കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ മരണം മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. അഴിഞ്ഞിലം ഫാറൂഖ് കോളജ് മുകളേൽ സരോജിനി (59) യുടെ മരണത്തിലാണ് മക്കൾ പരാതിയുമായി രംഗത്ത് എത്തിയത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ ഒന്നാം വാർഡിൽ പ്രവേശിപ്പിച്ചത്.

ആദ്യം അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയത്. ചില മരുന്നുകൾക്ക് അലർജിയുണ്ടെന്ന് കണ്ടതിനാൽ ആദ്യം കുറിച്ച ഇൻജക്ഷൻ കൊടുത്തിരുന്നില്ലെന്നാണ് സരോജിനിയുടെ ബന്ധുക്കൾ പറയുന്നത്. പിന്നീട് വാർഡിലേക്ക് മാറ്റി. ഇന്നലെ രാവിലെ അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചിരുന്നു. വൈകിട്ടു വാർഡിൽ നിന്ന് ഇൻജക്ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നാണ് പരാതി. ഉടനെ ഡോക്ടർമാരെത്തി സരോജിനിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സരോജിനിയുടെ മരണം സംബന്ധിച്ചു മകൾ എം.എസ്.ബിന്ദു മെഡിക്കൽ കോളജ് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി. സരോജിനിക്കു നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകളും ഇൻജക്ഷനും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ കൊടുക്കുന്നതെന്നും മരുന്നുകളൊന്നും മാറിക്കൊടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പരേതനായ ശ്രീധരനാണ് സരോജിനിയുടെ ഭർത്താവ്. മക്കൾ: ബിനു, ബിജു, ബിന്ദു.