ന്യൂഡൽഹി: 2013ലെ മിന്നൽപ്രളയത്തിൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഒലിച്ചുപോയ ശങ്കരാചാര്യസമാധിയുടെ പുനരുദ്ധാരണ ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയത് കാഞ്ഞങ്ങാട് സ്വദേശിയായ റിട്ട. കേണൽ അശോക് കിനി. ഉത്തരാഖണ്ഡ് സർക്കാരിലും കേന്ദ്ര സർക്കാരിലും അദ്ദേഹം നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് സമാധി പുനർനിർമ്മിക്കാനുള്ള തീരുമാനമുണ്ടായത്.

കിനി രൂപം നൽകിയ സംഘടനയായ ഫെയ്ത്ത് ഫൗണ്ടേഷൻ 2014 ൽ 'മിഷൻ കാലടി ടു കേദാർ' എന്ന യാത്ര സംഘടിപ്പിച്ചു. ആദ്യ പിടി മണ്ണ് കാഞ്ചീപുരത്തുനിന്നു സ്വീകരിച്ചശേഷം ശങ്കരാചാര്യരുടെ പാദസ്പർശമേറ്റ സ്ഥാലങ്ങളിൽനിന്നെല്ലാം മണ്ണു ശേഖരിച്ചു. കാലടിയിൽ ശങ്കരാചാര്യരുടെ അമ്മയുടെ സമാധിസ്ഥലത്തുനിന്നും കുലദൈവ ക്ഷേത്രത്തിൽനിന്നും മണ്ണു ശേഖരിച്ചു. കേരളത്തിൽ ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെത്തിയിരുന്നു.

ഉജ്ജയിനിൽനിന്നുള്ള മൂന്ന് പുരോഹിതരടക്കം 25 അംഗ സംഘമാണു കൂടെയുണ്ടായിരുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ ശാരദാപീഠത്തിൽ നിന്നും നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽനിന്നുമടക്കമുള്ള മണ്ണുമായി പ്രളയദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ 2014 ജൂൺ 16നു സമാധിസ്ഥലത്തെത്തി.

സമാധി, പ്രതിമ: അനാച്ഛാദനം നാളെ
കേദാർനാഥിൽ നാളെ ശങ്കരാചാര്യസമാധിയും പ്രതിമയും രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, 130 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും. 2013 ലെ മിന്നൽ പ്രളയത്തിൽ തകർന്ന ക്ഷേത്രപരിസരത്തെ ഇതിനകം പൂർത്തിയായ പദ്ധതികളാണിവ. പുതിയ റെസ്റ്റ് ഹൗസുകൾ, പൊലീസ് സ്റ്റേഷൻ, പാലങ്ങൾ തുടങ്ങിയവയടക്കം 180 കോടിയുടെ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടും.