നധികൃത കുടിയേറ്റക്കാരെ ആയുധങ്ങളാക്കിയുള്ള ബെലാറസ് ഏകാധിപതി ലുക്കാഷെൻകോവിന്റെ പുതിയ യുദ്ധതന്ത്രം പാവപ്പെട്ട കുടിയേറ്റക്കാർക്ക് കണക്കില്ലാത്ത ദുരിതങ്ങളാണ് സമ്മാനിക്കുന്നത്. പോളണ്ട് അതിർത്തിയിലെ വേലി പൊളിച്ച് ഇവരെ പോളണ്ടിലേക്ക് അയയ്ക്കുവാൻ ബെലാറസ് സൈനികർ ശ്രമിക്കുന്നുണ്ടെങ്കിലും പോളണ്ടും ശക്തമായ നിലപാടുമായി അത് തടയുവാനെത്തുന്നുണ്ട്. രാത്രികാലങ്ങളിൽ സൈന്യമെത്തി വേലി പൊളിക്കുന്നതായി ഒരു പ്രാദേശിക സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു. അങ്ങനെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർ പോളണ്ടിൽ പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മാത്രം 400 പേരോളം പോളണ്ടിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.

ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇവരിൽ അധികവും. കൂടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും ഉണ്ട്. ഇവരിൽ പലരും അതിർത്തി കടക്കുവാനായി ബെലാറസ് അതിർത്തിയിലെ വനാന്തരങ്ങളിൽ കഴിയുകയാണ്. ശൈത്യം കനക്കുന്നതോടെ ഇവരിൽ പലരും തണുപ്പിൽ മരവിച്ച് മരിച്ചുപോയേക്കുമെന്നാണ് പ്രദേശത്തെ ചില ജീവകാരുണ്യ പ്രവർത്തകർ പറയുന്നത്. യൂറോപ്യൻ യൂണിയന്റെ കിഴക്കൻ അതിർത്തികൾ കാക്കേണ്ട ചുമതല തങ്ങൾക്ക് ഉള്ളതുകൊണ്ടു തന്നെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി പോളണ്ടും അറിയിച്ചു. ആയിരക്കണക്കിന് അഭയാർത്ഥികളാണ് ഇപ്പോഴും ബെലാറസ്-പോളണ്ട് അതിർത്തിയിൽ കാത്തിരിക്കുന്നത്.

മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നും പാവപ്പെട്ട ജനങ്ങൾക്ക് ആകർഷണീയങ്ങളായ വാഗ്ദാനങ്ങൾ നൽകി യൂറോപ്പിലേക്ക് കുടിയേറാൻ ബെലാറസിൽ എത്തിക്കുകയാണെന്ന് കഴിഞ്ഞദിവസം യൂറോപ്യൻ യൂണിയൻ ആരോപിച്ചിരുന്നു. ബെലാറസിൽ എത്തിക്കുന്ന അഭയാർത്ഥികളെ ബലം പ്രയോഗിച്ചാണ് പോളണ്ട് അതിർത്തി കടത്തിവിടുന്നത്. പോളണ്ട് സൈന്യം തടയുന്നതിനാൽ തിരികെ എത്തുന്നവർക്ക് ബെലാറസ് സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. അതിർത്തി കടന്നവരിൽ മിക്കവരും ഇപ്പോഴും കഴിയുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നോ മാൻസ് ലാൻഡിലാണ്.

അത്യാവശ്യ ഭക്ഷണമോ വെള്ളമോ പോലുംകിട്ടാതെ വിഷമിക്കുകയാണിവർ. പോളണ്ട് അതിർത്തി കടക്കാൻ പോളിഷ് സൈന്യം തടസ്സമാകുമ്പോൾ ഇവരെ തിരികെ ബെലാറസിലെത്താൻ ബെലാറസ് സൈന്യവും സമ്മതിക്കുന്നില്ല. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെയുള്ള ലുക്കാഷെൻകോവിന്റെ ഈ പ്രതിരോധ നടപടിയിൽ പാവപ്പെട്ട അഭയാർത്ഥികൾ ഇപ്പോൾ ചെകുത്താനും കടലിനും ഇടയിലായിരിക്കുകയാണ്.

ബെലാറസിന് റഷ്യയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുമ്പോൾ പോളണ്ടിന് സഹായവുമായി ഉക്രെയിനും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പോളണ്ട്-ബെലാറസ് അതിർത്തിയിൽ സൈനിക പ്രകടനം നടത്തി റഷ്യ ബെലാറസിനുള്ള പിന്തുണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ഇനിയും ഉപരോധം പിൻവലിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് റഷ്യയിൽ നിന്നും വാതകം കൊണ്ടുപോകുന്ന പൈപ്പുകൾ അടയ്ക്കുമെന്ന് ബെലാറസ് ഭീഷണീ മുഴക്കിയിട്ടുണ്ട്. ഈ പൈപ്പുകൾ കടന്നുപോകുന്നത് ബെലാറസിലൂടെയാണ്.

പോളണ്ട് നാറ്റോ സഖ്യത്തിൽ അംഗമായതിനാൽ, പോളണ്ടിനെ ആക്രമിക്കാൻ ശ്രമിച്ചാൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും പോളണ്ടിനെ സഹായിച്ചുകൊണ്ട് യുദ്ധമുഖത്തേക്ക് ഇറങ്ങേണ്ടതായി വരും. മറ്റു നാറ്റോ അംഗങ്ങളായ ലിത്വാനിയ, എസ്റ്റോണിയ, ലാറ്റ്‌വിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാർ ഇതു സംബന്ധിച്ച് ഇന്നലെ ഒരു സംയുക്ത പ്രസ്താവനയുമിറക്കിയിട്ടുണ്ട്.

അതേമയം ബെലാറസുമായി അതിർത്തി പങ്കിടുന്ന ഉക്രെയിനും അതിർത്തിയിൽ സൈനിക ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ഉക്രെയിൻ വഴിയും അഭയാർത്ഥികൾ യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനാലാണിത്.