- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാവസായികാടിസ്ഥാനത്തിൽ വീഞ്ഞ് ഉദ്പാദിപ്പിച്ചിരുന്നത് 1500 വർഷങ്ങൾക്ക് മുൻപ്; ഓരോ വർഷവും വിറ്റിരുന്നത് ഇരുപത് ലക്ഷം ലിറ്റർ വീഞ്ഞ്; അഞ്ച് ഉദ്പാദനകേന്ദ്രങ്ങളും നാല് സംഭരണശാലകളും അടങ്ങിയ സമുച്ചയത്തിൽ ജോലി ചെയ്തിരുന്നത് 1000 ൽ ഏറെപ്പേർ; ലോകത്തിലെ ഏറ്റവും വലിയ പുരാതന വീഞ്ഞു നിർമ്മാണ കേന്ദ്രത്തിന്റെ കഥ
സിരകളിൽ പടരുന്ന ലഹരിയും പുളിപ്പുകലർന്ന സ്വാദും എന്നും വീഞ്ഞിനെ ജനലക്ഷങ്ങളുടെ പ്രിയ പാനീയമാക്കിയിരുന്നു. മൺമറഞ്ഞുപോയ പല സംസ്‌കൃതികളുടെയും ജീവിതശൈലിയിൽ വീഞ്ഞിന് അതീവ പ്രാധാന്യമുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോളിൽതാ ഇസ്രയേലി പട്ടണമായ യാവ്നെയിൽ ബൈസാന്റൈൻ കാലഘട്ടത്തിലെ ഏറ്റവും വലിയ വീഞ്ഞുദ്പാദന കേന്ദ്രം കണ്ടെത്തിയിരിക്കുന്നു. രണ്ടു വർഷം നീണ്ട് ഉദ്ഖനനത്തിനൊടുവിലാണ് ഇത് കണ്ടെത്തിയത്.
വലിയ അളവിൽ, വാണിജ്യാവശ്യങ്ങൾക്കായാണ് ഇവിടെ വീഞ്ഞ് ഉദ്പാദിപ്പിച്ചിരുന്നത് എന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത്. 1500 വർഷം മുൻപ് പ്രവർത്തിച്ചിരുന്ന ഇവിടെ പ്രതിവർഷം ഇരുപത് ലക്ഷം ലിറ്റർ വീഞ്ഞുദ്പാദിപ്പിച്ചിരുന്നതായാണ് ഉദ്ഖനനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്. അഞ്ച് നിർമ്മാണ കേന്ദ്രങ്ങളും നാല് സംഭരണ ശാലകളും അടങ്ങിയതാണ് ഇപ്പോൾ കണ്ടെത്തിയ ഈ സമുച്ചയം. വീഞ്ഞ് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന വലിയ മൺഭരണികളും കൂജകളും കണ്ടെത്തിയിട്ടുണ്ട്.
ഉദ്ദേശം എ ഡി 330 നും 1453 നും ഇടയിലായിരുന്നു ബെൻസാന്റൈൻ സാമ്രാജ്യം നിലനിന്നിരുന്നത്. ലോകത്തിലെ പ്രമുഖ പുരാതന സംസ്‌കൃതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. സമുച്ചയ നിർമ്മാണത്തിലെ സങ്കീർണ്ണതകളും അതുപോലെ നിർമ്മാണ പ്രക്രിയയും പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്നതാണെന്ന് പറഞ്ഞ ഗവേഷകർ, ഇവിടെ നിർമ്മിച്ചിരുന്ന വീഞ്ഞിന്റെ അളവാണ് തങ്ങളെ അദ്ഭുതപ്പെടുത്തുന്നതെന്നും പറഞ്ഞു. ഇതുവരെ ഇസ്രയേലിൽ നടത്തിയ ഏറ്റവും വലിയ പുരാവസ്തു ഉദ്ഖനനമായിരുന്നു ഇതെന്ന് ഇസ്രയേൽ ആന്റിക്യൂറ്റീസ് അഥോറിറ്റി പറഞ്ഞു. ആഴ്‌ച്ചയിൽ അഞ്ചു ദിവസം വീതം 300 ജീവനക്കാരായിരുന്നു ഇതിനായി പ്രവർത്തിച്ചത്.
പുരാതനകാലത്ത് ഏറെ പ്രശസ്തമായ ഗസ്സ ആൻഡ് ആഷ്‌കെലോൺ വീഞ്ഞിന്റെ പ്രധാന ഉദ്പാദനകേന്ദ്രമായിരുന്നു ഇതെന്നാണ് ഗവേഷകർ പറയുന്നത്. ഇവിടെനിന്നും മെഡിറ്ററേനിയൻ തടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഇത് വിതരണം ചെയ്തിരുന്നതായും അവർ പറയുന്നു. വീര്യം കുറഞ്ഞ, വെളുത്ത നിറമുള്ള വീഞ്ഞായിരുന്നു ഇതെന്ന് വിവിധ പുരാവസ്തു സ്രോതസ്സുകളിൽ നിന്നും മനസ്സിലാക്കാവുമെന്നും അവർ പറയുന്നു.
അക്കാലത്ത് സമൂഹത്തിലെ കുലീനതയുടെ ലക്ഷണമായിരുന്നു ഈ വീഞ്ഞ്. ജസ്റ്റിൻ രണ്ടാമൻ എ ഡി 566-ൽ അധികാരമേറ്റപ്പോൾ, കീരീടധാരണ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ അത്താഴ വിരുന്നിൽ ഇത് വിളമ്പിയതായി രേഖകളിൽ പറയുന്നു. ഇതുതന്നെ ഈ വീഞ്ഞിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. പാചകശാസ്ത്രപരമായി മാത്രമല്ല, സാമ്പത്തികമായും ഈ മേഖലയുടെ പ്രത്യേകതകളിൽ ഒന്നായിരുന്നു ഈ ഇനം വീഞ്ഞ്.
ഇരുവശവും പിടികളുള്ള, കൂജയുടേ ആകൃതിയിലുള്ള ഗസ്സാ ജാറുകൾ എന്നറിയപ്പെടുന്ന മൺപാത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പൊട്ടിയ കഷ്ണങ്ങൾക്കിടയിൽ ചില പൊട്ടാത്ത പാത്രങ്ങളും ഉണ്ടായിരുന്നതായി ഉദ്ഖനനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നു. ഇവയിൽ പലതിനും പക്ഷെ, ഈ കെട്ടിട സമുച്ചയത്തേക്കാൾ പഴക്കമുണ്ട്. 2500 വർഷം വരെ പഴക്കമുള്ള പാത്രങ്ങൾ ലഭിച്ചു എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്.
ഇവിടെ യന്ത്രങ്ങളുടെ സഹായമില്ലാതെ മനുഷ്യർ തന്നെയാണ് വീഞ്ഞു നിർമ്മാണം പൂർണ്ണമായും നടത്തിയിരുന്നത്. വീഞ്ഞ് പുളീപ്പിക്കുന്ന പ്രക്രിയ നടത്തിയ ചേമ്പറുകൾക്ക് സമീപമുള്ള ഒരു പ്ലാറ്റ്ഫോമിൽ നഗ്‌നപാദങ്ങൾ കൊണ്ടാണ് മുന്തിരിങ്ങ ചതച്ച് അതിന്റെ സത്ത് എടുത്തിരുന്നത്. പിന്നീട് അവ അഷ്ടഭുജാകൃതിയിലുള്ള വലിയ ചേമ്പറുകളിൽ ശേഖരിക്കപ്പെടുമായിരുന്നു.
ഈ കെട്ടിട സമുച്ചയം ഒരു പുരാവസ്തു ശേഖരമായി സൂക്ഷിക്കുവാനാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. ഒരു ആർക്കിയോളജിക്കൽ പാർക്കിന്റെ ഭാഗമായി ഇത് പൊതുജനങ്ങൾക്ക് സന്ദർശിക്കുവാനായി തുറന്നുകൊടുക്കപ്പെടും.
മറുനാടന് ഡെസ്ക്