ശ്ചിമയൂറോപ്പിലെ കോവിഡിന്റെ തലസ്ഥാനം എന്ന പദവി ബ്രിട്ടൻ വെച്ചൊഴിയുകയാണ്. മറ്റു രാജ്യങ്ങളിൽ വ്യാപനം വർദ്ധിക്കുകയും ബ്രിട്ടനിൽ രോഗവ്യാപനം കുറയാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണിത്. സെപ്റ്റംബറിൽ സ്‌കൂളുകൾ തുറന്നതോടെ ബ്രിട്ടനിലെ രോഗവ്യാപനതോത് കുതിച്ചുയരുകയായിരുന്നു ഇതാണ് ബ്രിട്ടനെ പശ്ചിമയൂറോപ്പിലെ കോവിഡിന്റെ തലസ്ഥാനമാക്കി മാറ്റിയത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളേക്കാൾ വളരെയധികം രോഗപരിശോധനകൾ ഓരോ ദിവസവും നടത്തുന്നതുകൊണ്ടാണ് ബ്രിട്ടനിൽ ഇത്രയധികം രോഗികൾ ഉണ്ടാകുന്നതെന്ന് അന്നേ സർക്കാർ ഉപദേഷ്ടാക്കളടക്കം നിരവധി ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

എന്നൽ, ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ആസ്ട്രിയയും ബെൽജിയവും അയർലൻഡും പശ്ചിമ യൂറോപ്പിലെ രോഗവ്യാപനതോതിൽ ബ്രിട്ടന് മുന്നിലെത്തിയിരിക്കുന്നു എന്നണ്. ഈ മൂന്ന് രാജ്യങ്ങളിലും നിർബന്ധിത മാസ്‌ക് ധാരണം, വർക്ക് ഫ്രം ഹോം, വാക്സിൻ പാസ്സ്പോർട്ട് തുടങ്ങിയ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം. എന്നിട്ടും ഇവിടെ രോഗവ്യാപനതോത് കുതിച്ചുയരുകയാണ്.

ജർമ്മനിയിൽ ഇന്നലെ ഏറ്റവും വലിയ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തി. നാലാം തരംഗം പൂർണ്ണ ശക്തിയോടെ രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നു എന്നായിരുന്നുാരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയത്. യൂറോപ് വീണ്ടും മഹാമാരിയുടെ എപിസെന്ററായി മാറുകയണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും നൽകിയിട്ടുണ്ട്. അതിവേഗ വാക്സിൻ പദ്ധതി നടപ്പാക്കി മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ മുൻപിൽ എത്താൻ കഴിഞ്ഞതാണ് ഇപ്പൊൾ ബ്രിട്ടന് സഹായകരമായി വന്നിരിക്കുന്നത്. എന്നാൽ, വാക്സിൻ നൽകിയ പ്രതിരോധശേഷി ക്ഷയിക്കുവാൻ തുടങ്ങിയതോടെ ബ്രിട്ടനിൽ വീണ്ടും രോഗവ്യാപനം വർദ്ധിച്ചിരുന്നു.

എന്നാൽ, ബൂസ്റ്റർ ഡോസ് എത്തിയതോടെ വീണ്ടും വ്യാപനം നിയന്ത്രണത്തിലാക്കുവാൻ കഴിഞ്ഞു. ഇതോടെ തുടർച്ചയായി രോഗവ്യാപനതൊതിൽ ഇടിവ് ദൃശ്യമാകാൻ തുടങ്ങി. അതേസമയം, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപനം വർദ്ധിക്കുകയാണ്. ആസ്ട്രിയ, ബെൽജിയം, അയർലൻഡ് എന്നീ രാജ്യങ്ങളിൽ രോഗവ്യാപനതോതിൽ ബ്രിട്ടനെ മറികടന്നപ്പോൾ ജർമ്മനിയിലും നെതെർലാൻഡ്സിലും ഡെന്മാർക്കിലും ഐസ്ലാൻഡിലും രോഗവ്യാപനം വർദ്ധിക്കുകയാണ്.

പൊതു ഇടങ്ങളിലും അത്യാവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളിലും ഹൈ ഗ്രേഡ് എഫ് എഫ് പി 2 മാസ്‌ക് ധരിക്കേണ്ടുന്നത് നിർബന്ധമാക്കിയ ആസ്ട്രിയയിൽ ഇപ്പോൾ പത്തുലക്ഷം പേരിൽ 674 രോഗികൾ എന്നതാണ് കണക്ക്. ഒരു നിയന്ത്രണവുമില്ലാത്ത ബ്രിട്ടനിലാകട്ടെ ഇത് പത്തുലക്ഷം പേരിൽ 574 രോഗികൾ എന്നാണ്. അതായത്, നിയന്ത്രണങ്ങളേറെ ഉണ്ടായിട്ടും ആസ്ട്രിയയിൽ രോഗവ്യാപനതോത് ബ്രിട്ടന്റേതിനേക്കാൾ 17 ശതമാനം കൂടുതലാണ്. സമാനമായ രീതിയിൽ ബെൽജിയവും അയർലാൻഡും രോഗവ്യാപനതോതിൽ ബ്രിട്ടന് മുൻപിലെത്തിയിരിക്കുകയാണ്.

ബെൽജിയത്തിൽ പത്തുലക്ഷം പേരിൽ 634 രോഗികളുള്ളപ്പോൾ അയർലാൻഡിൽ ഇത് 580 ആണ്. ഈ രണ്ടു രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. വാക്സിൻ സർട്ടിഫിക്കറ്റ് പലയിടങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ വർക്ക് ഫ്രം ഹോം നിർദ്ദേശം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ഇവയ്ക്ക് പുറമെയാണ് ജർമ്മനി ഉൾപ്പടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം കുതിച്ചുയരുന്നത്.

അതേസമയം ബ്രിട്ടനിൽ തുടർച്ചയായി രോഗവ്യാപനതോത് താഴേക്ക് വരികയാണ്. ഇന്നലെ 34,029 പേർക്കാണ് ബ്രിട്ടനിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ തന്നെ മരണനിരക്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴും വ്യാപനം തുടരുന്നുവെങ്കിലും, വ്യാപനതോത് വർദ്ധിക്കുന്നില്ല എന്നതാണ് ഇപ്പോൾ ബ്രിട്ടന് ആശ്വാസകരമായ കാര്യം. അതുപോലെ ആർ നിരക്ക് താഴ്ന്ന് 0.9 നും 1.1 നും ഇടയിലായിട്ടുമുണ്ട്.