ബാൾട്ടിക് രാജ്യങ്ങളിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടാകുമെന്ന ആശങ്ക ഉയർന്നതോടെ ബ്രിട്ടീഷ് ടാങ്കുകളും സൈന്യവും ജർമ്മനിയിലേക്ക് തിരിച്ചെത്താനുള്ള ഉത്തരവ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമ്പുറപ്പെടുവിച്ചു. ശീതയുദ്ധത്തിന്റെ അവസാനത്തിൽ ജർമ്മനിയിൽ നിന്നും പതിനായിരക്കണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെ പിൻവലിച്ചിരുന്നു. മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറമാണ് ഇപ്പോൾ വീണ്ടും ബ്രിട്ടീഷ് സൈന്യം ജർമ്മൻ മണ്ണിൽ കാലുകുത്തുന്നത്.

യൂറോപ്പിന്റെ കിഴക്കൻ അതിർത്തികളിൽ റഷ്യൻ സൈനിക സാന്നിദ്ധ്യത്തിന് ശക്തി വർദ്ധിക്കുന്നതിനനുസരിച്ച് നാറ്റോ സഖ്യവും അവരുടെ സൈനിക ബലം മേഖലയിൽ വർദ്ധിപ്പിക്കുന്നുണ്ട്. ആശങ്കപ്പെടുന്നതുപോലെ ലാറ്റ്‌വിയ ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലേക്ക് റഷ്യൻ കടന്നുകയറ്റമുണ്ടായാൽ സത്വര നടപടി കൈക്കൊള്ളുന്നതിനാണ് ഇപ്പോൾ കിഴക്കൻ അതിർത്തിയിൽ റഷ്യ സൈനിക ബലം വർദ്ധിപ്പിച്ചിരിക്കുന്നത്.

ഡിഫൻസ് സെക്രട്ടറി ബെൻ വാലസാണ് ഇക്കാര്യം കഴിഞ്ഞദിവസം പാർലമെന്റിൽ അറിയിച്ചത് വിൽറ്റ്ഷയറിലെ സൈനിക ക്യാമ്പിൽ ഇരുന്നാൽ, പുതിയപുതിയ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും നിദാന്ത പരിശീലനം നടത്തുകയും ചെയ്യുന്ന റഷ്യയെ പോലൊരു ശത്രുവിനെ നേരിടാൻ കഴിയില്ല എന്നാണ് അദ്ദേഹം പാർലമെന്റിൽ പറഞ്ഞത്.അടുത്തവർഷം ആദ്യമായിരിക്കും ബ്രിട്ടീഷ് സൈന്യം സെൻട്രൽ ജർമ്മനിയിലെ സെന്നേലേഗറിൽ എത്തുക. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രധാന പരിശീലനകേന്ദ്രമായിരുന്നു ഇവിടം.

യുദ്ധോപകരണങ്ങളും, ആയുധങ്ങളു, യുദ്ധോപകരണങ്ങൾ പരിപാലിക്കുന്നതിനായുള്ള സിവിലിയൻ കോൺട്രാക് ടറുമൊക്കെ അടങ്ങിയ വൻ സംഘമായിരിക്കും ഇവിടെ എത്തുക. കെനിയയിലും ഒമാനിലും സമാനമായ കേന്ദ്രങ്ങൾ ഒരുക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി അറിയിച്ചു. മദ്ധ്യ പൂർവ്വ മേഖലയിലും ആഫ്രിക്കയിലും ബ്രിട്ടന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിനായാണിത്. സെന്നെലേഗറിൽ പരിശീലന ക്യാമ്പ് ഒരുക്കുമ്പോഴും ഏറ്റവും അടുത്തുള്ള ബാൾട്ടിക് രാജ്യാതിർത്തിയിൽ നിന്നും 800 മൈൽ ദൂരത്തായിരിക്കും സൈന്യം നിലയുറപ്പിക്കുക.

തായ്വാൻ കടലിടുക്കിലും സംഘർഷം മുറുകുന്നു

ചൈന തായ്വാൻ പിടിച്ചടക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ഒരു യുദ്ധം അനിവാര്യമെന്ന തിരിച്ചറിവിൽ അമേരിക്ക നാവിക കപ്പലുകൾ തായ്വാൻ കടലിടുക്കിലെത്തി. തായ്വാന്റെ കാര്യത്തിൽ അമേരിക്കയുമായി ഒരു യുദ്ധത്തിന് ചൈന ഒരുങ്ങുകയാണെന്നാണ് സൈനിക മേഖലയിലെ വൻ നിക്ഷേപങ്ങൾസൂചിപ്പിക്കുന്നത്. അതിനു പുറമേയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തായ്വാൻ ചൈനയോട് കൂട്ടിച്ചേർക്കണമെന്ന ആഗ്രഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞത്.

എന്നാൽ ചൈനയെ ഈ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അമേരിക്ക മേഖലയിലെ സൈനികശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. തായ്വാൻ സ്വതന്ത്രമായി നിൽക്കേണ്ടത് ജപ്പാന്റെ സുരക്ഷിതത്തിനും അത്യാവശ്യമാണ്. കാരണം, തായ്വാൻ ഭരിക്കുന്നവരായിരിക്കും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ജീവനാഡികളായ കപ്പൽ ചാലുകൾ നിയന്ത്രിക്കുന്നതും. അതുകൊണ്ടു തന്നെ തായ്വാൻ ചൈനയുടെ കീഴിൽ വന്നാൽ, ചൈനയ്ക്ക് ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താനാവും.

ചൈന തായ്വാനെ ആക്രമിച്ചാൽ അമേരിക്ക തായ്വാന്റെ സഹായത്തിനെത്തുമെന്ന് ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞിട്ടുണ്ട്. അത് പ്രാവർത്തികമാക്കണമെങ്കിൽ ഈ മേഖലയിൽ അമേരിക്കയുടേ സൈനിക ബലം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. പുറത്ത് സംഘർഷം ശക്തി പ്രാപിക്കുമ്പോഴും തായ്വാനിലെ ജനങ്ങൾ അതിനെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം സി എൻ എൻ നടത്തിയ അഭിമുഖത്തിൽ തെളീഞ്ഞത്. തായ്പേയിലെ തെരുവുകളിൽ കണ്ടുമുട്ടിയ സാധാരണക്കാരുമായിട്ടായിരുന്നു അഭിമുഖം.