- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഭയങ്കരമായ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നടന്നു നീങ്ങുകയാണോ ? ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമന്റെ വീഴ്ച്ച ലോക വിപണിയെ ഉലയ്ക്കുമ്പോൾ
ചൈനീസ് റിയലെസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ എടുത്തിരിക്കുന്ന വായ്പ ഏകദേശം 305 ബില്ല്യൺ ഡോളർ വരും. അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കും എന്നതുറപ്പാണ്. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ എവർഗ്രാൻഡെയുടെ കടം ചൈനയുടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 2 ശതമാനത്തോളം വരും. ഒരു കമ്പനിക്ക് എടുക്കാവുന്ന വായ്പയിൻ മേൽ ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിൽ പിന്നെ എവർഗ്രാൻഡെ വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ്.
വെള്ളിയാഴ്‌ച്ച 83.5 മില്ല്യൺ ഡോളറിന്റെ ബോണ്ട് ഇന്ററെസ്റ്റ് പേയ്മെന്റ് കമ്പനി നൽകിയെങ്കിലും സെപ്റ്റംബർ 23 ന് നൽകേണ്ടിയിരുന്ന തുക നൽകാനായിട്ടില്ല. അതുപോലെ സെപ്റ്റംബർ 29 ന് നൽകേണ്ടിയിരുന്ന 193 മില്ല്യൺ ഡോളറും ഒക്ടോബർ 11 നൽകേണ്ടിയിരുന്ന തുകയും ഇതുവരെ നൽകിയിട്ടില്ല. ആസ്തികൾ വിൽക്കാനുള്ള ശ്രമവും ഹോങ്കോംഗിലെ ആസ്ഥാനം വിൽക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ചൈനയിൽ ഉടനീളം ആശങ്കയുയർന്നിരിക്കുകയാണ്.
ചൈനയിലെ ഒട്ടുമിക്ക നഗരങ്ങളിലും പട്ടണങ്ങളിലും എവെർഗ്രാൻഡെയുടെ ആസ്തികൾ പ്രതിവർഷം ഏകദേശം 6 ലക്ഷത്തോളം വീടുകളാണ് ഇവർ പണികഴിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ, സാമ്പത്തിക പരാധീനതകൾ കാരണം, റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ അതിന്റെ പാരമ്യതയിൽ എത്തുന്ന സമയത്തു തന്നെ കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. കനത്ത സാമ്പത്തിക ബാദ്ധ്യത കമ്പനിക്ക് മേൽ സമ്മർദ്ദം കൂട്ടുന്നു എന്ന് കമ്പനി വക്താവ് തന്നെ കഴിഞ്ഞദിവസ വെളിപ്പെടുത്തിയിരുന്നു.
പ്രശ്നങ്ങളുടെയും വെല്ലുവിളികളുടെയും അനിശ്ചിതാവസ്ഥയുടെയും നടുവിൽ അതിന്റെ സാമ്പത്തിക ബാദ്ധ്യതകൾ നിറവേറ്റാൻ കമ്പനിക്ക് ആവുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നാണ് കമ്പനി തന്നെ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അത് ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദർ കണക്കാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹബ്ബ്, രണ്ടാമത്തെ സാമ്പത്തിക ശക്തി, പിന്നീ ആഗോളതലത്തിൽ തന്നെ നിർമ്മിക്കുന്ന വ്യാപര പാത എന്നിവയെല്ലാം കൊണ്ട് ലൊക സമ്പദ്ഘടനയിൽ ചൈനയ്ക്ക് ഇന്ന് അതീവ പ്രാധാന്യമുണ്ട്.
ആഗോളതലത്തിൽ തന്നെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ചൈനയുടെ പ്രാധാന്യം ഏറെ വർദ്ധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും വടക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കു കൂലി 859 ശതമാനത്തോളമാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് യൂറോപ്പിലാകെ വിതരണ ശൃംഖലയെ താറുമാറാക്കിയിരിക്കുകയാണ്. അതേസമയം ചൈനയിൽ നിന്നും വടക്കേ അമേരിക്കയിലേക്കുള്ള ചരക്കു ഗതാഗത കൂലി 1250 ശതമാനമാണ് വർദ്ധിച്ചത്.
ഏകദേശം നൂറോളം ബാങ്കുകളിൽ നിന്നാണ് എവർഗ്രാൻഡെ വായ്പ എടുത്തിരിക്കുന്നത്. ഇത് തിരിച്ചടയ്ക്കാൻ ആകാതെ വന്നാൽ, ലോകമാകമാനമുള്ള മറ്റു ബാങ്കുകളും വായ്പ നൽകുന്നതിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം. 2008-ൽ ലേമാൻ ബ്രദേഴ്സ് പാപ്പർ ഹർജി നൽകിയതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സാമ്പത്തിക വിദഗ്ദർ പറയുന്നു.
മറുനാടന് ഡെസ്ക്