ഭൂമിയിൽ സമാധാനം നിലനിൽക്കരുതെന്ന് ആഗ്രഹിക്കുകയാണെന്ന് തോന്നു മധുരമനോഹരമനോജ്ഞ ചൈന. ദിനം പ്രതി എന്നോണം കൂടുതൽ കൂടുതൽ മാരകങ്ങളായ ആയുധങ്ങളുമായി രംഗത്തെത്തുകയാണ് ചൈന. ഭൂമിക്ക് പുറമേ ബഹിരാകാശത്തും അധീശത്വം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് ചൈന. ഇപ്പോൾ ബഹിരാകാശത്തേക്ക് ചൈന തൊടുത്തുവിട്ട പേടകം കൃത്രിമോപഗ്രഹങ്ങളെ തകർക്കുന്ന ഒരു ആയുധമായിരിക്കാം എന്നാണ് അമേരിക്ക പറയുന്നത്.

ബഹിരാകാശത്തെ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പദ്ധതി എന്ന പേരിലാണ് ഞായറാഴ്‌ച്ച ഷിജിയാൻ 21 ഉപഗ്രഹം ബഹിരാകാശത്തേക്ക് ചൈന വിക്ഷേപിച്ചത്. ലോംഗ് മാർച്ച് റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തിയത്. എന്നാൽ, ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റ് കൃത്രിമോപഗ്രഹങ്ങളെയും നശിപ്പിക്കാൻ ആകുമെന്നാണ് അമേരിക്ക പറയുന്നത്. ഇത് ബഹിരാകാശത്ത് ചൈനയ്ക്ക് മേൽക്കൈ നേടിക്കൊടുക്കും.

സൈനിക സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്, ഒരു നവസൈന്യ നിർമ്മിതിക്കായി ലോകോത്തര ആയുധങ്ങൾ നിർമ്മിക്കണമെന്ന് ശാസ്ത്രജ്ഞന്മാരോട് ഷീ ജിൻപിങ് ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഈ ഉപഗ്രഹ വേധ പേടകം ബഹിരാകാശത്തേക്ക് തൊടുത്തുവിട്ട വാർത്തയും പുറത്തുവന്നത്. 2012-ൽ അധികാരമേറ്റതിനു ശേഷം ചൈനയുടെ സൈനികശക്തി വർദ്ധിപ്പിക്കുക എന്നത് ഷീയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഈ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാനും ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഷിജിയാൻ 21 ഉപഗ്രഹത്തിനൊപ്പം ഒരു പുതിയതരം ഹൈപ്പർസോണിക് മിസൈലും ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതായി അനുമാനിക്കുന്നു. ഇതിന് ആണാവശേഷിയുള്ളതായിട്ടാണ് പാശ്ചാത്യ നിരീക്ഷകർ കരുതുന്നത്. കഴിഞ്ഞ ജൂലായിലും ആഗസ്റ്റിലുമായി ഈ ആയുധം ചൈന രണ്ടു തവണ പരീക്ഷിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്‌ച്ച മാത്രമാണ് ഈ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ഈ പുതിയ ആയുധത്തെക്കുറിച്ച് വിലയിരുത്തുന്നവർ പോലും അത് എന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കാനാകാതെ കുഴയുകയാണ്. ആധുനിക ഭൗതികശാസ്ത്രത്തിലെ നിലവിലുള്ള പല നിയമങ്ങൾക്കും വിരുദ്ധമായ ഒരു സാങ്കേതിക വിദ്യയാണത് എന്നുമാത്രമാണ് അവർ പറയുന്നത്. ഏതായാലും, ചൈനയുടേ ആയുധശേഖരണത്തിനുള്ള ആർത്തി, ലോകത്ത് പഴയ ശീതയുദ്ധകാലത്തെ സഹചര്യം തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.

ഇതിനിടയിലാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന കാർബൺ വികിരണത്തിൽ ചൈനയുടെ പങ്ക് പുറത്തുവരുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ മാലിന്യകാരിയായ രാജ്യമായി മാറിയിരിക്കുകയാണ് ചൈന. പഴയകാല ചരിത്രങ്ങൾ ചികഞ്ഞെടുത്ത് പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്താറുള്ള ചൈനയുടെ, 1850 മുതൽക്കുള്ള കാരബൺ പ്രസരണത്തിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് ഈ കാലഘട്ടം മുതലാണ് പാശ്ചാത്യ നാടുകളിൽ വ്യാപകമായ തോതി വ്യവസായവത്ക്കരണം നടക്കാൻ ആരംഭിച്ചത്.

നൂറ്റാണ്ടുകളായി യാതോരു നിയന്ത്രണങ്ങളുമില്ലാതെ ഹരിതവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിട്ടുകൊണ്ടിരിക്കുകയായിരുന്നു പാശ്ചാത്യ ശക്തികൾ എന്നായിരുന്നു ചൈന ആരോപിച്ചിരുന്നത്. എന്നാൽ, പാശ്ചാത്യ നാടുകളിലെ വ്യവസായവത്ക്കരണത്തിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ചൈനയിൽ വ്യവസായ വത്ക്കരണം ആരംഭിച്ചതെങ്കിലും പെട്ടെന്ന് ഈ രംഗത്തുണ്ടായ വളർച്ചയിൽ വളരെ അമിതമായ തോതിലായിരുന്നു ചൈന ഹരിതവാതകങ്ങൾ പുറന്തള്ളിക്കൊണ്ടിരുന്നത്.