തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്കെതിരേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഡിജിപിക്ക് പരാതി നൽകി. കഴിഞ്ഞ നവംബർ 16 ന് ഓൺലൈൻ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയ്ക്കെതിരെയാണ് പരാതി നൽകിയത്.

ചാനലിലെ വീഡിയോയിലൂടെ എസ്ഡിപിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത മൂവാറ്റുപുഴ അഷ്റഫ് മൗലവി കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും വർഗ്ഗീയ കലാപങ്ങൾക്കും നേതൃത്വം കൊടുക്കുന്നുണ്ടെന്നും കൈവെട്ട് കേസിൽ പ്രതിയായി മൂന്ന് - നാല് വർഷം ഖത്തറിൽ ഒളിവിലായിരുന്നെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തെങ്കിലും സ്വാധീനം മൂലം ജാമ്യം ലഭിച്ചുവെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 

വാർത്ത മൂലം തനിക്ക് പൊതുസമൂഹത്തിൽ വലിയ മാനഹാനിയാണ് സംഭവിച്ചിരിക്കുന്നത്. ഷാജൻ സ്‌കറിയയ്ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.