ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐയെ സസ്പെന്റ് ചെയ്തു. ടെലിക്കമ്മ്യൂണിക്കേഷൻസ് വിഭാഗം എസ്‌ഐ എൻ.ആർ സന്തോഷിനെയാണ് സസ്പെന്റ് ചെയ്തത്. അക്രമിക്കപ്പെട്ട യുവതിയുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യുക ആയിരുന്നു.

പൊലീസുകാരൻ സ്ഥലത്തില്ലാത്തപ്പോൾ ക്വാർട്ടേഴ്സിലെത്തിയ എസ്‌ഐ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതോടെ എസ്‌ഐ ഒളിവിൽ പോയി. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ആസ്ഥാനത്തു നിന്നു വയർലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി 8.30യോടെ എസ്ഐ ഇതേ പൊലീസുകാരന്റെ ക്വാർട്ടേഴ്സിൽ എത്തി. വാതിൽ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയായ എസ്ഐ ഒളിവിലാണെന്ന് നോർത്ത് പൊലീസ് പറഞ്ഞു.