- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈന വിജയകരമായി പരീക്ഷിച്ച ഹൈപ്പർ സോണിക് ബഹിരാകാശ മിസൈൽ മുൻപേ അമേരിക്കയിലും റഷ്യയിലും റെഡി; ഏറെ വൈകാതെ ഇരു രാജ്യങ്ങളൂം ശക്തി തെളിയിക്കും; യു എസ് - സോവിയറ്റ് ശീതയുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ആണവായുധ അഭ്യാസങ്ങൾക്ക് കാതോർത്ത് ലോകം
പുതിയ ഹൈപ്പർസോണിക് മിസൈലിനെ കുറിച്ച് ഒരുപാട് വാചകകസർത്തൊന്നും വേണ്ട എന്നാണ് അമേരിക്ക ചൈനയോട് പറയുന്നത്. ഭൂസമീപ ഭ്രമണപഥത്തിലൂടെ മണിക്കൂറിൽ 33,500 കി മീ വേഗത്തിൽ ഭൂമിയെ വലം ചുറ്റി ഭൂമിയിലെ ലക്ഷ്യത്തിലേക്ക് ആക്രമണം അഴിച്ചുവിടാൻ കെല്പുള്ള ചൈനയുടെ പുതിയ ഹൈപ്പർസോണിക്കിനെ കുറിച്ചുള്ള വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. ശീതയുദ്ധത്തിൽ അമേരിക്കയ്ക്ക് മേൽക്കൈ ഇതോടെ നഷ്ടമാവുകയാണെന്ന വാദവും ഇതിനോടനുബന്ധിച്ച ഉയർന്നിരുന്നു. എന്നാൽ, അമേരിക്കയും റഷ്യയും വളരെ നേരത്തേ വികസിപ്പിച്ച ഹൈപ്പർസോണിക് മിസൈലുകളുടെ ശ്രേണിയിലെ മറ്റൊരു മിസൈൽ മാത്രമാണ് ചൈനയുടേതെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പതിറ്റാണ്ടുകളായി ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കയും റഷ്യയും ഏതാനും മാസങ്ങൾക്ക് മുൻപ് ഇത് വിജയകരമായി പരീക്ഷിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ, കപ്പലിൽ നിന്നും വിമാനത്തിൽ നിന്നും ആക്രമണം അഴിച്ചുവിടാൻ കഴിയുന്ന മീഡിയം റേഞ്ച് ഹൈപ്പർസോണിക് മിസൈലുകളെ കുറിച്ചുള്ള വിവരം മാത്രമാണ് അമേരിക്കയും റഷ്യയും ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. അവയ്ക്ക് ബഹിരാകാശത്തു നിന്നും ആക്രമണം അഴിച്ചുവിടാനുള്ള കഴിവില്ല.
അമേരിക്കയ്ക്ക് നിരവധി ഹൈപ്പർസോണിക് ആയുധങ്ങളുടെ പദ്ധതികളുണ്ട്. നാവിക സേനയിലും കരസേനയിലും വ്യോമസേനയിലുമായി വ്യത്യസ്തമായ പദ്ധതികളാണിവ. എന്നാൽ ഇവയിൽ പലതും ഇപ്പോഴും വികസനത്തിന്റെ ഘട്ടത്തിലാണ്. മാത്രമല്ല, വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയുമാണ്. പുറത്തു വന്ന വിവരങ്ങൾ ഏറെയും പരമ്പരാഗത രീതിയിൽ ഉയരത്തിൽ നിന്നും ഭൂമിയിലെ ലക്ഷ്യത്തെ ആക്രമിക്കുന്ന വിധത്തിലുള്ളതാണ്. കഴിഞ്ഞ ദിവസം ചൈന അവകശപ്പെട്ടതുപോലെ ബഹിരാകാശത്തുനിന്നും ആക്രമണം അഴിച്ചുവിടാൻ കെല്പുള്ളവയല്ല.
ഒരു ബോംബർ വിമാനത്തിൽ നിന്നും തൊടുത്തുവിടാവുന്ന ഇവ പിന്നീട് ഒരു സൂപ്പർസോണിക് കമ്പഷൻ റാംജെറ്റിന്റെ സഹായത്താൽ മണിക്കൂറിൽ 15,345 മൈൽ വേഗത കൈവരിച്ച് 1000 മൈൽ ചുറ്റളവിലുള്ള ലക്ഷ്യത്തെ ആക്രമിക്കും. ഡൊണാൾഡ് ട്രംപ് പരാമർശിച്ചിരുന്ന സൂപ്പർ ഡൂപ്പർ മിസൈൽ എ ജി എം 183 എ ആർ ആർ ഡബ്ല്യൂ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1725 മൈൽ ദൈർഘ്യത്തിലുള്ള ലക്ഷ്യം ഭേദിക്കാൻ കെല്പുള്ള നേവിയുടെ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ 2023 ആകുമ്പോഴേക്കും പ്രവർത്തനക്ഷമമാകും.
അമേരിക്കൻ കരസേനയുടെ ഗവേഷണ വിഭാഗമായ ഡാർപ അടുത്തിടെ എച്ച് എ ഡബ്ല്യൂ സി മിസൈലുകൾ പരീക്ഷിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇവയുടെ റേഞ്ച്, വേഗത, പേലോഡ് എന്നിവ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിലെ ഓക്സിജനാണ് ഇത് ഇന്ധനമായി ഉപയോഗിക്കുന്നത്. വിമാനത്തിൽ നിന്നും തൊടുത്തുവിടാവുന്ന രീതിയിലുള്ളതാണ് ഇതിന്റെ രൂപ കല്പന.
അതേസമയം റഷ്യ അടുത്തിടെ ഒരു മുങ്ങിക്കപ്പലിൽ നിന്നും സിർകോൺ എന്ന ഹൈപ്പർസോണിക് മിസൈൽ തൊടുത്തുവിട്ടു പരീക്ഷണം നടത്തിയിരുന്നു. അതിനുപുറമേ 2019 മുതൽ തന്നെ ആണവശേഷിയുള്ള അവാൻഗ്രാഡ് മിസൈലുകൾ റഷ്യയുടെ പക്കലുണ്ട്. സിർകോൺ മിസൈലിന് 621 മൈൽ ദൂരം വരെ മണിക്കൂറിൽ 9,800 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. എന്നാൽ, ഇതും ഭൗമന്തരീക്ഷത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഒരു ആണവയുദ്ധം ഉണ്ടാവുകയാണെങ്കിൽ അമേരിക്കൻ തീരദേശം നഗരങ്ങളെ ഇല്ലാതെയാക്കാൻ റഷ്യ ഏറ്റവുമധികം ആശ്രയിക്കുക സിർകോൺ മിസൈലുകളെ ആയിരിക്കും. സമാനതകളില്ലാത്ത മിസൈൽ എന്നാണ് പുട്ടിൻ ഇതീ വിശേഷിപ്പിച്ചത്. ഇത് അടുത്ത വർഷം മുതൽ റഷ്യയുടെ സൈന്യത്തിന് ലഭ്യമാകും.
കഴിഞ്ഞ ആഗസ്റ്റിൽ ചൈന പരീക്ഷിച്ച ഹൈപ്പർസോണിക് ഓർബിറ്റൽ ബൊംബാർഡ്മെന്റ് സിസ്റ്റം മണിക്കൂറിൽ 21,000 മൈൽ വരെ വേഗത കൈവരിക്കുന്ന ഒന്നാണ്. ആണവായുധം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് അത് ഭൂമിയെ കറങ്ങിയെത്തി ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്ന രീതിയാണ് ഇതിനുള്ളത്. ഈ ആശയം ആദ്യമായി വികസിപ്പിച്ചത് 1960 കളിൽ സോവ്യറ്റ് യൂണിയനാണ്.
ഒരു സാധാരണ പരീക്ഷണം എന്ന രീതിയിൽ ആഗസ്റ്റിൽ നടന്ന പരീക്ഷണത്തെ ലഘൂകരിച്ച് കാണാനാണ് ചൈന ശ്രമിക്കുന്നത്. എന്നാൽ തങ്ങൾ ചൈനയുടെ ഓരോ ചുവടുവെയ്‌പ്പും സസൂക്ഷമം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അമേരിക്ക പറയുന്നത്. മാത്രമല്ല, ബൈഡൻ ഭരണകൂടം ആയുധ നിർമ്മാണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
അമേരിക്കയും യൂറോപ്പും ചൈനയുടെ ഭീഷണി നേരിടുന്ന ഘട്ടത്തിൽ അമേരിക്കൻ സൈന്യം ഇനിയും ശക്തിപ്പെടേണ്ടതായി ഉണ്ടെന്നാണ് ഈ ആവശ്യമുന്നയിക്കുന്നവർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ