- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതി; പെൺകുട്ടി കള്ളകഥ മെനഞ്ഞത് സ്കൂളിൽ പോകാനുള്ള മടിമൂലമെന്ന് സൂചന
എടത്വാ: സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി സ്കൂളിൽ പോകാനുള്ള മടിമൂലമെന്ന് സൂചന. നിരന്തരമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്ന കുട്ടിയെ സ്കൂൾ തുറക്കുന്നതോടെ ഫോൺ കയ്യിൽ നിന്നു പോകുമെന്ന ചിന്തയും അലട്ടിയിരുന്നു. ഇതാണ് ഇത്തരത്തിൽ ഒരു കള്ളം പറയാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കോവിഡ് വന്നതോടെ സ്കൂൾ അടച്ചപ്പോൾ നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ഇത് പെൺകുട്ടിയെ മാനസികമായി അലട്ടിയിരുന്നു.
രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതാവാം കുട്ടിയെ ഇത്തരത്തിൽ ഒരു നുണക്കഥ പറയാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകർത്താക്കളോടു പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സി.സി. ടി.വി. ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തിൽ തന്നെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.