ലോക പൊലീസെന്നും സാമ്രാജ്യത്വവാദികളെന്നുമൊക്കെ അമേരിക്കയെ വിളിക്കാറുണ്ടെങ്കിലും, അവിടെ നിലനിൽക്കുന്ന ശക്തമായ ജനാധിപത്യ സംവിധാനം എപ്പോഴും കൈവിട്ടുള്ള കളികളിൽ നിന്നും അമേരിക്കയെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ, ചൈനയുടെ കാര്യം അങ്ങനെയല്ല. ഭരണകൂടത്തിന് സർവ്വാധിപത്യമുള്ള ചൈനയിൽ ജനാധിപത്യത്തിനും ജനങ്ങളുട ശബ്ദത്തിനും പുല്ലുവിലയാണ്. പോരാത്തതിന് ഇപ്പോൾ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയേയും ഭരണ സംവിധാനങ്ങളേയും പൂർണ്ണമായും ചൊൽപ്പടിയിലാക്കി തികഞ്ഞ ഏകാധിപതിയായിരിക്കുകയാണ് ഷീ ജിൻപിങ്.

ഈ സാഹചര്യത്തിലാണ് അമേരിക്കൻ സൈന്യത്തിന്റെ പുതിയ ഹൈപ്പർസോണിക് മിസൈൽ സിസ്റ്റം പരീക്ഷിക്കുന്നത് നീട്ടിവെച്ചു എന്ന വാർത്തയെ ആശങ്കയോടെ ലോകം കാണുന്നത്. റോക്കറ്റിനു സംഭവിച്ച ചില സാങ്കേതിക തകരാറുകളാണ് പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തത്. ഹൈപ്പർസോണിക് ഗ്ലൈഡ് ബോഡി ഘടിപ്പിച്ച ബൂസ്റ്റർ റോക്കറ്റ്, അലാസ്‌കയിൽ നടന്ന പരീക്ഷണത്തിൽ പരാജയപ്പെട്ടു എന്ന് എ ബി സി ന്യുസും റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ നാവിക സേനയും കരസേനയും സംയുക്തമായി നടത്തുന്ന ഡാർക്ക് ഈഗിൾ എന്ന പദ്ധതിയുടെ ഭാഗമാണ് പരാജയപ്പെട്ട ഈ പരീക്ഷണം.

ഹൈപ്പർസോണിക് മിസൈൽ കംപോണന്റ് പ്രോട്ടോടൈപ്പുകൾ വിജയകരമായി വെർജീനിയയിൽ പരീക്ഷിച്ചു എന്ന് പെന്റഗൺ പ്രഖ്യാപിച്ചതിനു തൊട്ടുപുറകെയാണ് ഈ പരാജയ വാർത്ത എത്തുന്നത്. അതേസമയം, ഭൂമിയേ വലംവെച്ച് ശൂന്യാകാശത്തിലെത്തി അവിടെനിന്നും ഭൂമിയിലെ ലക്ഷ്യം ആക്രമിക്കാൻ കഴിവുള്ള ചൈനയുടെ സൂപ്പർസോണിക് ആണവ മിസൈൽ രണ്ടാമതും വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി ചൈന അറിയിച്ചു. ഓഗസ്റ്റ് 13 നാണ് രണ്ടാമത്തെ പരീക്ഷണം നടന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഒരു ലോംഗ് മാർച്ച് റോക്കറ്റിൽ ഘടിപ്പിച്ച് ബഹിരാകാശത്തേക്ക് തൊടുത്തുവിടുന്ന ഈ സാങ്കേതിക വിദ്യ അക്ഷരാർത്ഥത്തിൽ തന്നെ അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഇത് അറിയപ്പെടുന്ന ഭൗതികശാസ്ത്ര നിയമങ്ങളെയൊക്കെ നിരാകരിക്കുന്ന ഒരു സാങ്കേതിക വിദ്യയായതിനാൽ. ഇതിലും മെച്ചപ്പെട്ട ഒരു ആയുധം ഇന്നുവരെ അമേരിക്കയ്ക്ക് സ്വന്തമാക്കാൻ ആയിട്ടുമില്ല.

അതേസമയം ഒരു സിവിലിയൻ സ്പേസ്‌ക്രാഫ്റ്റ് പരീക്ഷിച്ചു എന്നുമാത്രമാണ് ചൈന ഔദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാൽ, ഇതിന് അണവായുധങ്ങൾ വഹിക്കാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ദരുടെ മതം.