സിഡ്‌നി: രണ്ടാഴ്ചയിലേറെയായി ഓസ്‌ട്രേലിയക്കാരുടെ മുഴുവൻ പ്രാർത്ഥനയും കുഞ്ഞ് ക്ലിയോയ്ക്ക് വേണ്ടിയായിരുന്നു. കേവലം നാലു വയസ്സ് മാത്രം പ്രായമുള്ള ആ പൊന്നോമനയെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അത്രമേൽ ദുഃഖകരമായിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം അവളെ തിരികെ കിട്ടി. കുഞ്ഞ് ക്ലിയോയെ തിരികെ കിട്ടിയ നിമിഷത്തിന്റെ ഓഡിയോയും വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ പൊലീസ്.

കഴിഞ്ഞ ദിവസം പുലർച്ചെ കർനാർവോണിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകർത്ത് പൊലീസ് സംഘം അകത്തുകയറി നടത്തിയ പരിശോധനയിലാണ് ക്ലീയൊ സ്മിത്തിനെ കണ്ടെത്തിയത്. ഇരുട്ട് മുറിയിൽ കളിപ്പാട്ടങ്ങൾക്ക് നടുവിൽ നിന്നാണ് അവളെ കണ്ടെത്തിയത്.'നമ്മൾക്ക് അവളെ കിട്ടി' എന്ന് പൊലീസ് ഓഫിസർ ആവർത്തിച്ചു പറയുന്നതും പേരു ചോദിച്ച പൊലീസുകാരനോട് 'എന്റെ പേര് ക്ലീയൊ' എന്നു മറുപടി പറയുന്നതും ഓഡിയോയിൽ കേൾക്കാം. തുടർന്ന് വീടിനു പുറത്തെത്തിച്ച ക്ലീയൊയോട് പൊലീസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്ന ദൃശ്യങ്ങളും ഓസ്‌ട്രേലിയൻ പൊലീസ് പുറത്തുവിട്ടു.

മുറിക്കുള്ളിൽ കയറി ലൈറ്റുകൾ തെളിച്ചപ്പോൾ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും പ്രസന്നവദനയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുട്ടിയുമായി കൗൺസിലർമാർ സംസാരിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ലീയൊയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 36 വയസ്സുകാരനായ ഒരാളെ അറസ്റ്റ് ചെയ്തു. സ്വയം പരുക്കേൽപ്പിച്ച ഇയാളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷമാണു ചോദ്യം ചെയ്യൽ ആരംഭിച്ചത്. കോടതിയിൽ ഹാജരായ ഇയാൾ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയൻ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

18 ദിവസം മുൻപ്, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കർനാർവോണിൽ അച്ഛനമ്മമാർക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റിൽനിന്നാണ് ക്ലീയൊ സ്മിത്തിനെ കാണാതായത്. ഊണും ഉറക്കവുമില്ലാതെ 150 ലേറെപ്പേരടങ്ങിയ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ 100 കിലോമീറ്റർ അകലെയുള്ള കർനാർവോണിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ക്ലീയൊയുടെ വീട്ടിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയാണ് ഈ വീട്.