ബദിയടുക്ക: കാക്കി കാണുമ്പോഴേ പേടിക്കുന്നവരാണ് മലയാളികൾ. അതായത് കാക്കിയിട്ട പൊലീസിനെ. എന്നാൽ, പൊലീസിനെന്നാൽ കണ്ണുരുട്ടി പേടിപ്പിക്കുന്നവരും കയർക്കുന്നവരും ആണെന്ന മുൻവിധി വേണ്ട. കാസർകോട് ജില്ലയിൽ ഒരു എസ്‌ഐയുമായി ബന്ധപ്പെട്ട കഥയല്ല, സംഭവമാണ് ഇനി പറയുന്നത്. ശരിക്കും ജനമൈത്രി പൊലീസ് എന്നാൽ അത് ബദിയടുക്ക എസ്‌ഐ വിനോദ് കുമാറാണ്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മനസ്സ്. ബദിയെടുക്ക എസ് ഐ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത് ഒരു പ്രതിയോട് കാട്ടിയ കാരുണ്യത്തിനാണ്. ആ കഥ ഇങ്ങനെ:

ബദിയെടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ 50 സി അബ്കാരി ആക്ട് ( പരസ്യ മദ്യപാനം ) പ്രകാരം കേസ്. യഥാസമയം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഗൃഹനാഥന് വാറന്റ് ആയി. ബദിയടുക്ക പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോകാൻ നേരമാണ് ഇദ്ദേഹം എസ് ഐ യോട് സംസാരിക്കാനായി അനുവാദം തരണമെന്ന് അഭ്യർത്ഥിച്ചത്. തുടർന്ന് എസ് ഐ വിനോദ്കുമാറിനോട് തന്റെ ജീവിത കഥ പറയുകയായിരുന്നു പ്രതിയായ ഗൃഹനാഥൻ.

തനിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുകൊണ്ട് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കാലിന് അസുഖ ബാധിതയായ ഭാര്യയും, അപസ്മാര രോഗിയായ മൂത്ത കുട്ടിയും അടക്കം നാല് പിഞ്ചു മക്കളുമാണുള്ളത്. കേസിന് ആസ്പദമായ പരസ്യമദ്യപാനം പിന്നീട് താൻ അവർത്തിച്ചിട്ടില്ല. താമസിക്കുന്ന വാടകമുറിക്ക് മാസം തോറും നൽകേണ്ട വാടക പോലും നൽകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥയിൽ ആണെന്നും നിവൃത്തി കേട് കൊണ്ടാണ് കോടതിയിൽ ഹാജരാകാൻ പോലും പറ്റാതെ വാറന്റ് ആകുന്ന അവസ്ഥ ഉണ്ടായതെന്നും ഗൃഹനാഥൻ എസ് ഐക്ക് മുന്നിൽ വിതുമ്പി പറഞ്ഞു .

എല്ലാം കേട്ട് മനസ്സലിഞ്ഞ വിനോദ് കുമാർ കോടതിയിൽ അടയ്ക്കാനുള്ള പണം പ്രതിയുടെ കൈയിൽ തികയാതെ വന്നപ്പോൾ പൊലീസുകാരെ ചുമതലപ്പെടുത്തി. പിന്നീട് ജനമൈത്രി പ്രവർത്തകരെ വിട്ട് ഇദ്ദേഹത്തിന്റെ ജീവിത സാഹചര്യം മനസിലാക്കി. ദുരിതമയമായ ചുറ്റുപാടുകൾ തിരിച്ചറിഞ്ഞതോടെ, പ്രതിയുടെ വാടക മുറിയിലെത്തി ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് ബദിയടുക്ക എസ് ഐ വിനോദ്കുമാർ കൈമാറുകയും ചെയ്തു.

തുടർന്നും സഹായ സഹകരണങ്ങൾ ഉറപ്പ് നൽകിയാണ് പൊലീസ് മടങ്ങിയത്. ബീറ്റ് ഓഫീസർമാരായ അനൂപ്, മഹേഷ്, രാജേഷ്, സാമുഹ്യ പ്രവർത്തകൻ സ്വാദിഖ് കൊല്ലങ്കാന, സന്തോഷ് ക്രസ്റ്റ, റിയാസ് മാന്യ എന്നിവർ ഒപ്പമുണ്ടായിരുന്നു. നേരത്തെ ബേക്കലം എസ് ഐയായി സേവനം അനുഷ്ഠിക്കവേ ആരാരുമില്ലാത്ത വയോധികരായ സഹോദരിമാർക്കും മറ്റൊരു കുടുബത്തിനും വീട് വെച്ച് നൽകിയിരുന്നു .