കോവിഡ് മഹാമാരിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതായേക്കാം ഒമിക്രോൺ എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതൊരുപക്ഷെ മനുഷ്യരാശിക്ക് ലഭിച്ച ഒരു ക്രിസ്ത്മസ്സ് സമ്മാനമായേക്കാം എന്നാണ് ഒരു ജർമ്മൻ ആരോഗ്യ വിദഗ്ദൻ പറഞ്ഞത്. അത്ര ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് ഒമിക്രോൺ ബാധിച്ചവർ പ്രദർശിപ്പിക്കുന്നത് എന്ന് ദക്ഷിണാഫ്രിക്കൻ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു ഈ അഭിപ്രായം. തലവേദനയും ക്ഷീണവും പോലെ അത്ര ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് ഒമിക്രോൺ ബാധിച്ചവർ പ്രകടിപ്പിക്കുന്നത്. അതുമാത്രമല്ല, ഇത് ബാധിച്ച ഒരാൾക്ക് പോലും ഇതുവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടതായി വന്നിട്ടില്ല, മാത്രമല്ല, മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഈ വകഭേദത്തിൽ ധാരാളം മ്യുട്ടേഷനുകൾ സംഭവിച്ചിട്ടുണ്ട്. അതിൽ 32 എണ്ണം സ്പൈക്ക് പ്രോട്ടീനിൽ മാത്രമാണ്. അതുകൊണ്ടു തന്നെ ഇതിന് വ്യാപനശേഷി കൂടുതലാകുമെങ്കിലും പ്രഹര ശേഷി കുറയുവാനാണ് സാദ്ധ്യതയെന്ന് ജർമ്മനിയിൽ ക്ലിനിക്കൽ എപിഡെർമോളജിസ്റ്റായ പ്രൊഫസർ കാൾ ലോട്ടർബാക്ക് പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന എല്ലാ വൈറസുകളുടേയും പരിണാമം ഈ ദിശയിൽ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൈദ്ധാന്തികമായി ഇത് ശരിയാണെങ്കിലും, ഒരുപക്ഷെ നേരത്തേ വൻതോതിൽ ഉണ്ടായ രോഗബാധയിലൂടെ ജനങ്ങൾ നേടിയ പ്രതിരോധ ശേഷിയും അതുപോലെ വാക്സിനു ഇതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ടാകാം എന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നു.

മറ്റൊരു ആശ്വാസകരമായ കാര്യം ഇത്രയധികം മ്യുട്ടേഷനുകൾ സംഭവിച്ചിട്ടും ഇത് മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത വിധ ആയിത്തീർന്നിട്ടില്ല എന്നതാണെന്നും അദ്ദേഹം പറയുന്നു. നേരത്തേ മുതൽ ശാസ്ത്രലോകം പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു, കൊറോണ വൈറസിനെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്നും പക്ഷെ അത് വീര്യം കുറഞ്ഞ ഒരു രോഗകാരിയായി പരിണമിക്കുമെന്നത്. ആ സിദ്ധാന്തം കൂടി ഇപ്പോഴത്തെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോൾ, ഭയപ്പെടുത്തുന്ന മഹാമാരി ഏതാണ്ട് അവസാനകാലത്തേക്ക് എത്തിയിരിക്കുന്നു എന്ന് കരുതാം.

എന്നിരുന്നാലും, ഒമിക്രോൺ വകഭേദത്തിന്റെ യഥാർത്ഥ ശക്തിയും പ്രഭാവവും കണ്ടെത്താൻ ചുരുങ്ങിയത് രണ്ട് ആഴ്‌ച്ചകളെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇതിന്റെ യഥാർത്ഥ ശക്തി തിരിച്ചറിയുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതുവരെ ഇത് ബാധിച്ചവരെല്ലാം താരതമ്യേന പ്രായം കുറഞ്ഞവരായിരുന്നു. സ്വാഭാവികമായും ഇത്തരക്കാരിൽ പ്രതിരോധശേഷി കൂടുതലായിരിക്കും. ഇതും നിലവിൽ ഈ വകഭേദം അപകടകാരിയല്ലെന്ന് വിലയിരുത്തുന്നതിന് ഒരു കാരണമായിട്ടുണ്ടാകാം.

അതിനിടയിൽ ഈ വർഷത്തെ ക്രിസ്ത്മസ്സ് പരിപാടികൾ അവതാളത്തിലായേക്കാം എന്ന സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കൊളാ സ്റ്റർജന്റെ പ്രസ്താവന ബ്രിട്ടനിലാകെ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്ത്മസ്സ് പോലെത്തന്നെയാകുമോ ഇത്തവണയും എന്നതാണ് ജനങ്ങളെ ഏറെ വിഷമിപ്പിക്കുന്ന സംശയം. സ്‌കോട്ട്ലാൻഡിൽ ഇതുവരെ ആറുപേരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിൽ ചിലർ വിദേശയാത്ര നടത്തിയിട്ടുമില്ല. അതുകൊണ്ടു തന്നെ ഒമിക്രോൺ സമൂഹവ്യാപനം ആരംഭിച്ചതായി സംശയിക്കുന്നു.

ബ്രിട്ടനിൽ ഇന്നലെ ഒമ്പത് പേരിൽ കൂടി ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതോടെ, വിദേശയാത്ര കഴിഞ്ഞെത്തുന്നവർ വീടുകളിൽ എട്ടു ദിവസം നിർബന്ധമായും സെൽഫ് ഐസൊലേഷന് വിധേയരാകണം എന്ന നിയമം കൊണ്ടുവരണമെന്ന് നിക്കോള സ്റ്റർജൻ ആവശ്യപ്പെട്ടു. എന്നാൽ, ബോറിസ് ജോൺസൺ ഈ ആവശ്യം നിരാകരിച്ചു. ഇനി മൂന്ന് ആഴ്‌ച്ചകൾക്ക് ശേഷമായിരിക്കും സർക്കാർ നിയന്ത്രണങ്ങൾ പുനപരിശോധിക്കുക. അതേസമയം, ഒമിക്രോണിന്റെ എപ്പിസെന്ററായ സൗത്ത് ആഫ്രിക്കയിൽ രണ്ടാഴ്‌ച്ച കൊണ്ട് വ്യാപനതോത് ഇരുപത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

വളരെ ദുർബലമായ ലക്ഷണങ്ങൾ മാത്രമാണ് ഇത് ബാധിച്ചവർ പ്രദർശിപ്പിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇപ്പോൾ ഇത് ബാധിച്ചവരെല്ലാം യുവാക്കൾക്കാണെന്നും വൃദ്ധരിലേക്ക് ഇത് പടരുമ്പോൾ മാത്രമാണ് ഇതിന്റെ യഥാർത്ഥ ശക്തി തിരിച്ചറിയാൻ കഴിയുകയുള്ളു എന്നുമാണ് ചില വിദഗ്ദർ പറയുന്നത്.