ്ഞു എന്ന ആരോപണമുയർന്നപ്പോൾ അമേരിക്കൻ കോൺഗ്രസ്സ് ഒരു സ്പെധ്യൽ ജനറൽ ഫോർ അഫ്ഗാൻ റീകൺസ്ട്രക്ഷൻ എന്ന സംവിധാനമൊരുക്കി 2008-ൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇവർ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പിന്നീട് സുരക്ഷ കാരണമായി പറഞ്ഞ് വെബ്സൈറ്റുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതിപാദിച്ച പത്ത് ഉദാഹരണങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളുടെ അന്വേഷണഫലമായി സി എൻ എൻ സ്വരൂപിച്ച് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. പൊതുഖജനാവിലെ പണം എങ്ങനെ പാഴാക്കാം എന്നതിന്റെ ഉത്തമോദാഹരണങ്ങളായി മാറുകയാണ് ഈ പത്തു സംഭവങ്ങൾ.

കാബൂളിലെ വൈദ്യൂതോദ്പാദന കേന്ദ്രം

അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരത്തിലെ വൈദ്യൂതക്ഷാമം പരിഹരിക്കുവാനായിട്ടായിരുന്നു താരാഖിൽ വൈദ്യൂത നിലയം 2007-ൽ സ്ഥാപിച്ചത്. തികച്ചും ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച ഈ നിലയം പ്രവർത്തിക്കുന്നത് ഡീസലിലാണ്. ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള വൈദ്യൂതി വിതരണം നിലച്ചാലും അഫ്ഗാൻ തലസ്ഥാനം ഇരുട്ടിലാഴാതെ നോക്കുക എന്നതായിരുന്നു ഈ വൈദ്യൂത നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രധാന ഉദ്ദേശ്യം.

ഈ മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രശസ്തരായ കമ്പനിയായിരുന്നു ഇതിന്റെ യന്ത്ര സാമഗ്രികളും മറ്റു അനുബന്ധ ഉദ്പന്നങ്ങളും നൽകിയത്. ഗുണമേന്മയിൽ ലോകോത്തരമായ ഉപകരണങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. എന്നാൽ, ഒരു പ്രധാന കാരണം ഇവിടെ ശ്രദ്ധിക്കാതെ പോയി. അഫ്ഗാനിസ്ഥാനിൽ എണ്ണ നിക്ഷേപമില്ല എന്നു മാത്രമല്ല, മറ്റിടങ്ങളിൽ നിന്നും റോഡുമാർഗ്ഗം ട്രാങ്കറുകളിൽ ഡീസൽ എത്തിക്കുകയും വേണം. ഇത് ഇന്ധനചെലവ് വർദ്ധിപ്പിക്കും.

335 മില്ല്യൺ ഡോളർ ചെലവാക്കിയാണ് ഈ വൈദ്യൂത ഉദ്പാദന കേന്ദ്രം നിർമ്മിച്ചതെങ്കിൽ അത് പ്രവർത്തിപ്പിക്കുവാനുള്ള ഇന്ധനം വാങ്ങുവാനായി പ്രതിവർഷം 245 മില്യൺ ഡോളർ ചെലവാക്കേണ്ട അവസ്ഥായാണ് ഈ കേന്ദ്രത്തിനുള്ളത്. അമേരിക്കൻ കോൺഗ്രസ്സ് നിയോഗിച്ച കമ്മിറ്റിയുടെ പരിശോധനയിൽ തെളിഞ്ഞത് ഇന്ധന വില താങ്ങാനാവാത്തതിനാൽ കപ്പാസിറ്റിയുടെ 2.2 ശതമാനം മാത്രമാണ് ഇത് പ്രവർത്തിക്കുന്നതെന്നാണ്. ഇന്ധനം വാങ്ങാനുള്ള ശേഷി അഫ്ഗാൻ സർക്കാരിനില്ലായിരുന്നു, ഈ വകുപ്പിൽ ധനസഹായവും ലഭിച്ചില്ല. ഫലമോ, 345 മില്ല്യൺ ഡോളറിന്റെ ഒരു നോക്കുകുത്തി പിറന്നു.

ഒരുവർഷം മാത്രം പറന്ന വിമാനങ്ങൾ തൂക്കി വിറ്റത് ആക്രി വിലയ്ക്ക്

അഫ്ഗാൻ സേനയുടെ നവീകരണം അമേരിക്കയുടെ അജണ്ടകളിൽ പ്രധാനമായ ഒന്നായിരുന്നു. ഇതിന്റെ ഭാഗമായി ആയുധങ്ങൾ ഉൾപ്പടെയുള്ള ചരക്കുകൾ അതിവേഗം നീക്കുന്നതിനായി ചരക്കു വിമാനങ്ങൾ അത്യാവശ്യമാണെന്ന് കണ്ടെത്തി. 2008-ൽ ഇതിനായി ഇറ്റാലിയൻ വിമാനമായ ജി 222 അമേരിക്കൻ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തു. പരുക്കൻ റോഡുകളിലും മറ്റും പറന്നുയരാം എന്നതായിരുന്നു ഇതിന്റെ സവിശേഷത.

അമേരിക്കൻ അന്വേഷണ സമിതിയുടെ തലവൻ ജോൺ സോപ്കോയുടെ വാക്കുകൾ കടമെടുത്താൽ, ആദ്യ ഒരു വർഷം ഈ വിമാനങ്ങൾക്ക് വലിയ തിരക്കായിരുന്നു. അഫ്ഗാന്റെ ആകാശത്തുകൂടി ഇവ തലങ്ങുംവിലങ്ങും പറന്നു. അതിനുശേഷം അന്വേഷണ സമിതി ഈ വിമാനങ്ങൾ കണ്ടെത്തുന്നത് കാബൂൾ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിലാണ്. 16 വിമാനങ്ങളായിരുന്നു 549 മില്ല്യൺ ഡോളർ മുടക്കി വാങ്ങിയത്. ഒരു വർഷം മാത്രം പ്രവർത്തിച്ച ഈ വിമാനങ്ങൾ ആറു വർഷങ്ങൾക്ക് ശേഷം 40,257 ഡോളറിന് ആക്രിസാധനങ്ങൾ വാങ്ങുന്നവർക്ക് തൂക്കി വിൽക്കുകയായിരുന്നു.

മരുഭൂയിലെ ഉപയോഗയോഗ്യമല്ലാത്ത സൈനിക കേന്ദ്രം

ഒരു പദ്ധതി ആരംഭിച്ചാൽ അത് അവസാനിപ്പിക്കാൻ കഴിയില്ലെന്നതിന്റെ മകുടോദാഹരണമായിട്ടാണ് ഹെൽമാൻഡിലെ 64,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കൺട്രോൾ സെന്റർ സോപ്പ്കോ ചൂണ്ടിക്കാട്ടുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും അപകടം പിടിച്ച മേഖലയായി കണക്കാക്കപ്പെടുന്ന ഹെൽമാൻഡിൽ 2010-ൽ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവിടെ ഒരു സൈനിക കേന്ദ്രം പണിയുവാനുള്ള തീരുമാനമായത്.

എന്നാൽ അതിവേഗം പണിപൂർത്തിയാക്കുവാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ അന്നത്തെ കമാൻഡറും യു എസ് മറൈനിലെ രണ്ട് ജനറൽമാരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അന്ന് അഫ്ഗാൻ പുനരുദ്ധാരണത്തിനുള്ള സ്പെഷ്യൽ ഇൻസ്പെക്ടർ ജനറലായിരുന്ന സോപ്കോയും ഈ പദ്ധതി വേണ്ടെന്ന തീരുമാനത്തിലെത്തിയെങ്കിലും പണി തുടർന്നുകൊണ്ടിരുന്നു. കേന്ദ്രത്തിലേക്കുള്ള റോഡുകളുടെ പണി ഉൾപ്പടെ 36 മില്ല്യൺ ഡോളർ ചെലവാക്കി പണിത ഈ കെട്ടിട സമുച്ചയം ഒരിക്കൽ പോലും ഉപയോഗിച്ചില്ല. പിന്നീട് അഫ്ഗാൻ അന്നത്തെ അഫ്ഗാൻ സർക്കാർ തന്നെ ഇത് പൊളിച്ചുമാറ്റുകയും ചെയ്തു.

വിചിത്രമായ സൈനിക യൂണിഫോമിനായി ചെലവാക്കിയത് 28 മില്ല്യൺ ഡോളറിന്റെ അധികതുക

2007-ൽ ആയിരുന്നു അഫ്ഗാൻ സൈനികർക്ക് പുതിയ യൂണിഫോം നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. അന്നത്തെ അഫ്ഗാൻ പ്രതിരോധ മന്ത്രിയായിരുന്ന വാർഡാക്ക് പറഞ്ഞത് തീർത്തും വ്യത്യസ്തമായ ഒരു യൂണിഫോം പാറ്റേൺ വേണമെന്നായിരുന്നു. കനേഡിയൻ കമ്പനിക്കായായ ഹൈപ്പർ സ്റ്റീല്ത്തിനായിരുന്നു ഇതിന്റെ ഓർഡർ നൽകിയത്. സാധാരണ ഗതിയിൽ 25 മുതൽ 30 ഡോളർ വരെ ചെലവു വരുമായിരുന്ന യൂണിഫോമിന്റെ പ്രത്യേക ഡിസൈൻ മൂലം ചെലവ് 43 മുതൽ 80 ഡോളർ വരെയായി വർദ്ധിച്ചു.

കാടുകളിലെ ഉപയോഗം സാധ്യമാക്കുന്നതിനാണ് പ്രത്യേക ഡിസൈൻ വേണമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, അഫ്ഗാന്റെ ഭൂമേഖലയിൽ വെറും 2.1 ശതമാനം മാത്രമാണ് കാടുകൾ ഉള്ളത് അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുവാനും കഴിഞ്ഞില്ല. അമേരിക്കൻ ഖജനാവിന് ഇതിനായി അധികമായി ചെലവാക്കേണ്ടി വന്നത് 28 മില്യൺ ഡോളർ ആയിരുന്നു എന്നാണ് സോപ്സ്‌കോ പറയുന്നത്.

കറുപ്പ് കൃഷി ചെറുക്കാൻ പ്രതിദിനം ചെലവാക്കിയത് 1.5 മില്ല്യൺ ഡോളർ

ലോകത്തിലെ തന്നെ കറുപ്പുകൃഷിയുടെ തലസ്ഥാനമാണ് അഫ്ഗാനിസ്ഥാൻ എന്നത് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമാണ്. തീവ്രവാദികളുടേ പ്രധാന സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നും ഇതുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് കറുപ്പ് കൃഷി ഇല്ലാതെയാക്കണമെന്ന് അമേരിക്ക ആഗ്രഹിച്ചതും. 2002 മുതൽ 2018 വരെ കറുപ്പു കൃഷി കണ്ടെത്തി നശിപ്പിക്കുന്നതിനും ഇതിനു പുറകിലുള്ളവരെ കണ്ടെത്തുന്നതിനും പ്രതിദിനം ഒന്നര മില്യൺ ഡോളർ ചെലവഴിച്ചതായാണ് സിഗാർ റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ, 2017-ലെ കറുപ്പുദ്പാനദം 2002 ൽ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയായി ഉയർന്നിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പണിതീരാത്ത റോഡുകൾക്കായി ചെലവാക്കിയത് 249 മില്ല്യൺ ഡോളർ

വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സംഭാവനകളും ധനസഹായവും സ്വരൂപിച്ച് അഫ്ഗാനു ചുറ്റുമായി ഒരു റിങ് റോഡ് നിർമ്മിക്കാനുള്ള പദ്ധതികളിൽ ഒന്നാണ് മറ്റൊരു വെള്ളാനയായി മാറിയത്. ഇതിൽ ഖൈസർ പട്ടണത്തിനും ലാമൻ പട്ടണത്തിനും ഇടയിലുള്ള 233 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയപ്പോൾ തന്നെ 249 മില്ല്യൺ ഡോളർ ചെലവായി. മൊത്തം റോഡിന്റെ 15 ശതമാനം മാത്രമാണ് പണി തീർത്തത്. 2014 മാർച്ചിനു ശേഷം ഈ റോഡ് പണി ഉപേക്ഷിക്കുകയും ചെയ്തു.

തുറന്നു പ്രവർത്തിക്കാത്ത ഹോട്ടൽ നിർമ്മാണത്തിന്റെ ചെലവ് 85 മില്ല്യൺ ഡോളർ

കാബൂളിലെ അമേരിക്കൻ എംബസിയോട് ചേർന്ന് ഒരു ഹോട്ടലും അപ്പാർട്ട്മെന്റ് കോംപ്ലക്സും പണിയുവാൻ തീരുമാനിച്ചു. അമേരിക്കൻ സർക്കാർ ഇതിനായി വായ്പ നൽകിയത് 85 മില്ല്യൺ ഡോളറായിരുന്നു. ഈ കെട്ടിടം ഇതുവരെ പണിപൂർത്തിയാക്കുവാനോ പ്രവർത്തിപ്പിക്കുവാനോ കഴിഞ്ഞിട്ടില്ല. അതിനുപുറമേ, ഇപ്പോൾ അഫ്ഗാൻ വിട്ടൊഴിയുന്നതിനു തൊട്ടുമുൻപ് വരെ ഈ കെട്ടിടത്തിന്റെ സുരക്ഷയൊരുക്കാൻ അമേരിക്കൻ സർക്കാരായിരുന്നു പണം ചെലവഴിച്ചിരുന്നത്.

മെഡിറ്ററേനിയൻ കടലിലെ ആരോഗ്യ കേന്ദ്രം

അഫ്ഗാനിസ്ഥാനിലെ പൊതു ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 510 പ്രൊജക്ടുകൾക്കായിരുന്നു അമേരിക്ക ധനസഹായം നൽകിയിരുന്നത്. എന്നാൽ, അതിൽ പതിമൂന്നെണ്ണം അഫ്ഗാൻ അതിർത്തിയിലല്ല എന്നാണ് പിന്നീട് കണ്ടെത്തിയത്. മറ്റൊന്ന് മെഡിറ്ററേനിയൻ ദ്വീപിലെ ആൾത്താമസമില്ലാത്ത ഒരു ദ്വീപിലും.189 ആരോഗ്യ കേന്ദ്രങ്ങൾക്ക് കെട്ടിടം പോലും ഇതുവരെ നിർമ്മിച്ചിട്ടില്ല. ഇതിനായി ചെലവഴിച്ച പണമെല്ലാം എവിടെപോയി എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

കൂടുതൽ വിശദമായി അന്വേഷിച്ച സമിതി പറയുന്നത് വികസനത്തിനായി ചെലവഴിച്ച തുകയിൽ വലിയൊരു തുക അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഉപയോഗിച്ചത് എന്നാണ്. ഉദാഹരണത്തിന് ഇറാഖിലെ ഓപ്പറേഷനുകൾക്ക് വേണ്ടി പെന്റഗൺ രൂപം കൊടുത്ത ടാസ്‌ക് ഫോഴ്സ് ഫോർ ബിസിനസ്സ് സ്റ്റെബിലിറ്റി ഓപ്പറേഷൻസ് 2009-ൽ അഫ്ഗാനിസ്ഥാനിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് മാത്രമായി 823 മില്ല്യൺ ചെലവായതായി കണക്കാക്കുന്നു.

89 കരാറുകൾ നൽകിയതിൽ 35.1 മില്യൺ മൂല്യമുള്ള 7 കരാറുകൾ നൽകിയത് ഈ സ്ഥാപനത്തിലെ മുൻ ജീവനക്കാരുടെ കമ്പനികൾക്കായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യാവസായിക വാണിജ്യ മേഖലകളിലെ വികസനത്തിനായി രൂപം കൊണ്ട പദ്ധതികളിലും പെന്റഗണിന്റെ ആശ്രിതർക്കാണ് കൂടുതൽ മെച്ചം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴിമതിയായി ചുരുങ്ങിയത് 19 ബില്ല്യൺ ഡോളറെങ്കിലും കൈമറിഞ്ഞതായാണ് കണക്കാക്കുന്നത്.

അമേരിക്കയുടെ സാന്നിദ്ധ്യം ഒരുപക്ഷെ അഫ്ഗാൻ ജനതയെ സ്വാധീനിക്കാതിരുന്നത് ഇതുപോലുള്ള പണിതീരാത്ത പദ്ധതികളുടേ അഴിമതിക്കഥകളാകാം എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പൊതുജനങ്ങളുടേ ഭാഗത്തുനിന്നും താലിബാന് കാര്യമായ എതിർപ്പ് നേരിടേണ്ടി വരാഞ്ഞതും ഈ അഴിമതിക്കഥകൾ കാരണമാകാം എന്നും പറയപ്പെടുന്നു.