ബെംഗളൂരു: അച്ഛൻ ശാസിച്ചതിന് 16-കാരൻ തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകൾക്കുള്ളിൽ അതേ സ്ഥലത്ത് അതേ സാരിയിൽ തൂങ്ങി മരിച്ചു. കർണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിക്കാണ് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മക്കളേയും നഷ്ടമായത്. ചന്ദ്രുവിന്റെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്.

സ്ഥിരമായി സ്‌കൂളിൽ പോകാത്തതിന് പത്താം ക്ലാസ് വിദ്യാർത്ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛൻ ശാസിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ വെള്ളിയാഴ്ച രാവിലെ നാഗരാജ് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചു. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സഹോദരൻ മരിച്ചവിവരമറിഞ്ഞെത്തിയ സഹോദരിയും മനോവിഷമം താങ്ങാനാവാതെ തൂങ്ങി മരിച്ചു. പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ഭാഗ്യലക്ഷ്മി താലൂക്ക് ആശുപത്രിയിലെത്തി മൃതദേഹം കണ്ടു. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെൺകുട്ടി ഉടൻ വീട്ടിലേക്ക് മടങ്ങി. തുടർന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.

സംഭവസമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാൽ ആരും വിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ഒരിക്കലും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു അച്ഛനായ ചന്ദ്രു പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്. 'ഒരു പിതാവ് സാധാരണ ഉപദേശിക്കുന്നത് പോലെ മാത്രമാണ് അവനോട് കാര്യങ്ങൾ പറഞ്ഞത്. ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ല.

മകൾക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. അവനില്ലാതെ ജീവിക്കുന്നത് അവൾക്കും സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അവളും അവനെ പിന്തുടരുകയായിരുന്നു. ഞങ്ങൾക്ക് രണ്ടുമക്കളെയും നഷ്ടപ്പെട്ടു'- ചന്ദ്രു പറഞ്ഞു. രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ബേഡഗി സർക്കിൾ ഇൻസ്പെക്ടർ ബാസവരാജ് അറിയിച്ചു.