ലക്‌നൗ: 'ഞാൻ ഒരിക്കലും വിചാരിച്ചില്ല ഈ റോഡിൽ ഞാൻ ഒരു ദിവസം വിമാനത്തിൽ വന്നിറങ്ങുമെന്ന്': പ്രധാനമന്ത്രിയുടെ വാക്കുകൾ ആണിത്. രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങൾ. സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം പൂർവാഞ്ചൽ എക്സ്‌പ്രസിൽ ലാൻഡ് ചെയ്ത നിമിഷങ്ങൾ. 341 കിലോമീറ്റർ വരുന്ന കിഴക്കൻ എക്‌സപ്രസ് വേയുടെ ഉദ്ഘാടനത്തോടെ, രാജ്യം തെളിയിച്ചത് പോർവിമാനങ്ങൾ പറപ്പിക്കാനും, ഇറക്കാനും ഉള്ള എക്സ്‌പ്രസ് വേ ഇടനാഴിയുടെ ശേഷി. കിഴക്കൻ യുപിയിലേക്കുള്ള പുതിയ ഒരു വാതിൽ മാത്രമല്ല, വ്യോമസേനയുടെ കരുത്തിന് വേഗം കൂട്ടുന്നത് കൂടിയാണിത്.

എക്സ്‌പ്രസ് വേയിൽ തന്നെ വിമാനം ഇറങ്ങാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം തന്നെ റോഡ് ഗതാഗതത്തിൽ മാത്രമല്ല, തന്ത്രപ്രധാന മേഖലയിലും വികസനത്തിന് സർക്കാർ എത്രമാത്രം പ്രധാന്യം നൽകുവെന്നതിന്റെ താൽപര്യം കൂടി തെളിയിക്കുന്നു. യുപി തലസ്ഥാനമായ ലക്‌നൗവിനെ കിഴക്കൻ ജില്ലകളായ മാവു, അസംഗഡ്, ബരാബങ്കി എന്നിവയുമായും മുഖ്യനഗരങ്ങളായ പ്രയാഗ് രാജും, വാരണാസിയുമായും ബന്ധിപ്പിക്കും.

വ്യോമസേനയുടെ കരുത്തു കൂട്ടും

എക്സ്‌പ്രസ് വേയ്ക്ക് 3.2 കിലോമീറ്റർ നീളം വരുന്ന ഒരു എയർസ്ട്രിപ്പുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിമാനം ഇറക്കാനും പറത്താനും ലക്ഷ്യമിട്ടാണ് എയർ സ്ട്രിപ്പ്. പോർ വിമാനങ്ങൾ മാത്രമല്ല, ഭാരമേറിയ ചരക്ക് വിമാനങ്ങളും ഇവിടെ ഇറക്കാം. പ്രധാനമന്ത്രി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിന് 20 ടൺ വഹിക്കാനുള്ള ശേഷിയുണ്ട്. ഉദ്ഘാടന നാളിൽ ഈ വിമാനം ഇറക്കിയത് തന്നെ പ്രധാനമന്ത്രിയുടെ നിശ്ചയപ്രകാരമാണ്.

യുദ്ധസമയത്ത് മാത്രമല്ല, മറ്റ് അടിയന്തര ഘട്ടങ്ങളിലും വ്യോമസേനയ്ക്ക് ഇവിടെ വിമാനം ഇറക്കാം. ഒരു പൂർണതോതിലുള്ള താവളം ഇവിടെ സജ്ജമാക്കുന്നതിനേക്കാൾ മേഖലയിൽ എയർ സ്ട്രിപ്പ് ഒരുക്കിയത് കുറഞ്ഞ ചെലവിലുള്ള ഒരു പരിഹാരം കൂടിയാണ്. രാജ്യത്തെ പ്രതിരോധ മേഖലയെ പതിറ്റാണ്ടുകളായി അവഗണിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ പോർവിമാനങ്ങളുടെ ഗർജ്ജനമെന്ന് മോദി പറഞ്ഞത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തോടാണ്.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് 45 മിനിറ്റ് എയർഷോയും ഉണ്ടായിരുന്നു. എയർ സ്ട്രിപ്പിൽ നിന്ന് പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സാക്ഷിയാക്കി സുഖായിയും, മിറാഷും, ററഫാലും, എൻ 32 വും എല്ലാം നിമിഷ നേരം കൊണ്ട് പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാഴ്ച തന്നെയായിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക ചുവട് വയ്പ്

അടത്ത വർഷം യുപിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൂർവാഞ്ചൽ എക്സ്‌പ്രസിന്റെ വരവ്. 2018 ലാണ് മോദി തറക്കല്ലിട്ടത്. മൂന്നുവർഷം കൊണ്ട് 22,500 കോടി മുടക്കിയാണ് നിർമ്മാണം. പുതിയ റോഡ് വികസനത്തിന്റെ കാഹളമൂതും എന്നാണ് യോഗി സർക്കാരിന്റെ അവകാശവാദം.

ലക്‌നൗ-സുൽത്താൻപൂർ ഹൈവേയിലെ ചന്ദ്‌സാരായി ഗ്രാമത്തിൽ നിന്നാണ് 341 കിലോമീറ്റർ വരുന്ന പൂർവാഞ്ചൽ എക്സ്‌പ്രസ് വേ തുടങ്ങുന്നത്. ബരാബങ്കി, അമേഠി, സുൽത്താൻപൂർ, ഫൈസാബാദ്, അംബേദ്കർ നഗർ, അസംഗ്, മാവു എന്നിവിടങ്ങളിലൂടെ കടന്നുപോയി ഗസ്സിപൂരിലെ ഹൽദാരിയ ഗ്രാമത്തിൽ അവസാനിക്കുന്നു.

യുപിയെ ഡൽഹിയുമായും ബിഹാറുമായും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ എക്‌സപ്രസ് വേയാണ് പൂർവാഞ്ചൽ. നോയിഡയ്ക്കും ആഗ്രയ്ക്കും മധ്യേയുള്ള ഭാഗം മായാവതി സർക്കാരിന്റെ കാലത്താണ് നിർമ്മിച്ചത്. അഗ്ര-ലക്‌നൗ 300 കിലോമീറ്റർ താജ് എക്സ്‌പ്രസ് വേ അഖിലേഷ് യാദവിന്റെ കാലത്തും.

സവിശേഷതകൾ

*ഡൽഹിയിൽ നിന്ന് യുപിയുടെ കിഴക്കൻ അതിർത്തി വരെ 10 മണിക്കൂറിൽ എത്താം

* ആറ് വരി പാത ഭാവിയിൽ 8 വരി പാത ആക്കിയേക്കും

* ചെലവ് 22,500 കോടി

* യുപിയുടെ കിഴക്കൻ മേഖലയ്ക്ക് വിതസന കുതിപ്പ് നൽകും

* ലക്‌നൗവിനെ യുപിിയലെ ചെറിയ പട്ടണങ്ങളുമായി ബന്ധിപ്പിക്കും

* പൂർവാഞ്ചലിന് പുറമേ മൂന്നു എക്സ്‌പ്രസ് വേകൾ കൂടിവരുന്നു. പ്രതിരോധ ഇടനാഴി കൂടാതെ, ഇതിനകം പ്രവർത്തനം തുടങ്ങിയ ആഗ്ര-ലക്‌നൗ, യമുന എക്സ്‌പ്രവേകൾ വിവിധ ഘട്ടങ്ങളിലാണ്.

* 2016 ന് ശേഷം വിവിധ എക്സ്‌പ്രസ് വേ പദ്ധതികൾക്ക് തുടക്കമിട്ടു. പൂർവാഞ്ചൽ, ഗോരഖ്പൂർ ലിങ്ക്, ഗംഗ, ബുന്ദേൽഖണ്ഡ് എക്സ്‌പ്ര്‌സ് വേകൾ

യുപി എക്സ്‌പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് അഥോറിറ്റിക്കാണ് നിർമ്മാണ ചുമതല. ഇവയെല്ലാം പൂർത്തിയായാൽ യാത്രാവേഗം, കൂടുന്നതിനൊപ്പം, തൊഴിലവസങ്ങൾക്കും, സാമ്പത്തിക വളർച്ചയക്കും ആക്കം കൂടും.

എക്സ്‌പ്രസ് വേകൾ എല്ലാം പൂർത്തിയാകുന്നതോടെ, ഡൽഹി, യുപിയുമായി കൂടുതൽ അടുക്കും. ഒരുദിവസത്തിൽ കുറവ് സമയത്ത്, യുപിയിൽ എവിടെയും ഓടിയെത്താൻ കഴിയും.