- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയ ഗുണ്ടയുടെ അരയിൽ കത്തി; കേസെടുത്ത് പൊലീസ്
തൃശൂർ: ബോംബേറു കേസിന്റെ വിചാരണയ്ക്കു ജില്ലാ കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയ ഗുണ്ടയുടെ അരയിൽ നിന്നും പൊലീസ് കത്തി കണ്ടെടുത്തു. മണ്ണുത്തി മുടിക്കോട് പള്ളിപ്പറമ്പിൽ നെൽസന്റെ (29) കയ്യിൽ നിന്നും കത്തി കണ്ടെടുത്ത പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തു. ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ സംഘത്തിൽപ്പെട്ടയാളാണു നെൽസൺ.
ഇയാൾ കത്തി അരയിലൊളിപ്പിച്ചാണു കോടതിയിൽ വിചാരണയ്ക്കു ഹാജരായതെന്നു സംശയമുണ്ട്. നാലു വർഷം മുൻപ് അരണാട്ടുകരയിലെ കോഴിക്കടയ്ക്കു ബോംബെറിയുകയും രണ്ട് പേരെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളാണു നെൽസൺ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിലായിരുന്നു സംഭവം. കടവി രഞ്ജിത്തിന്റെ സംഘത്തിലെ പ്രധാനികളായ കാച്ചേരി സ്വദേശി ജിയോ, അഞ്ചേരി സ്വദേശി നിനോ എന്നിവരടക്കം പത്തോളം പേരെ വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം നെൽസൺ ഇന്നലെ കോടതിയിൽ വിചാരണയ്ക്കു ഹാജരാകാനെത്തി. കോടതി നടപടി കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെ സംശയം തോന്നി വെസ്റ്റ് പൊലീസ് സംഘം ദേഹപരിശോധന നടത്തിയപ്പോഴാണു നെൽസൺ കുടുങ്ങിയത്.