കൊച്ചി: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അടിപിടി കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. കടവന്ത്ര സൗത്ത് ഗിരിനഗർ സ്വദേശി പെരുമ്പിള്ളി വീട്ടിൽ ബോണി (22)യെയാണ് എറണാകുളം സൗത്ത് പൊലീസ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പനമ്പിള്ളിനഗറിൽ നടന്ന അടിപിടി കേസിലെ കൂട്ടു പ്രതിയാണ് ബോണി.

എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദോഹയ്ക്ക് കടക്കാൻ ശ്രമിക്കവെയാണ് ബോണിയെ പൊലീസ് പിടികൂടിയത്. എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിപിടി കേസിലെ കൂട്ടുപ്രതി കടവന്ത്ര ഗാന്ധിനഗർ സ്വദേശി കെ.ടി. ജിബിനി (22)നെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പനമ്പിള്ളിനഗറിലുള്ള കഫേയുടെ മുന്നിൽ വെച്ച് പള്ളൂരുത്തി സ്വദേശിയായ റിനോഷിനേയും കൂട്ടുകാരായ ആരിയോൺ, ശ്രീഹരി എന്നിവരേയും ഹെൽമെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതികൾ. കഫേയുടെ മുന്നിലിരുന്ന വെള്ള ബൈക്കിന്റെ ഭംഗി കണ്ട് ആരിയോൺ നോക്കിയിരുന്നതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി.