നാഴികയ്ക്ക് നാല്പതുവട്ടം അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന സഖാക്കൾ അറിയാതെ പോയ അല്ലെങ്കിൽ അറിഞ്ഞെന്ന് നടക്കാതെപോയ ഒരു കാര്യമുണ്ട്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായി കമ്മ്യുണിസ്റ്റ് ചൈന മാറിയിരിക്കുന്നു എന്നത്. അന്ന് കൈയൂക്കിന്റെയും ആധുനിക ആയുധങ്ങളുടെയും ബലത്തിലാണ് ബ്രിട്ടനും മറ്റ് പാശ്ചാത്യ ശക്തികളും ലോകമെമ്പാടും കോളനികൾ സ്ഥാപിച്ചതെങ്കിൽ, സാമ്പത്തിക സഹായം എന്ന കെണിയൊരുക്കിയാണ് ചൈന കോളനിവത്ക്കരണം നടത്തുന്നത്. ചൈനയുടേ കുരുട്ടുബുദ്ധിയിൽ പെട്ടവരിൽ 42-ഓളം കോമൺവെൽത്ത് രാജ്യങ്ങളും ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുത തന്നെയാണ്.

ലോകശക്തിയായി മാറണമെന്ന ചൈനയുടെ തുടരുന്ന ആശയുടെ ഭാഗമായി 2005 മുതൽ 42 കോമൺവെൽത്ത് രാജ്യങ്ങളിലായി 914 ബില്ല്യൺ അമേരിക്കൻ ഡോളറാണ് ചൈന നിക്ഷേപിച്ചിരിക്കുന്നത്. കരീബിയൻ മേഖലയിലും ദുർബലരായ പല കോമൺവെൽത്ത് രാജ്യങ്ങളിലും ചൈന സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ പതിറ്റാണ്ടുകളായി ബ്രിട്ടൻ ഉറങ്ങുകയാണെന്നാണ് വിദേശകാര്യ വിദഗ്ദർ കുറ്റപ്പെടുത്തുന്നത്.

താരതമ്യേന ദരിദ്രരായ ബാർബഡോസ്, ജമൈക്ക എന്നീ രാജ്യങ്ങൾക്ക് കോടിക്കണക്കിന് ഡോളർ വായ്പയായി നൽകിയ ചൈനയുടെ പ്രതീക്ഷ അവർക്ക് ആ തുക തിരിച്ചു നൽകാനാവില്ല എന്നുതന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈട് നൽകിയിരിക്കുന്ന ആസ്തികൾ ചൈനയ്ക്ക് സ്വന്തമാകും. ചില കാര്യങ്ങളിൽ തുറമുഖങ്ങളും, സുപ്രധാനമായ നാവിക പാതകളുമൊക്കെ ഇത്തരത്തിൽ ഈടായി നൽകിയിട്ടുണ്ട്. ഇന്ന് ചൈനയോട്, ശക്തിയുടെ കാര്യത്തിൽ കിടപിടിക്കാൻ കഴിയുന്ന അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമെതിരെ വെല്ലുവിളി ഉയർത്തുക എന്നതുതന്നെയാണ് ഇത്തരം നടപടികളിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്.

അമേരിക്കൻ എന്റപ്രൈസ് ഇൻസ്റ്റിറ്റിയുട്ടിന്റെ കണക്കുകൾ പ്രകാരം ബാർബഡോസിൽ റോഡുകൾ, വീടുകൾ, മാലിന്യ നിർമ്മാർജ്ജനം എന്നീ മേഖലകളിലായി ചൈന നിക്ഷേപിച്ചിരിക്കുന്നത് ഏകദേശം 650 മില്യൺ ഡോളറാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഈ കരീബിയൻ ദ്വീപ് രാഷ്ട്രം റിപ്പബ്ലിക്കായി മാറിയതോടെ ബ്രിട്ടനിൽ നിന്നും അകലം പാലിക്കുകയാണ്. തൊട്ടടുത്തുള്ള ജമൈക്കയിൽ ചൈന നിക്ഷേപിച്ചിരിക്കുന്നത് 3.4 ബില്യൺ ഡോളറാണ്. കരീബിയൻ മേഖലയിൽ ഏറ്റവും അധികം ചൈനീസ് സാമ്പത്തിക സഹായം കൈപ്പറ്റിയ രാജ്യമാണ്ജമൈക്ക.

ഹോങ്കോംഗിൽ ചൈന ഏർപ്പെടുത്തിയ കരാള നിയമത്തിനെ പിന്തുണയ്ക്കാനുള്ള പ്രമേയം ചൈന ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചപ്പോൾ അവശേഷിക്കുന്ന 16 കോമൺവെൽത്ത് രാജ്യങ്ങളി രണ്ടെണ്ണമായ പാപ്പുവാ ന്യു ഗിനിയയുടെയും, ആന്റിഗുവ്വ ആൻഡ് ബാർബുഡയുടേയും പിന്തുണ ചൈനയ്ക്ക് ലഭിച്ചിരുന്നു എന്നതോർക്കണം. ഇതിൽ പാപ്പുവ ന്യു ഗിനിയയ്ക്ക് ഇക്കാര്യത്തിൽ ചൈനയെ പിന്തുണച്ച മറ്റൊരു രാജ്യമായ സിയാറ ലിയോണിയിൽ അവരുടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 145 ശതമാനമാണ് ചൈന മുതൽ മുടക്കിയിരിക്കുന്നത്. ഇവരെ കൂടാതെ ചൈന കൈയയച്ച് സഹായിച്ച സാംബിയ, ലെസോതോ, കാമറൂൺ, മോസാംബിക് തുടങ്ങിയ രാജ്യങ്ങളും അന്ന് ചൈനയെ പിന്തുണച്ചിരുന്നു.

അതിനിടയിലെ നിലവിലെ കോമൺവെൽത്ത് ഡെവലപ്മെന്റ് കോർപ്പറേഷനു പകരം ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഏജൻസി രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടരി ലിസ് ട്രസ്സ് പ്രഖ്യാപിച്ചിരുന്നു. 2025 ആകുമ്പോഴേക്കും വിവിധ കോമൺവെൽത്ത് രാജ്യങ്ങളിൽ 10.6 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. എന്നാൽ, ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം ചൈന മുതലെടുത്തു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്.

ഇപ്പോൾ ശീതസമരം പുനരാരംഭിച്ച സാഹചര്യത്തിൽ ചൈനയുടേ നീക്കത്തെ ഗൗരവത്തോടെ കാണണമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. ധനസഹായത്തിലൂടെ കെണിയൊരുക്കി പല രാജ്യങ്ങളിലേയും തന്ത്രപ്രധാനങ്ങളായ തുറമുഖങ്ങളുടെയും, വിമാനത്താവളങ്ങളുടെയും, അന്താരാഷ്ട്ര കപ്പൽ ചാനലുകളുടെയും നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല ചൈനയുടേ ഉദ്ദേശം. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര വേദികളിൽ വോട്ടെടുപ്പുകൾ നടക്കുമ്പോൽ തങ്ങൾക്ക് അനുകൂലമായി പരമാവധി വോട്ടുകൾ ശേഖരിക്കുക എന്നതും ചൈനയുടെ ഉദ്ദേശമാണ്.

ബ്രിട്ടന്റെ അന്താരാഷ്ട്ര സഹായം ഏറ്റവുമധികം കൈപ്പറ്റിയിരുന്ന പാക്കിസ്ഥാന് ചൈനയിൽ നിന്നും 80 ബില്യൺ ഡോളറിന്റ് സഹായമാണ് ലഭിച്ചത്. ഇത് പാക്കിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ അഞ്ചിലൊന്നു വരും. മാത്രമല്ല, ഇപ്പോൾ 70 ശതമാനം ആയുധങ്ങളും പാക്കിസ്ഥാൻ വാങ്ങുന്നത് ചൈനയിൽ നിന്നാണ്. ഇതിൽ ഏറെയും ആയുധങ്ങൾ പാക്കിസ്ഥാൻ സർക്കാർ താലിബാന് നൽകി എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ചൈന ഉന്നംവയ്ക്കുന്നത്. അങ്ങനെയായാൽ, ധനസഹായത്തിന്റെ പേരിൽ ചൈനയ്ക്ക് അഫ്ഗാനിസ്ഥാനെ സ്വാധീനിക്കാൻ സാധിക്കും. അതുവഴി അഫ്ഗാനിസ്ഥാനിലെ കൽക്കരി, ചെമ്പ്, ഇരുമ്പയിര്, രത്നക്കല്ല് നിക്ഷേപങ്ങൾ ചൈനയുടെ കൈവശത്ത് വന്നു ചേരുമെന്നും ചൈന പ്രതീക്ഷിക്കുന്നു.

നേരത്തേ, വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായതോട് ഈടായി നൽകിയ ഹാംബണ്ടൊട്ട തുറമുഖവും അതോട് ചേർന്നുള്ള 15000 ഏക്കർ ഭൂമിയും 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് കൈമാറാൻ ശ്രീലങ്ക നിർബന്ധിതമായിരുന്നു. ഇത് ഇന്ത്യയ്ക്ക് ആധിപത്യമുള്ള കപ്പൽ ചാനലിൽ ചൈനയ്ക്കും സാന്നിദ്ധ്യം ഉണ്ടാക്കികൊടുത്തു. കഴിഞ്ഞകാലത്ത് തായ്വാനുമായുൾല ബന്ധം ഉപേക്ഷിക്കാൻ തയ്യാറായ രാജ്യങ്ങളെ ചൈന കൈയയച്ച് സഹായിച്ചിരുന്നു.

ഇത്തരത്തിൽ തായ്വാനുമായുള്ള ബന്ധം ഉപേക്ഷിച്ച, കേവലം 1.8 ബില്യൺ ഡോളർ മാത്രം വരുമാനമുള്ള ഗ്രനേഡയിൽ 55 മില്യൺ ഡോളർ ചെലവ് വരുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയം ചൈന നിർമ്മിച്ചു നൽകിയിരുന്നു. അതുപോലെ 2018-ൽ തായ്വാനുമായുള്ള ബന്ധം ഉപേക്ഷിച്ച ഡൊമിനിക്കൻ റിപ്പബ്ലിക്കിനും 3 ബില്യൺ ഡോളറിന്റെ സഹായം ചൈനയിൽ നിന്നും ലഭിച്ചു.

എന്നാൽ, പഴയതുപോലെ പ്രമേയങ്ങൾ പാസ്സാക്കുവാൻ വോട്ടുകൾ വിലയ്ക്കെടുക്കുന്ന രീതി ചൈന മാറ്റിയിരിക്കുന്നു. ഇപ്പോൾ സാമ്പത്തിക ഇടപാടുകളിലൂടെ ലോകം കീഴടക്കുവാനാണ് ചൈനയുടേ ശ്രമം. അതുവഴി ചൈനാക്കാർക്ക് തൊഴിൽ നൽകാനുംസഹായം സ്വീകരിക്കുന്ന രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കുവാനും ചൈനയ്ക്ക് കഴിയും. 2018-ൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ചൈനയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അടുത്തകാലത്ത് ജമൈക്കയിലെ കിങ്സ്റ്റൺ ഫ്രീപോർട്ടിന്റെ ചുമതല്ഖ ഒരു ചൈനീസ് കമ്പനി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര കരാറുകൾ ഉറപ്പിക്കുക എന്നതും ചൈനയുടേ മറ്റൊരു തന്ത്രമാണ്. ജോലികൾ ഏറ്റെടുത്ത ശേഷം അവിടേക്ക് ചൈനാക്കാരെ തൊഴിലിനായി എത്തിക്കും. ഇത്തരത്തിൽ നിരവധി പാശ്ചാത്യ കമ്പനികളുടെ വിവിധ കരാറുകൾ തട്ടിയെടുക്കാൻ ചൈനയ്ക്ക് ആയിട്ടുണ്ട്. ഉദാഹരണത്തിന്. ബ്രിട്ടീഷ് കെട്ടിട നിർമ്മാണ കമ്പനിയായ കീർ ന് കരീബിയയിലേയും ഹോങ്കോംഗിലേയും കരാറുകൾ നഷ്ടപ്പെട്ടിരുന്നു. 96 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതുവഴി കമ്പനിക്ക് ഉണ്ടായത്.

അതിനിടയിലാണ്, 2014-ൽ വൻ തോതിലുള്ള എണ്ണനിക്ഷേപം കണ്ടെത്തിയതോടെ ചൈന കണ്ണുവയ്ക്കാൻ തുടങ്ങിയ ഗയാന അതീന്റെ തലസ്ഥാനമായ ജോർജ്ജ് ടൗണീലെ ഡെമെരാര ഹാർബർ പാലം പുതുക്കിപണീയുവാനായി അന്താരാഷ്ട്ര ടെൻഡർ വിളിച്ചത്. 1970 കളിൽ ബ്രിട്ടീഷ് സഹായത്തോടെപണിത ഈ പാലത്തിന്റെതുൾപ്പടെ 11 കരാറുകളിൽ ഏഴെണ്ണവും ചൈനീസ് കമ്പനികൾക്കാണ് ലഭിച്ചത്.

എന്നാൽ, ചൈനീസ് പ്രൊജക്ടുകൾ നടക്കുന്ന ഇടങ്ങളിൽ തദ്ദേശവാസികൾ അധികവും ചൈനീസ് കമ്പനികൾക്ക് എതിരാണ്. തദ്ദേശവാസികൾക്ക് തൊഴിലവസരം നൽകാതെ കരാറിലെ വ്യവസ്ഥകൾ മറയാക്കി ചൈനയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതാണ് എതിർപ്പിന് പ്രധാന കാരണം. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗം പേരും പണി കഴിയുന്നതോടെ തിരിച്ചുപോകുമെങ്കിലും ചെറിയൊരു ശതമാനം അതാത് നാടുകളിൽ തന്നെ വ്യാപാരവുമായി സ്ഥിരതാമസമാക്കും. ഇവർ പിന്നെ വെല്ലുവിളീ ഉയർത്തുക തദ്ദേശവാസികളായ കച്ചവടക്കാർക്കായിരിക്കും.

ഇതിലെല്ലാം അദ്ഭുതകരമായ ഒരു കാര്യം 178 ബില്യൺ ഡോളറിന്റെ നിക്ഷേപം വിവിധ ബ്രിട്ടീഷ് പ്രൊജക്ടുകളിലും ചൈന നടത്തിയിട്ടുണ്ട് എന്നതാണ്. ഇത് നേരിട്ട് ചൈനീസ് കമ്പനികളോ അല്ലെങ്കിൽ ഹോങ്കോംഗ് ആസ്ഥാനമായ ചൈനീസ് കമ്പനികളോ വഴിയാണ് നടത്തിയിരിക്കുന്നത്. തെയ്ംസ് വാട്ടർ, ഹീത്രൂ വിമാനത്താവളം, യു കെ പവർ നെറ്റ്‌വർക്ക് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ചൈനീസ് നിക്ഷേപമുണ്ട്. അതുപോലെ 100 എഫ് ടി എസ് ഇ കമ്പനികളിലായി 76 ബില്യൺ ഡോളറിന്റെ നിക്ഷേപവും ബ്രിട്ടനിൽ ചൈനയ്ക്കുണ്ട്.

സാമ്പത്തിക കെണിയൊരുക്കി സാമ്രാജ്യം പടുത്തുയർത്താൻ ഇറങ്ങിയിരിക്കുന്ന ചൈനയ്ക്കെതിരെ കരുതലോടെ ഇരിക്കണമെന്നാണ് വിവിധ അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ശീതസമരം കടുക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ മേഖലകളിൽ ചൈനീസ് സൈനിക സാന്നിദ്ധ്യം ഉണ്ടാക്കുവാനും ചൈന ഈ മാർഗ്ഗം ഉപയോഗിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.