- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല '' എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്സിന്റെ വാക്കുകൾ; ''ഇത് ഇന്ത്യയല്ല ബ്രിട്ടനാണ്'' എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്സുമാർ സമ്മർദത്തിൽ
ലണ്ടൻ: 'ഷൂ കെട്ടാനോ, ഞാനോ?'', ചോദ്യം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ റെസ്പിറേറ്ററി വാർഡിൽ നിന്നും. ചോദ്യകർത്താവ് നാട്ടിൽ നിന്നും ബ്രിട്ടണിൽ എത്തി ഏതാനും ആഴ്ചകൾ മാത്രം പിന്നിട്ട മലയാളി നഴ്സിന്റേത്. ചോദ്യം കേൾക്കേണ്ടി വന്നത് ഇംഗ്ലീഷുകാരിയായ മാനേജർക്ക്. ഉടൻ വന്നു ഉത്തരവും. 'ഇത് ഇന്ത്യയല്ല, ബ്രിട്ടനാണ്, പേഷ്യന്റ് കെയർ എന്നത് മരുന്ന് നൽകൽ മാത്രമല്ല.'' സംഭവം റിപ്പോർട്ടിങ് ആയി മാനേജ്മെന്റിന് മുന്നിൽ എത്തിയിരിക്കുന്നു. നടപടി ഉണ്ടോ ഇല്ലയോ എന്നതൊക്കെ വഴിയേ അറിയാം .
ബി എസ് സി നഴ്സിങ് കഴിഞ്ഞ ഉടനെ നാട്ടിൽ കാര്യമായി ജോലിയൊന്നും ചെയ്യാതെ യുകെയിൽ എത്തിയ 21 കാരിയായ മലയാളിയാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. ബിഎസ്സി നഴ്‌സായ താൻ എന്തിന് രോഗിയുടെ ഷൂ വൃത്തിയാക്കി കെട്ടിക്കൊടുക്കണം എന്നാണ് മാനേജരോട് യുവതിയുടെ ചോദ്യം. മെഡിസിൻ കൊടുക്കലാണ് തന്റെ ജോലിയൊന്നും ബാക്കിയൊക്കെ കെയറർ ചെയ്യേണ്ടതല്ലേ എന്നുമൊക്കെ വടിവൊത്ത ഇംഗ്ലീഷിൽ തട്ടി വിട്ടതോടെ മാനേജർക്കും നിയന്ത്രണം നഷ്ടമായി.ഇതോടെയാണ് ''നേഴ്സിങ് കെയർ 'എന്താണ് എന്ന് മനസിലാക്കാതെ ജോലി ചെയ്യാൻ എത്തിയ മലയാളി നഴ്സിന് ചുട്ട മറുപടി നൽകി മാനേജർ വാ അടപ്പിച്ചത്.
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് യുകെയിലെ രണ്ടാം കുടിയേറ്റത്തെ സജീവമാക്കിയ ആയിരക്കണക്കിന് മലയാളി നഴ്സുമാരുടെ പൊതു അഭിപ്രായം. ഇവരിൽ നല്ല പങ്കും ജനറൽ നഴ്സിങ് പഠിച്ചു വന്നവരാണെങ്കിലും കഷ്ടപ്പാടും ആത്മാർത്ഥതയും കൈമുതലാക്കിയതോടെ പത്തു വർഷം കഴിഞ്ഞപ്പോൾ തന്നെ ഓരോ എൻഎച്എസ് ട്രസ്റ്റിലെയും പുഞ്ചിരിക്കുന്ന മുഖങ്ങളായി മാറി, മിക്കവാറും പേരും മികച്ച പൊസിഷനുകളും സ്വന്തമാക്കി. തങ്ങൾക്കു പലതും പഠിക്കാനും അറിയാനും ഉണ്ടെന്ന മിനിമം സാമാന്യ ബോധമാണ് പറിച്ചു നടപ്പെട്ട നാട്ടിലും കരുത്തോടെ വളരാൻ പഴയ മലയാളി സമൂഹത്തിനു തുണയായതും പുതിയ കുടിയേറ്റക്കാരിൽ പലരെയും തളർത്തുന്നതും.
പ്രയാസങ്ങളും സമ്മർദങ്ങളും ഏറെ, പലരും ദിവാസ്വപ്നത്തിൽ, പക്ഷെ അവർക്കും പറയാനുണ്ട്.
കേരളത്തിൽ നിന്നും പത്തു പൈസ മുടക്കാതെ വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസ സൗകര്യവും സ്വന്തമാക്കി എത്തിയ പുതു തലമുറ മലയാളി നഴ്സുമാരിൽ കുറച്ചു പേരെങ്കിലും ദിവാ സ്വപ്നത്തിലാണ്. ബ്രിട്ടൻ എന്ന മായാലോകത്തു ആടിപ്പാടി രോഗികൾക്കിടയിൽ മരുന്ന് മാത്രം നൽകി ലക്ഷകണക്കിന് രൂപയുമായി വീട്ടിലേക്കു മടങ്ങാം എന്ന് ചില ഏജൻസികൾ എങ്കിലും നൽകിയ വാക്കുകളിൽ മനം മയങ്ങിയവർ രോഗിയുടെ ഷൂ ധരിപ്പിക്കാൻ പറയുമ്പോൾ വിമ്മിട്ടപ്പെടുന്നതിൽ അതിശയിക്കേണ്ടതില്ല. കാരണം ഇതൊന്നും തങ്ങളുടെ ജോലിയുടെ ഭാഗം അല്ലെന്നാണ് ജീവിത പരിചയക്കുറവുള്ള യുവ നേഴ്സുമാരുടെ ചിന്ത. ഇതോടെ സ്വതവേ അലസരായ ബ്രിട്ടീഷ്‌സഹ പ്രവർത്തകർക്കിടയിൽ മുഖം നഷ്ടപ്പെടുകയാണ് പുതു തലമുറയിൽ പലർക്കും. എന്നാൽ കഠിനമായി ജോലി ചെയ്തിരുന്ന ഇപ്പോൾ വിരമിക്കൽ കാലത്തിലേക്ക് കടക്കുന്ന പഴയ കാല മലയാളി നഴ്‌സുമാരെക്കുറിച്ചു മൊത്തത്തിൽ നല്ല അഭിപ്രായം പറയാനില്ലാത്ത ഒരു മാനേജർ പോലും എൻഎച്ചസിൽ ഉണ്ടാകില്ല. അവിടെയാണ് പഴമക്കാരും പുതിയവരും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം ആരംഭിക്കുന്നത്.
എന്നാൽ പുതുതായി എത്തിയവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അവർക്കും ചിലതു പറയാനുണ്ടാകും. ഇപ്പോൾ ജോലി ചെയ്യുന്നവരിൽ നല്ല പങ്കും കോവിഡിന് തൊട്ടു മുൻപും മഹാമാരി ആഞ്ഞടിച്ച കാലത്തും വന്നു പെട്ടവരാണ്. അതായതു എൻഎച്എസിന്റെ ഏറ്റവും വലിയ പ്രയാസകാലത്തു മുന്നിൽ നിന്ന് പോരാടാൻ ഏറ്റവും അധികം പേരും യുവ തലമുറക്കാരായ നഴ്‌സുമാരും ഡോക്ടർമാരും തന്നെ ആയിരുന്നു. പഴമക്കാർ പലരും ഷീൽഡിങ് അടക്കമുള്ള മുൻ കരുതൽ അവധിയിൽ പോയപ്പോൾ രോഗികൾക്കായുള്ള കിടക്കകൾ പോലും തപ്പി നടന്നത് യുവ ഡോക്ടർമാരാണ്. കോവിഡ് കാലത്തു എത്തിയവർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുവാൻ പോലും പലയിടത്തും സമയം ലഭിച്ചില്ല. തുടർച്ചയായി ലഭിക്കേണ്ട പല പരിശീലന ക്ളാസുകളും മുടങ്ങി. ഇതിന്റെയൊക്കെ ഫലമായി കടുത്ത മാനസിക സമ്മർദത്തിലേക്കാണ് ഇവരൊക്കെ എത്തിപെട്ടിരിക്കുന്നത്. ഇതിന്റെ പരിണത ഫലമാണ് മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ഷൂ പൊട്ടിത്തെറി പോലെയുള്ള സംഭവങ്ങളിലേക്ക് വഴി തുറക്കുന്നത്.
വന്ന വഴി മറക്കാതെ പോയവർ, അനുഭവങ്ങൾ കരുത്താക്കിയവർ
വന്ന വഴി മറക്കാതെ കാത്തുസൂക്ഷിച്ചു എന്നതാണ് പഴയ തലമുറയിലെ നഴ്സുമാരുടെ കരുത്തെന്ന് കാലം തെളിയിച്ച കാര്യമാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതകളുമായി നാട്ടിൽ നിന്നുംവന്നവരാണ് പഴയകാല മലയാളി നഴ്സുമാർ എന്നത് തന്നെ തൊഴിൽ ഇടങ്ങളിൽ ക്ഷമയോടെ ജോലി ചെയ്യാൻ അവരെ കരുത്തുള്ളവരാക്കി മാറ്റിയിരുന്നു. ഭൂരിഭാഗം പേരും നേഴ്സിങ് / കെയർ ഹോമുകളിലും വൃദ്ധ രോഗി പരിചരണവുമായി രാപ്പകൽ കഷ്ടപ്പെട്ടവർ. ഷൂ അണിയിക്കൽ മാത്രമല്ല , മലമൂത്ര വിസർജ്ജനം എടുക്കുവാനും എം ആർ എസ് എ പോലെയുള്ള പകർച്ച വ്യാധി രോഗങ്ങളെ പോലും സധൈര്യം അഭിമുഖീകരിക്കാൻ വിമ്മിട്ടപ്പെടാത്തവരും ആയിരുന്നു. ഒന്നോ രണ്ടോ കെയർ ജീവനക്കാർ ഇല്ലെങ്കിൽ പോലും ഷിഫ്റ്റിൽ ഒരു പരാതിയും വരുത്താതെ ജോലി സ്ഥലങ്ങളിൽ മികവ് കാട്ടിയവർ.
ഒരേ സമയം നഴ്സായും കെയർ ആയും ജോലി ചെയ്തവർ.നഴ്‌സായിരിക്കെ തന്നെ കെയർ ജോലിയിൽ ഒഴിവുണ്ടെങ്കിൽ കെയററുടെ പാതി ശമ്പളത്തിലും സന്തോഷത്തോടെ ജോലി ചെയ്തവർ.അവരൊക്കെ എൻഎച്എസിൽ എത്തിയപ്പോൾ ജോലി ഭാരം എന്നതൊരു പരാതിയായി മാറിയതേയില്ല. കാരണം നഴ്സിങ് ഹോമുകൾ നൽകാത്ത സുരക്ഷിത ബോധവും അധിക ആനുകൂല്യവും ജീവനക്കാർക്കുള്ള പൊതു അവകാശവും ഒക്കെ അവരെ തികച്ചും സംപതൃപ്തർആകുക ആയിരുന്നു. ഒരു പാട് കഷ്ടപാടുകൾക്കിടയിൽ നിന്നും വന്നവർ ആയതിനാൽ എൻഎച്എസിലെ ജോലിയിലെ അമിത ഭാരം ഒക്കെ സഹിക്കാനും അതിനൊപ്പം നീങ്ങാനും സ്വത സിദ്ധമായ കഴിവാണ് പഴയ കാല യുകെ മലയാളി നഴ്സുമാരെ കരുത്തുള്ളവരാക്കി മാറ്റിയതും ഇപ്പോൾ ഉയർന്ന പദവികളിൽ എത്താൻ സഹായിച്ചതും.
ജനറേഷൻ ഗ്യാപ് പലയിടത്തും പ്രശനമാകുന്നു
പലയിടത്തും പുതുതായി എത്തിയ മലയാളി നഴ്സുമാരെ പഴയ കാല നേഴ്സുമാർക്ക് അത്ര പിടിക്കുന്നില്ല എന്നതാണ് വാസ്തവം. മികച്ച ഇംഗ്ലീഷ് ഒക്കെ കയ്യിൽ ഉണ്ടെങ്കിൽ പോലും പൊതുവിൽ ജോലി ചെയ്യാൻ മടിയാണ് എന്നതാണ് പുതുക്കക്കാരെ സംബന്ധിച്ച പ്രധാന ആക്ഷേപം. ഞങ്ങൾക്കു ഈ ജോലിയില്ലെങ്കിലും കുഴപ്പമില്ല എന്ന് മുഖത്ത് നോക്കി പറയാൻ മടിക്കാത്തവരാണ് പുതുതായി വരുന്നവർ എന്നത് ജോലി സ്ഥലത്തു പല ഇടങ്ങളിലും തുറന്ന പോരിലേക്കു വരെ എത്തിക്കുകയാണ് / നാട്ടിൽ ഒരച്ഛന്റെയും അമ്മയുടെയും ഏക മകനോ മകളോ ആയി വളർന്നവർക്കു യുകെയിൽ എത്തി ഏതാനും മാസത്തിനകം സെറ്റിൽ ആകാൻ ഒരു കോടി രൂപ വരെ അയച്ചു കൊടുക്കുന്ന മാതാപിതാക്കളാണ് ഇന്നത്തെ തലമുറയെ അലസരാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവർ. എന്തിനാണ് യുകെയിലേക്കു ഇത്രയധികം തുക വീട് വാങ്ങാൻ അയക്കുന്നത് എന്ന് ചോദിച്ചാൽ മക്കൾ എത്രയുംവേഗം സെറ്റിൽ ആകട്ടെ എന്നാണ് ഉത്തരം.
അവർക്കു സെറ്റിൽ ആകാൻ സമയം ഉണ്ടല്ലോ എന്ന് പറഞ്ഞാലും അതല്ല ഒരു പാരിതോഷികം ഇരിക്കട്ടെ എന്നാണ് മാതാപിതാക്കളുടെ ഭാഷ്യം. പാരിതോഷികം പോയിട്ട് ചെറിയൊരു പുഞ്ചിരി പോലും പ്രിയപെട്ടവരിൽ നിന്നും ലഭിക്കാത്തവരാണ് പഴയ കാലത്തു പല വഴി കിതച്ചെത്തിയവർ പലരും. മാതാപിതാകകളിൽ നിന്നും ഒരു കോടി രൂപയൊക്കെ വാങ്ങിയെടുക്കുന്ന മക്കൾ അവർക്കായി തിരികെ സഹായം നൽകേണ്ട കാലം ഉടനെ വരും എന്നത് പോലും ഓർക്കാതെയാണ് കിട്ടാവുന്നത് മുഴുവൻ ഊറ്റിയെടുക്കുന്നത് എന്നതും പുതിയ പ്രവാസ മലയാളികളെക്കുറിച്ചുള്ള അപവാദങ്ങളിൽ മുന്നിട്ടു കേൾക്കുന്ന കാര്യവുമാണ്. ഇത്തരം പാരിതോഷികങ്ങൾ കിട്ടാൻ പ്രാപ്തിയുള്ളവർ വിരളം ആയിരിക്കുമെങ്കിലും മൊത്തത്തിൽ പുതുതായി എത്തുന്നവർക്ക് പഴയ കാല മലയാളി നഴ്‌സുമാരുമായി താരതമ്യം ചെയ്യുമ്പോൾ നൂറിലൊന്നു പോലും പ്രയാസം കൂടെയില്ല എന്നതാണ് വാസ്തവം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.