കൊച്ചി: അന്തരിച്ച ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എ.എം. മൈക്കിളിന് (91) കേരളത്തിന്റെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.

കാർഷിക എൻജിനീയറിങ് മേഖലയിൽ ലോകത്തിലെതന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായ മൈക്കിൾ അലഹബാദ് സർവകലാശാലയിൽ നിന്നു കാർഷിക എൻജിനീയറിങ് ബിരുദവും ഖരക്പുർ ഐഐടിയിൽ നിന്നു എംടെക്കും പിഎച്ച്ഡിയും നേടി. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറായിരിക്കേ സർവകലാശാലയെ ഇന്നത്തെ നിലയിലേക്കു വളർത്തി. അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു നിയമ ഭേദഗതിയിലൂടെ സർക്കാർ നീക്കിയെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവു നേടി വീണ്ടും വൈസ് ചാൻസലർ സ്ഥാനത്തെത്തിയ അദ്ദേഹം അന്നു തന്നെ രാജി വച്ചു.

ലോക ഭക്ഷ്യ കാർഷിക സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡവലപ്‌മെന്റ് ഏജൻസി, വിന്റോക് ഇന്റർനാഷനൽ, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയിൽ കൺസൽറ്റന്റ് ആയിരുന്ന അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രി എൻജിനീയേഴ്‌സ് എന്നിവയിൽ ഫെലോ ആയി സേവനമനുഷ്ഠിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് നയ്‌റോബി, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസറുമായിരുന്നു.

പൂഞ്ഞാർ പാതാമ്പുഴ അരയത്തിനാൽ കുടുംബാംഗമാണ്. ഭാര്യ വഴിത്തല കൊച്ചുപറമ്പിൽ കൊച്ചുത്രേസ്യ. മക്കൾ: വിജയൻ മൈക്കിൾ (പ്രതിരോധ വകുപ്പ് റിട്ട. ഡപ്യൂട്ടി സെക്രട്ടറി), ഉദയൻ മൈക്കിൾ (ബിസിനസ് യുഎസ്), ഡോ. വിമല വിനോദ് (ഡെർമറ്റോളജിസ്റ്റ് ദുബായ്). മരുമക്കൾ: ജാൻസി വിജയൻ (എൻജിനീയർ) ഫെതർ, ഡോ. വിനോദ് തോമസ് (ന്യൂറോളജിസ്റ്റ് ദുബായ്).

പല വിദേശ സർവകലാശാലകളിലും അദ്ദേഹം വിസിറ്റിങ് പ്രഫസറായിരുന്നു. ഐസിഎആർ നൽകുന്ന റഫി അഹമ്മദ് കിദ്വായി പുരസ്‌കാരം, രാജേന്ദ്രപ്രസാദ് പുരസ്‌കാരം,എൻജിനീയർ ഓഫ് ദി ഇയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച പുസ്തകങ്ങൾ പലതും വിദേശത്തെയടക്കം സർവകലാശാലകളിൽ പാഠപുസ്തകങ്ങളാണ്. മലയാള മനോരമ 'കർഷക ശ്രീ' അവാർഡ് നിർണയ സമിതിയിൽ അംഗമായിരുന്നു.

സർക്കാരിനെ പോരാടി തോൽപ്പിച്ച വി സി
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങില്ലെന്ന് മനസ്സിലാക്കിയതോടെ സർക്കാർ ഒഴിവാക്കിയപ്പോൾ നിയമ പോരാട്ടത്തിലൂടെ ആ കസേരയിൽ തിരിച്ചെത്തി അന്നു വൈകിട്ട് രാജിവച്ച വൈസ് ചാൻസലറാണ് ഡോ. എ.എം.മൈക്കിൾ. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായിരിക്കെയാണ് ആ സംഭവം. അക്കാലത്ത് കൃഷിമന്ത്രിയായിരുന്ന പി.പി.തങ്കച്ചനാണ്. ഡോ. മൈക്കിളിനെ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറായി ക്ഷണിച്ചത്. സർവകലാശാലയ്ക്കു ഗുണകരമെങ്കിൽ വരാം എന്നായിരുന്നു മറുപടി.

വിസി ആയ ശേഷം രാഷ്ടീയ സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനങ്ങളെടുത്ത അദ്ദേഹത്തെ കാലാവധി തീരും മുൻപ് പുറത്താക്കി. ആ അപമാനത്തിനെതിരെ കോടതിയിൽ പോരാടി വിജയം നേടിയ അദ്ദേഹം ഇറക്കിവിട്ട സർവകലാശാലയിൽ വീണ്ടും വിസി ആയി. രാവിലെ ജോലിയിൽ പ്രവേശിച്ച് വൈകിട്ടു രാജിവച്ചു പടിയിറങ്ങി.

രാജസ്ഥാൻ, പഞ്ചാബ്, കേരള കാർഷിക സർവകലാശാലകളിലും കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലും ഒട്ടേറെ വിദേശ സർവകലാശാലകളിലും രാജ്യാന്തര ഏജൻസികളിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഔദ്യോഗികജീവിതത്തിൽ 5 വർഷം മാത്രമേ അദ്ദേഹം കേരളത്തിലുണ്ടായുള്ളൂവെങ്കിലും അത് സംഭവബഹുലമായിരുന്നു. ഈ കാലയളവിൽ സർവകലാശാലയിൽ സെൻട്രൽ ലൈബ്രറി, സെൻട്രൽ ഓഡിറ്റോറിയം, തവനൂർ കാർഷിക കോളജ്, കുഫോസിന്റെ പ്രധാന കെട്ടിടം, കാർഷിക സർവകലാശാലയ്ക്കു കീഴിലെ മിക്കവാറും ക്യാംപസുകളിൽ ഹോസ്റ്റലുകൾ എന്നിവ യാഥാർഥ്യമാക്കി സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കി. ഇതിനായി കാർഷിക ഗവേഷണ കേന്ദ്രം, കാർഷിക മന്ത്രാലയം എന്നിവയുടെ ഫണ്ടുകളും കൊണ്ടുവന്നു.

എന്നാൽ, ശുപാർശകൾക്കു വഴങ്ങാതെ പ്രവർത്തിച്ച അദ്ദേഹത്തിനെതിരെ പ്രതിഷേധം പുകഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഒന്നായി ശബ്ദമുയർത്തി. അദ്ദേഹത്തെ പുറത്താക്കാനായി സർക്കാർ യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ട് പരിഷ്‌കരിച്ച് വൈസ് ചാൻസലർക്ക് 65 എന്ന പ്രായപരിധി നിശ്ചയിച്ചു. ഇതിന് മുൻകാല പ്രാബല്യം ശരിയല്ലെന്നു വാദിച്ച് അദ്ദേഹം കോടതിയിലെത്തി അനുകൂല ഉത്തരവു നേടി ആ കസേരയിൽ തിരിച്ചെത്തുക ആയിരുന്നു.