പത്തനംതിട്ട: പതിനാറു വയസുള്ള കാമുകിയുമായി രാത്രി സംഗമത്തിന് പോയ പതിനേഴുകാരൻ പീഡനക്കേസിൽ പ്രതിയായി. സംഗമത്തിന് ശേഷം കാമുകിയുടെ മുറിയിൽ കിടന്ന് അന്തം വിട്ട് ഉറങ്ങിപ്പോയതാണ് കാമുകൻ പിടിയിലാകാൻ കാരണം. കാമുകിയുടെ രക്ഷിതാവിന്റെ പരാതിയിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പത്തനംതിട്ട സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെൺകുട്ടി കിടന്നുറങ്ങുന്നത്. രാത്രിയിൽ കാമുകൻ ഒരു ഏണിയും സംഘടിപ്പിച്ചാണ് വന്നത്. ഏണി ചാരി പെൺകുട്ടിയുടെ മുറിയിൽ കയറി. സല്ലാപമൊക്കെ കഴിഞ്ഞ് ക്ഷീണിച്ചുറങ്ങിപ്പോയി. രാവിലെ വീടിന് പുറത്തിറങ്ങിയ രക്ഷിതാവ് ഒന്നാം നിലയിലേക്ക് ചാരി വച്ച ഏണി കണ്ടു. ഇതിനിടെ ഉറക്കം വിട്ടുണർന്ന കാമുകൻ കൂട്ടിൽ നിന്ന് രക്ഷപ്പെട്ട മുയൽക്കുഞ്ഞിനെപ്പോലെ പാഞ്ഞു. തടയാൻ വന്ന കാമുകിയുടെ പിതാവിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

രക്ഷിതാവ് നൽകിയ പരാതി പ്രകാരം പതിനേഴുകാരനെ പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അടൂർ സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ കാമുകിയുടെ വീട്ടിൽ രാത്രി സന്ദർശനത്തിന് ചെന്ന യുവാവാണ് ഇതേ ദിവസം തന്നെ പിടിയിലായത്. കാമുകിയുമായി വീടിന് വെളിയിലെ കുളിമുറിയിൽ സല്ലപിക്കുമ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുളിമുറി പുറത്തു നിന്ന് പൂട്ടിയ ശേഷം നാട്ടുകാരെ കൂട്ടി കാമുകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുൻപ് രണ്ടു തവണ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ കാമുകൻ പള്ളിക്കൽ ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ വീട്ടിൽ അനന്തു(23)വിനെ റിമാൻഡ് ചെയ്തു. പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.