- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൽഫബെറ്റിന്റെ കീഴിൽ ഗൂഗിളും യൂ ട്യുബും ഓരോ സ്ഥാപനങ്ങളായതു പോലെ മെറ്റയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളാകും ഫേസ്ബുക്കും ഇൻസ്റ്റയും വാട്ട്സ്അപും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും പേരുമാറ്റില്ല; ഫേസ് ബുക്കിന്റെ പേരു മാറ്റത്തിൽ യാഥാർത്ഥ്യം ഇങ്ങനെ
ഏറെ ജനപ്രിയ സമൂഹ മധ്യമമായ ഫേസ്‌ബുക്ക് തങ്ങളുടെ മാതൃ സ്ഥാപനത്തിന്റെ പേര് മാറ്റുന്നു. അടുത്തകാലത്ത് ഏറെ വിവാദങ്ങൾക്കും സാമൂഹിക ഓഡിറ്റിംഗിനും വിധേയമായ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ നിന്നും കഴിയാവുന്നത്ര അകലം പാലിക്കാനാണ് ഇതിലൂടെ ഫേസ്‌ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ് ശ്രമിക്കുന്നതെന്ന് വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഇനിമുതൽ മെറ്റ എന്ന പേരിലായിരിക്കും ഫേസ്‌ബുക്ക് അറിയപ്പെടുക. എന്നാൽ, സമൂഹമാധ്യമമായ ഫേസ്‌ബുക്ക് അതേ പേരിൽ തന്നെ തുടർന്നും അറിയപ്പെടും.
ഫേസ്‌ബുക്ക് കണക്ട് ഓഗ്മെന്റഡ് ആൻഡ് വെർച്വൽ റിയാലിറ്റി കോൺഫറൻസിലൂടെ ഇന്നലെയായിരുന്നു സക്കെർബെർഗ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. സക്കെർബെർഗിന്റെ, കമ്പനിയുടേ ഷെയേർഡ് ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കുള്ള മാറ്റം എന്ന സ്വപ്നത്തെ പ്രതിനിധീകരിക്കുന്ന മെറ്റാവേഴ്സ് എന്ന പദത്തെ ചുരുക്കിയാണ് മെറ്റ എന്ന പേര് കമ്പനിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് വെർച്വൽ വേൾഡ് അന്തരീക്ഷത്തിൽ ജോലി ചെയ്യുവാനും കളിക്കുവാനും സഹായിക്കുന്ന ഒന്നാണ് ഷെയേർഡ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന സ്ങ്കല്പം.
തീർത്തും കലുഷമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഈ പേരുമാറ്റം നിലവിൽ വന്നിരിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഫേസ്‌ബുക്ക് അതേ പേരിൽ തന്നെ തുടരും. എന്നാൽ, ഫേസ്‌ബുക്കിനൊപ്പം ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് തുടങ്ങിയവയുടെ ഉടമസ്ഥാവകാശം കൈയാളുന്ന ഫേസ്‌ബുക്ക് ഐ എൻ സി എന്ന മാതൃസ്ഥാപനം ഇനിമുതൽ മെറ്റ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഡിസംബർ 1 മുതൽ ഈ പേരിലായിരിക്കും ട്രേഡിങ്.
കമ്പനിയുടെ മുൻ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ ഫ്രാൻസസ് ഹേഗൻ കമ്പനിയുടെ ചില ആഭ്യന്തര രേഖകൾ പുറത്തുവിടുകയും, ലാഭം മാത്രം നോക്കി ഒരു തലമുറയെ വരെ നശിപ്പിക്കാൻ ഫേസ്‌ബുക്ക് തുനിയുകയാണെന്ന ആരോപണം ഉയർത്തുകയും ചെയ്തതോടെഫേസ്‌ബുക്ക് സമാനതകളില്ലാത്ത പ്രതിസന്ധിയിലായിരുന്നു. ഫേസ്‌ബുക്കിൽ പ്രൊഡക്ഷൻ മാനേജരായിരുന്ന ഹേഗൻ കമ്പനി വിടുമ്പോൾ നിരവധി രേഖകളുമായാണ് പുറത്തുകടന്നത്. പിന്നീട് അവ അതീവ രഹസ്യമായി കോപ്പി ചെയ്ത് ഓരോന്നായി പുറത്തുവിടുകയായിരുന്നു.
ഒക്ടോബർ 5 ന് കോൺഗ്രസ്സിനു മുന്നിൽ തന്റെ വാദങ്ങൾ നിരത്തിയ ഹേഗൻ കഴിഞ്ഞ തിങ്കളാഴ്‌ച്ച ബ്രിട്ടീഷ് പാർലമെന്റിനു മുന്നിലും തന്റെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു. 13.5 ശതമാനം ബ്രിട്ടീഷ് കൗമാരക്കാരും 6 ശതമാനത്തോളം അമേരിക്കൻ കൗമാരക്കാരും ആത്മഹത്യയെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നും അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇൻസ്റ്റാഗ്രാമാണെന്നും അവർ പറഞ്ഞു. സ്പർദ്ധ പരത്തുന്ന ഉള്ളടക്കങ്ങൾ നിരോധിക്കുന്നതിൽ ഫേസ്‌ബുക്കിന് പറ്റിയ വീഴ്‌ച്ചയും വലിയ തോതിൽ ഹേഗൻ ചർച്ചയാക്കിയിരുന്നു.
അതുപോലെ യുവാക്കൾക്കിടയിൽ തങ്ങളുടെ ജനപ്രീതി കുറഞ്ഞുവരികയാണെന്ന കാര്യം യു എസ് സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ നിന്നും ഫേസ്‌ബുക്ക് മറച്ചുപിടിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് തെറ്റിദ്ധാരണ പരത്താനായി മനഃപൂർവ്വം ചെയ്തതുതന്നെയാണ്. മിക്ക ഉപയൊക്താക്കളും രണ്ടോ അതിലധികമോ അക്കൗണ്ടുകൾ മാനേജ് ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. അങ്ങനെ നോക്കുമ്പോൾ യഥാർത്ഥ ഉപയോക്താക്കളുടെ എണ്ണം ഇപ്പോൾ അവർ അവകാശപ്പെടുന്നതിലും 11 ശതമാനം കുറവായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിവാദങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും ഈ വർഷത്തെ മൂന്നാം പാദത്തിലും കമ്പനി വൻ ലാഭമാണ് കാണിക്കുന്നത്. ജൂലയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 17 ശതമാനം വളർച്ച കൈവരിക്കാൻ ഫേസ്‌ബുക്കിനായിട്ടുണ്ട്. ഏതായാലും ഇപ്പോൾ ഉയർന്ന വിവാദങ്ങളിൽ നിന്നും പേരുമാറ്റം ഫേസ്‌ബുക്കിനെ രക്ഷിക്കുമോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. 2015-ൽ ഗൂഗിൾ ഇതുപോലെ തങ്ങളുടെ മാതൃകമ്പനിയുടെ പേര് മാറ്റി ആൽഫബെറ്റ് എന്നാക്കിയിരുന്നു. ടെക്നോളജി കോൺഗ്ലോമെറേറ്റ് ആയ അതിനു കീഴിലെ ഒരു സബ്സിഡിയറിയാണ് ഇപ്പോൾ ഗൂഗിൾ.
എന്നാൽ, പേരുമാറ്റം കമ്പനിയെ രക്ഷിക്കില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പേര് മാറ്റുന്നതോടെ യാഥാർത്ഥ്യങ്ങൾ ഇല്ലാതെയാകുന്നില്ല. തെറ്റിദ്ധാരണകളും സ്പർദ്ധകലർന്ന് ഉള്ളടക്കങ്ങളും പരത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഫേസ്‌ബുക്ക് ജനാധിപത്യ സമ്പ്രദായത്തിനു വരെ അപകടമാണെന്നാണ് ചില കോണുകളീൽ നിന്നുയരുന്ന വാദം.
മറുനാടന് മലയാളി ബ്യൂറോ