- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് മുഴുവൻ സവർണ ജാതിക്കാർ; ഈഴവനും പട്ടികജാതിക്കാർക്കും അവഗണന; വിജിലൻസ് അന്വേഷണം നേരിടുന്നയാളെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം: ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ ഭിന്നത രൂക്ഷം
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിന്ന് ഈഴവരെയും പട്ടികജാതിക്കാരെയും ഒഴിവാക്കിയെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയായി വിജിലൻസ് അന്വേഷണം നേരിടുന്നയാളെ നിയമിക്കാനുള്ള നീക്കത്തെ ചൊല്ലി ഇടത് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ തർക്കം രൂക്ഷം.
രണ്ട് ആശ്രിതനിയമനങ്ങളിലൂടെ വിവാദ പുരുഷനായ ഹരികുമാറിനെ ബോർഡ് പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ ശിപാർശ ചെയ്തത ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സെക്രട്ടറിയേറ്റ് യോഗമാണ്. ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ തന്നെ രണ്ട് ആശ്രിത നിയമനം നേടിയ ആളാണ് ഹരികുമാർ. ആദ്യ ആശ്രിത നിയമനം ശാന്തിക്കാരനായിട്ടായിരുന്നു. രണ്ടാമത് ക്ലറിക്കൽ തസ്തികയിലും നിയമനം ലഭിച്ചു. ഒരാൾക്ക് രണ്ട് ആശ്രിത നിയമനമെന്നത് ചട്ട വിരുദ്ധമാണ്. ഇതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നടന്നു വരികയുമാണ്.
ഇടത് ജീവനക്കാരുടെ സംഘടനയുടെ ഭാരവാഹിത്വവും ബോർഡിലെ സുപ്രധാന സ്ഥാനങ്ങളും സവർണ ഹിന്ദു വിഭാഗങ്ങൾക്ക് മാത്രം വീതം വയ്ക്കുന്നതായി ആരോപണം നിലനിൽക്കുകയാണ്. ഇക്കുറി ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിച്ചപ്പോൾ ഏറ്റവും വലിയ ഹൈന്ദവ ജനവിഭാഗമായ ഈഴവ സമുദായത്തെ തഴഞ്ഞതിൽ എസ്എൻഡിപി യോഗ നേത്യത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ അഡ്വ. കെ. അനന്തഗോപന്റെ പൈവറ്റ് സെക്രട്ടറി നിയമന വിവാദമാണ് ഇപ്പോൾ കൊഴുക്കുന്നത്.
ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷനിലും രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തത് ഇടത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല സംഘടനയായ എംപ്ലോയീസ് കോൺഫഡറേഷൻ വിജയിച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കും എന്ന് ഭീഷണിപ്പെടുത്തി വിവാദ പ്രസംഗം നടത്തിയ ആളാണ് യൂണിയൻ നേതാവ് ഹരികുമാർ എന്ന് പറയുന്നു. ഇങ്ങനെയുള്ളയാളെ അനന്തഗോപന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ കോൺഫഡറേഷന്റെ സെക്രട്ടറിയേറ്റ് യോഗം ശിപാർശ ചെയ്തതാണ് വിവാദമായിട്ടുള്ളത്.
അനധികൃതമായി ദേവസ്വം ബോർഡിൽ നിയമിക്കപ്പെട്ടതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഈ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനെതിരെ ഒരു വിഭാഗം സെക്രട്ടറിയേറ്റ് അംഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ അംഗങ്ങളെയും അറിയിക്കാതെയാണ് ഈ യോഗം ചേർന്നതെന്ന ആരോപണവും നിലവിലുണ്ട്.
ദേവസ്വം ഗസ്റ്റ് ഹൗസിന്റെ ചുമതലയിലിരിക്കെ മുറികൾ അനധിക്യതമായി വാടകയ്ക്ക് നൽകി പണം വാങ്ങിയതിന് മുൻ ദേവസ്വം പ്രസിഡന്റ് കൈയോടെ പിടികൂടി പുറത്താക്കിയ, ആറന്മുള ഗ്രൂപ്പിലെ ജീവനക്കാരനെ ബോർഡ് പ്രസിഡന്റിന്റെ ക്യാംപിലേക്ക് നിയമിച്ചതിനെ ചൊല്ലിയും ഇടതു സംഘടനയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. ദളിതനായ അനന്തകൃഷ്ണനെ ശാന്തിക്കാരനായി നിയമിച്ച ചരിത്രം പറയുന്ന ഇടത് നേത്യത്വത്തിലുള്ള ദേവസ്വം ബോർഡിലെ ദേവസ്വം പ്രസിഡന്റ് അംഗങ്ങൾ ദേവസ്വം സെക്രട്ടറി, ദേവസ്വം കമ്മീഷണർ തുടങ്ങിയ സുപ്രധാന പോസ്റ്റുകളുടെ പ്രൈവറ്റ് സെക്രട്ടറി ചുമതലകളിൽ ഒന്നിലും പട്ടികജാതി പിന്നോക്ക വിഭാഗക്കാരായ ഉദ്യോഗസ്ഥരില്ല എന്നും ഒരു വിഭാഗം പ്രവർത്തകർക്ക് പരാതിയുണ്ട്.
ഇലന്തൂർ സ്വദേശിയും വിവാദ കൊലക്കേസ് പ്രതിയുമായ കോഴിക്കടക്കാരനെ അച്ചൻകോവിൽ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി നിയമിച്ച് എന്ത് തരികിടയും ഇവിടെ നടത്താം എന്ന് തെളിയിച്ചതാണ് ദേവസ്വം ബോർഡ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്