ന്യൂഡൽഹി: പാർലമെന്റ് നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ മാധ്യമ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ ശക്തമായ പ്രതിഷേധം. വിവിധ മാധ്യസ്ഥാപനങ്ങളുടെ പ്രതിനിധികൾ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ഒത്തുകൂടി മുദ്രാവാക്യങ്ങൾ വിളിച്ചു. പാർലമെന്റിൽ പ്രവേശനത്തിനായി ലോങ് ലിവ് പ്രസ് ഫ്രീഡം പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കി.

കോവിഡിന്റെ പേരുപറഞ്ഞാണ് കഴിഞ്ഞ വർഷം മാധ്യമ പ്രവർത്തകരുടെ പ്രവേശനം നിയന്ത്രിച്ചത്. സിനിമാ തിയേറ്ററുകളും മാളുകളും റെസ്റ്റോറന്റുകളും അടക്കം തുറന്നിട്ടും മാധ്യമ റിപ്പോർട്ടിങ്ങിന് നിയന്ത്രണമേർപ്പെടുത്തുന്ന നടപടി നിർലജ്ജമായ സെൻസർഷിപ്പാണെന്നുകാട്ടി കഴിഞ്ഞദിവസം പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ സർക്കാരിന് തുറന്ന കത്തെഴുതിയിരുന്നു. വ്യാഴാഴ്ച മാധ്യമപ്രവർത്തകർ പ്രസ്‌ക്ലബ്ബിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചും നടത്തി.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശൻ, സൻസദ് ടി.വി. എന്നിവയ്ക്കും വാർത്താ ഏജൻസികൾക്കും മാത്രമാണ് ദിവസേന നടപടികൾ റിപ്പോർട്ടുചെയ്യാൻ അനുമതി നൽകുന്നത്. നറുക്കെടുപ്പിലൂടെ 21 പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾക്കും അനുമതിയുണ്ട്.

പ്രാദേശിക ഭാഷാ മാധ്യമങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽനിന്ന് ആകെ രണ്ടുപേർക്കു മാത്രമാണ് അവസരം. ലോട്ടറി സമ്പ്രദായപ്രകാരം ലോക്‌സഭയിൽ 60 മാധ്യമ പ്രവർത്തകർക്കും, രാജ്യസഭയിൽ 32 പേർക്കും മാത്രമാണ് പ്രവേശനം. ഇതിൽ തന്നെ സർക്കാർ സ്ഥാപനങ്ങൾക്കും, തിരഞ്ഞെടുത്ത മാധ്യമ സ്ഥാപനങ്ങൾക്കും 11 ഉം 10 വീതം സ്ലോട്ടുകൾ റിസർവ് ചെയ്തിരിക്കുന്നു.

ഇപ്പോൾ പ്രതിഷേധിച്ചില്ലെങ്കിൽ,ഇതൊരു സ്ഥിരം പരിപാടിയായി തീരുമെന്ന് ടെലിവിഷൻ ആങ്കറും എഡിറ്ററുമായ രാജ്ദീപ് സർദേശായി മാധ്യമ പ്രവർത്തകരം അഭിസംബോധന ചെയ്യവേ പറഞ്ഞു. നിലവിലെ ലോട്ടറി സമ്പദ്രായം ചെറുകിട പത്രങ്ങൾക്ക് അവസരം നൽകുന്നതേയില്ല. സൻസദ് ടിവി കണ്ടുകൊണ്ട് നിങ്ങൾക്ക് പാർലമെന്റ് റിപ്പോർട്ട് ചെയ്യാനാവില്ല, സർദേശായി പറഞ്ഞു.

ലോട്ടറിയിലൂടെ ജേണലിസ്റ്റുകളുടെ പ്രവേശനം നിയന്ത്രിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിൽ അപകടകരമായ കീഴ് വഴക്കമെന്നും പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ പറഞ്ഞു.

ഇത് ജനാധിപത്യത്തിന് ഗുണകരമായ തീരുമാനം അല്ലെന്നാണ് മിക്ക മാധ്യമപ്രവർത്തകരുടെയും അഭിപ്രായം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, റോട്ടേഷൻ ആയതിനാൽ, 19 ദിവസത്തെ ശീതകാല സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകന് ഒരു പക്ഷേ നാലോ അഞ്ചോ ദിവസം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കിട്ടുകയുള്ളു. എഡിറ്റേഴ്‌സ് ഗിൽഡും സർക്കാർ തീരുമാനത്തെ വിമർശിച്ചിട്ടുണ്ട്.

തുടർച്ചയായി അഞ്ചു സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാത്തതിൽ ആശങ്ക അറിയിച്ച് രാജ്യസഭാപ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്തുനൽകി. പാർലമെന്റിൽ പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണമെന്ന് ലോക്സഭയിൽ കോൺഗ്രസ് അംഗം ബെന്നി ബെഹനാനും ആവശ്യപ്പെട്ടിരുന്നു.

സഭയിൽ ഉന്നയിക്കപ്പെടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം ജനങ്ങളെ അറിയിക്കുന്നത് മാധ്യമപ്രവർത്തകരാണെന്ന് മല്ലികാർജുൻ ഖാർഗെ വെങ്കയ്യ നായിഡുവിനയച്ച കത്തിൽ പറഞ്ഞു. അതിനാൽ മാധ്യമ പ്രവർത്തകരെ പാർലമെന്റിൽ പ്രവേശിപ്പിക്കേണ്ടത് പ്രധാനമാണ്. പത്രപ്രവർത്തകരും സംഘടനകളും പല തവണ മുതിർന്ന എംപി.മാരെയും സ്പീക്കറെയും വിഷയം അറിയിച്ചതാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നടക്കമുള്ള കൂടുതൽ ദക്ഷിണേന്ത്യൻ മാധ്യമങ്ങൾക്ക് പാർലമെന്റ് നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുമതി നൽകണമെന്ന് ബെന്നി ബെഹനാൻ ലോക്സഭയിൽ പറഞ്ഞു.പത്ര സ്വാതന്ത്ര്യത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 142 ആണെന്ന് കൂടി മനസ്സിലാക്കുമ്പോൾ കാര്യങ്ങളുടെ ഗൗരവം പിടികിട്ടും