കണ്ണൂർ: വിവാദ കാർഷിക നിയമം പിൻവലിച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. രാജ്യത്തെ കർഷകർക്കു മുന്നിൽ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. കണ്ണൂരിൽ ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ പതനം കർഷകരുടെ സമരഭൂമിയിൽനിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരുകയാണ്. കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ അജൻഡയാണ് ജനാധിപത്യ ശക്തികൾ പൊളിച്ചടുക്കിയത്.പാർലമെന്റിനകത്തും പുറത്തും കർഷകർക്കൊപ്പം നിന്ന് കോൺഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തിയത്.

ഗാന്ധിയൻ മൂല്യങ്ങൾ ഉൾക്കൊണ്ട് സമാധാനപൂർവം നടത്തിയ സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കർഷകരുടെ പോരാട്ടത്തിന് സമാനതകളില്ലാത്ത വീര്യമാണ് ഉണ്ടായത്.വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിൻവാങ്ങലാണിത്. കർഷകരുടെ കരുത്തുറ്റ സമരത്തിന് മുന്നിൽ മുട്ട് മടക്കേണ്ടിവന്ന ഏകാധിപതിയാണ് മോദിയെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തകരും സജ്ജരാകണം. മോദി സർക്കാരിന്റെയും പിണറായി സർക്കാരിന്റെയും കഴിഞ്ഞ കാല ജനവിരുദ്ധ നടപടികൾ ജനങ്ങളിലെത്തിക്കുവാൻ പ്രാദേശികമായി പൊതുയോഗങ്ങൾ സംഘടിപ്പിച്ചും ജനകീയ പ്രശ്‌നങ്ങളിൽഇടപെട്ട് ജനവിശ്വാസം ആർജ്ജിക്കണം ഇതിനായിരിക്കണം പ്രവർത്തകർ പ്രാമുഖ്യം നൽകേണ്ടതെന്നും സുധാകരൻ പറഞ്ഞു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മുൻ എം എൽഎ എ ഡി മുസ്തഫ, പി ടി മാത്യു, എം നാരായണൻകുട്ടി, കെ സി മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.