- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിമുറിയിൽ പോകാനെത്തിയ ബാലന്റെ ദേഹത്ത് ട്രെയിനിന്റെ വാതിലിടിച്ചു; പുറത്തേക്ക് തെറിച്ചു വീണ പത്തു വയസ്സുകാരന് ദാരുണാന്ത്യം: ഇഷാന്റെ മരണം മലപ്പുറത്തേക്ക് പോകവെ കോട്ടയത്ത് വെച്ച്
കോട്ടയം: മലപ്പുറത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ പോകാനെഴുന്നേറ്റ ബാലൻ ട്രെയിനിന്റെ വാതിൽ ദേഹത്ത് ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. നിലമ്പൂർ മമ്പാട് കറുകമണ്ണ കുണ്ടൻതൊടിക സിദ്ദീഖിന്റെയും ജസ്‌നയുടെയും മകൻ ഇഷാൻ എന്ന പത്തുവയസ്സുകാരനാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസിലായിരുന്നു ഇഷാന്റെ മരണത്തിന് ഇടയാക്കിയ അപകം.
തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകവെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം മൂലവട്ടത്തായിരുന്നു അപകടം. ശുചിമുറിയിൽ പോകാനായി എത്തിയ കുട്ടി അകത്ത് ആളുള്ളതിനാൽ ശുചിമുറിക്കു സമീപം കാത്തുനിൽക്കുമ്പോൾ ഇരുമ്പുകതക് വന്നിടിച്ച് പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ഇഷാന്റെ മാതാവ് ജസ്‌നയുടെ സഹോദരി റസീദയുടെ വിവാഹം രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തായിരുന്നു. ഇതിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇഷാനും ബന്ധുക്കളും. ബന്ധുക്കളായ 17 പേരും ഇതേ കംപാർട്‌മെന്റിൽ ഉണ്ടായിരുന്നു. ഇഷാന്റെ മാതാപിതാക്കൾ യാത്രാസംഘത്തിൽ ഉണ്ടായിരുന്നില്ല.
രാത്രി പന്ത്രണ്ടോടെ ശുചിമുറിയിൽ പോകാനായി ഇഷാൻ എഴുന്നേറ്റതായി മാതൃസഹോദരീഭർത്താവ് റാഷിദ് പറഞ്ഞു. 'ജസ്‌നയുടെ മറ്റൊരു സഹോദരി ജസീനയും ഇഷാന്റെ കൂടെ പോയി. ശുചിമുറിയിൽ മറ്റൊരാൾ ഉണ്ടായിരുന്നതിനാൽ ഇഷാൻ പുറത്തു കാത്തുനിന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ ഇഷാന്റെ ദേഹത്ത് ശക്തമായി ഇടിച്ചതോടെ ഇഷാൻ തെറിച്ചു പുറത്തേക്കു വീണു. ജസീന പിടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
ബന്ധുക്കളും യാത്രക്കാരും അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ചിങ്ങവനം പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. 15 മിനിറ്റിനു ശേഷം ട്രാക്കിൽ നിന്ന് 40 മീറ്റർ അകലെ കലുങ്കിനടിയിൽ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജു പറഞ്ഞു. ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മമ്പാട് എഎംയുപി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി: ലിയാന.