ലണ്ടൻ: ഇന്നലെ ലിവർപൂളിൽ ആശുപത്രിക്ക് മുന്നിലെ കാറിനുള്ളിൽ ഒറ്റയ്ക്ക് പൊട്ടിത്തെറിച്ച ചാവേറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വർഷങ്ങൾക്ക് മുൻപ് ഇറാഖിൽ നിന്നും കുടിയേറിയ ഇയാൾ 2017-ൽ കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. എമാദ് ജാമിൽ അൽ സ്വീല്മീൻ എന്ന പേരിൽ സിറിയൻ പൗരനായ പിതാവിനും ഇറാഖി വംശജയായ മാതാവിനും ജനിച്ച ഇയാൾ ജീവിതത്തിന്റെ വലിയൊരു പങ്കും ചെലവഴിച്ചിരുന്നത് ഇറാഖിലായിരുന്നു.

വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിൽ കുടിയേറിയ ഇയാൾ പിന്നീട് എൻസോ അല്മേനി എന്നാണ് അറിയപ്പെട്ടിരുന്നത്. അഭയാർത്ഥി പദത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടു. പിന്നീട് 2014-ക് ഇയാളെ വലിയൊരു കത്തി കൈവശം വെച്ച് പൊതുസ്ഥലത്ത് എത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം ഇയാൾ മാസങ്ങളോളം ചികിത്സയിലുമായിരുന്നു. കാർ റേസിങ് ഒരുപാട് സ്നേഹിച്ചിരുന്ന ഇയാൾ ഇറ്റാലിയ സൂപ്പർ കാറായ ഫെറാറിയുടെ സ്ഥാപകന്റെ പേര് എടുത്താണ് എൻസോ അല്മേനി എന്ന് പേരു മാറ്റിയത്. മാത്രമല്ല, അഭയാർത്ഥി പദത്തിന് അപേക്ഷ നൽകുമ്പോൾ പാശ്ചാത്യ ചുവയുള്ള പേറ് രക്ഷക്കെത്തുമെന്നും അയാൾ കരുതി.

പിന്നീട് 2017-ൽ ക്രിസ്തുമതത്തിലേക്ക് മതപരിപവർത്തനം നടത്തിയ ഇയാൾ ലിവർപൂളിൽ തന്നെയായിരുന്നു ഏറെ സമയവും ചെലവഴിച്ചിരുന്നത്. അഭയർത്ഥികളായി എത്തുന്നവർക്ക് സഹായങ്ങൾ നൽകുന്ന ചില സന്നദ്ധസംഘടനകളുമായി ചേർന്ന് അയാൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ലിവർപൂളിലെ ആംഗ്ലിക്കൻ കത്തീഡ്രലിൽ വച്ചായിരുന്നു നാല് വർഷം മുൻപ് ഇയാൾ മതം മാറിയത്. അതേ പള്ളി ബോംബിട്ട് തകർക്കലായിരുന്നു അയാളുടെ യഥാർത്ഥ ഉദ്ദേശ്യം എന്നാണ് അനുമാനിക്കുന്നത്. ഓർമ്മദിവസത്തെ പ്രത്യേക കുർബാന ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ അപ്പോൾ 1200 ൽ അധികം സൈനികർ അവിടെയുണ്ടായിരുന്നു.

ടാക്സി ഡ്രൈവർ പെറിയോട് ഇയാൾ ആദ്യം കത്തീഡ്രലിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഗതാഗത കുരുക്കിൽ അകപ്പെട്ടപ്പോഴാണ് ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലേക്ക് വണ്ടി തിരിച്ചുവിടാൻ ആവശ്യപ്പെട്ടത്. എന്നാൽ ഡ്രൈവറുടെ സമർത്ഥമായ നീക്കമായിരുന്നു വലിയൊരു ദുരന്തം ഒഴിവാക്കിയതും അൽമേനി ഒറ്റയ്ക്ക് കത്തിത്തീരാൻ ഇടയാക്കിയതും. ഇസ്ലാമിക തീവ്രവാദികളുടെ കൈകൾ ഇതിനു പുറകിലുണ്ടോ എന്ന കാര്യം എം 15 രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

അൽമേനി ചില മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തി കൂടി ആയതിനാൽ, ഇയാളുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്നറിയുവാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. 2014-ൽ അഭയാർത്ഥി പദത്തിനുള്ള ഇയാളുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ചില മാനസിക ആരോഗ്യ പ്രശ്നങ്ങൾ തന്നെയായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. പിന്നീട് 2015-ൽ ക്രിസ്തുമതം സ്വീകരിക്കണമെന്ന ആവശ്യവുമായി അയാൾ തന്നെ സമീപിച്ചതായി ഒരു മുൻ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ ഹിച്ച്കോട്ട് പറയുന്നു.

തുടർന്ന് മതപഠന ക്ലാസ്സുകളിലെല്ലാം പഠനം നടത്തിയതിനുശേഷം 2017-ൽ ആയിരുന്നു ഇയാൾ ക്രിസ്ത്യാനിയായത്. അഭയാർത്ഥികളായി എത്തുന്നവർക്കായി ഒരു സന്നദ്ധസംഘടന നടത്തിയിരുന്ന ഒരു ക്യാമ്പിലായിരുന്നു ഇയാൾ ആദ്യം താമസിച്ചതെങ്കിലും പിന്നീട് റൂട്ട്ലാൻഡ് അവെന്യൂവിൽ ഒരു സ്ഥലം വാടകയ്ക്ക് എടുത്ത് അങ്ങോട്ടേക്ക് മാറുകയായിരുന്നു. ഇയാൾക്കൊപ്പം മറ്റ് നാലുപേർ കൂടി ഉണ്ടായിരുന്നു. അവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.