രു ചെറിയ ഇടവേളയ്ക്ക് ശേഷം സിറിയയിൽ വീണ്ടും ഭീകരർ തലപൊക്കുകയാണ്. തെക്കൻ സിറിയയിലെ ഒരു അമേരിക്കൻ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയാണ് അവർ തങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏതായാലും ആക്രമണത്തിൽ സൈനികരാരും കൊല്ലപ്പെടുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.

അമേരിക്കയിലെ 900 അമേരിക്കൻ സൈനികരിൽ ചിലർ താമസിക്കുന്ന അൽ-ടാൻഫ് ക്യാമ്പിലേക്കാണ് തീവ്രവാദികൾ ഡ്രോൺ ആക്രമണം നടത്തിയത്. ഐ എസ് ഐ എസിന്റെ സിറിയൻ വിഭാഗമായ ഡായേഷ് എന്ന സംഘടനയുമായി പോരാട്ടത്തിലാണ് അമേരിക്കൻ സൈനികർ.എന്നിരുന്നാലും ഈ ആക്രമണത്തിനു പുറകിൽ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇറാഖ്-സിറിയൻ അതിർത്തിയിൽ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരരെ ഫലപ്രദമായി നേരിടാൻ സിറിയൻ സൈനികർക്ക് പരിശീലനം നൽകുകയാണ് ഇവിടെ അമേരിക്കയുടെ പ്രധാന ദൗത്യം. സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക സൈന്യത്തിലെ ആർക്കെങ്കിലും പരിക്കുപറ്റിയിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഡമാസ്‌കസിൽ ഒരു സൈനിക ബസ്സിനു നേരെ ബോംബ് ആക്രമണം ഉണ്ടായിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. അതുപോലെ കഴിഞ്ഞ ബുധനാഴ്‌ച്ച വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഒരു പട്ടണത്തിൽ നടന്ന ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.

ഡമാസ്‌കസിൽ ഒരു മിലിറ്ററി ബസ്സിൽ രണ്ടു ബോംബുകളാണ് സ്ഥാപിച്ചിരുന്നത്. അതിരാവിലെ തന്നെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നു. 14 പെരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൊട്ടടുത്തായി മറ്റൊരു ബോംബു കൂടി കണ്ടെത്തി. എന്നാൽ അത് സൈന്യം നിർവീര്യമാക്കിയതിനാൽ കൂടുതൽ മരണങ്ങൾ ഒഴിവാക്കാനായി. സ്ഫോടനത്തിന് ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. അതുപോലെ മരിച്ചവരെല്ലാം ബസ്സിലെ യാത്രക്കാരായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.

സിറിയൻ തലസ്ഥാനത്ത് അടുത്തകാലത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇതിനുമുൻപ് 2017-ൽ ജസ്റ്റിസ് പാലസിനു നേരെ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 30 പേരോളം കൊല്ലപ്പെട്ടിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന കലാപം ഇനിയും അവസാനിച്ചിട്ടില്ല എന്നു തന്നെയാണ് ഈ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യ പുനർനിർമ്മാണം സാദ്ധ്യമാകുമെന്ന വിശ്വാസത്തിനാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.

2011-ൽ ഭരണമാറ്റത്തിനായി സിറിയയിൽ ആരംഭിച്ച പ്രക്ഷോഭണത്തിന്റെ ബാക്കി പത്രങ്ങളാണ് ഈ ആക്രമണങ്ങൾ എലാം തന്നെ. ഇതുവരെ ഏകദേശം മൂന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടുകഴിനു. അമ്പത് ലക്ഷത്തിലധികം പേർ അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിൽ കഴിയുകയാണ്.