കോഴിക്കോട്: സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതും സാമ്പത്തികമായി അമിതഭാരം അടിച്ചേൽപ്പിക്കുന്നതുമായ കെ റയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്കായി കെ.ആർ.ഡി.സി.എൽ കണക്കുകൂട്ടിയിരിക്കുന്നത് 63,940 കോടി രൂപയാണ്. എന്നാൽ കേന്ദ്രസർക്കാറിന്റെ പരമോന്നത നയ ഉപദേശക വിദഗ്ധ സംഘമായ നിതി ആയോഗ് 1,26,081 കോടി ചെലവു വരുമെന്ന് കണ്ടെത്തിയിരിക്കുന്നു. പദ്ധതിക്കായി അമിത പലിശയ്ക്ക് വായ്പയെടുത്ത് നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. വിദേശ വായ്പ: 33,700 കോടി (52.70 ശതമാനം), റെയിൽവേ വിഹിതം: 3,125 കോടി (4.89 ശതമാനം), കേരളത്തിന്റെ വിഹിതം: 3,253 കോടി (5.09 ശതമാനം), പബ്ലിക് എക്വിറ്റി: 4,252 കോടി (6.65 ശതമാനം), ഭൂമി ഏറ്റെടുക്കാനുള്ള ചെലവ്: 11,837 കോടി(18.51 ശതമാനം). ബാക്കി തുക ബോണ്ട് വഴി കണ്ടെത്താനുമാണ് നീക്കം. അതായത് പലിശ കൊടുത്ത് കേരളത്തിന്റെ നടുവൊടിയും.

കേരളത്തിന്റെ പൊതുകടം ഇപ്പോൾ നാലു ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. സംസ്ഥാനത്ത്ജനിക്കാനിരിക്കുന്ന കുട്ടിക്കു പോലും ഒരു ലക്ഷത്തിനു മുകളിൽ കടം. സംസ്ഥാനത്തിന്റെ മൊത്തം വാർഷിക വരുമാനത്തിന്റെ 18.35% തുക പലിശ മാത്രം നൽകാനായി ചെലവഴിക്കേണ്ടി വരുന്നു. 100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ പലിശയായി അടയ്ക്കേണ്ട അവസ്ഥ. ശമ്പളത്തിനും പെൻഷനും 48.46% ബാക്കിയുള്ള 33.19%ൽ നിന്നു വേണം ബാക്കി ദൈനം ദിന പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്താൻ. ഈ സർക്കാർ അധികാരമേറ്റശേഷം ശമ്പളവും പെൻഷനും വിതരണം നൽകാൻ 3,500 കോടി രൂപയാണ് കടമെടുത്തത്. സാധാരണ 6% പലിശയ്ക്കാണ് പണം കടമെടുക്കുന്നതെങ്കിൽ ഇത്തവണ കടം വാങ്ങിയത് 7.06% പലിശയ്ക്കാണ്. ഈ അവസ്ഥയിലാണ് വീണ്ടും വലിശയ്ക്ക് കടമെടുത്ത് കെ റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കിലോമീറ്റർ ദൈർഘ്യം വരുന്ന സിൽവർ ലൈനിൽ വെറും 88 കിലോ മീറ്റർ മാത്രമാണ് എലിവേറ്റഡ് ആയി കടന്നുപോകുന്നത്. 410 കിലോമീറ്ററിലും ഇരുവശങ്ങളിലും 15 അടിയോളം ഉയരത്തിൽ സംരക്ഷിത ഭിത്തി നിർമ്മിക്കേണ്ടിവരും. ഇതു സംസ്ഥാനത്തെ രണ്ടായി പിളർത്തും. റോഡ് ശ്രൃംഖലയെ പ്രതികൂലമായി ബാധിക്കും. ഇത്തരം അതിർത്തി മതിലുകൾ 2018 ലെയും 2019 ലേയും പോലുള്ള പ്രളയസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ അസാധ്യമാക്കും. 20,000 പേരുടെ വീടുകൾ നഷ്ടപ്പെടുത്തുന്ന ഈ പദ്ധതിക്കായി 1,453 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കണം. 145 ഹെക്ടർ നെൽവയൽ നികത്തുകയും ആയിരത്തിലധികം മേൽപാലങ്ങൾ നിർമ്മിക്കുകയും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ഇതിനെല്ലാമുപരിയായി പദ്ധതിക്കായി ലക്ഷക്കണക്കിന് ടൺ കല്ലും മണലും മറ്റ് നിർമ്മാണ സാമഗ്രികളും ആവശ്യമാണ്. പ്രകൃതിയെ തകർക്കാതെ ഇത് സംഭരിക്കാനാവില്ല. കഴിഞ്ഞ കാലങ്ങളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും അതുവഴിയുണ്ടായ ജീവനഷ്ടവും ധനനഷ്ടവും തീരാദുരിതവും സർക്കാരിന്റെ കണ്ണുതുറപ്പിക്കണം. വലിയ സാമ്പത്തിക ബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിയും ജനജീവിതവും ദുസ്സഹമാക്കുന്നതുമായ പദ്ധതി ലാഭകരമാവില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാറി മാറി വന്ന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വല്ലാർപാടവും വിഴിഞ്ഞം പദ്ധതിയും സ്മാർട് സിറ്റിയുമൊക്കെ വൻ പരാജയങ്ങളായിരുന്നു എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. സർക്കാർ ദുർവാശി ഉപേക്ഷിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് പൂർണമായും പിൻവാങ്ങണമെന്നും പി കെ ഉസ്മാൻ ആവശ്യപ്പെട്ടു.