ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ കൊടുങ്കാറ്റ് പോലെ പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 16,366 പേർക്കാണ് ഓമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലേക്കാൾ 408 ശതമാനം വർദ്ധനവാണ് ഓമിക്രോൺ ബാധയിൽ ഈ ആഴ്ച ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച 3220 പേരിൽ മാത്രമാണ് ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിടുമ്പോൾ ഇത് കാട്ടു തീ പോലെ പടരുകയും ദിവസങ്ങൾ കൊണ്ട് പതിനായിരങ്ങളിലേക്ക് ഓമിക്രോൺ എത്തുകയുമായിരുന്നു. ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ മരണ നിരക്കും ഈ കാലയളവിൽ എട്ടിൽ നിന്നും 21ൽ എത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ ഒരു മരണവും ഓമിക്രോൺ മൂലം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

രാജ്യത്ത് ഇന്നലെ 16,366 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഭൂരിഭാഗം കേസുകളും ഒമിക്രോണിന്റെ എപ്പിസെന്ററായ ഗോൺടാങ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ എല്ലാം ഓമിക്രോൺ ആണോ എന്ന് വ്യക്തമല്ല. എപ്പിസെന്ററായ ഗോൺടാങ് പ്രവിശ്യയടക്കം പ്രധാനമായും രാജ്യത്തെ ഒമ്പത് പ്രവിശ്യകളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നതെന്ന് രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് റിപ്പോർട്ട് ചെയ്യുന്നു. 11,607 കേസുകളാണ് ഗാങ്ടാങിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസുകൾ കൂടിയതോടെ കോവിഡ് ടെസ്റ്റുകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്നലത്തെ കോവിഡ് കണക്കും പുറത്ത് വന്നതോടെ സൗത്ത്ആഫ്രിക്കയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,020,569, ആയി. ആകെ മരണം 89,956ലും എത്തി. കോവിഡ് കേസുകളും മരണവും ഉയരുമ്പോൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഓമിക്രോൺ എത്തിക്കഴിഞ്ഞു എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അതേസമയം ഓമിക്രോൺ വൈറസ് ശരീരത്തെ ബാധിക്കുന്നത് വളരെ നേിരയ തോതിൽ മാത്രമാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഓമിക്രോൺ കാട്ടു തീ പോലെ പടരുമ്പോഴും ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്താൻ കാരണം. ഓമിക്രോണുമായി ആശുപത്രിയിലെത്തുന്ന പലർരും തങ്ങൾ കോവിഡ് ബാധിതരാണെന്നു പോലും അറിഞ്ഞിട്ടില്ലെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 80 ശതമാനം പേരും 50 വയസ്സിൽ താഴെയുള്ളവരാണ്. 28 ശതമാനം പേർ 20നും 29നും ഇടയിൽ പ്രായമുള്ളവരും.

ഗാ റാങ്കുവയിലെ അക്കാദമിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80 രോഗികളിൽ 14 പേർക്ക് മാത്രമാണ് ഓക്സിജന്റെ സഹായം ആവശ്യമായി വന്നിട്ടുള്ളത്. ഒരാൾ വെന്റിലേറ്ററിലുമാണ്. 83 ശതമാനം പേരും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ റൂമിൽ തന്നെ വിശ്രമിക്കുന്നു. ഓമിക്രോൺ പിടിപെടുന്ന പത്തു പേരിൽ നിന്നും അത് 35 പേരിലേക്ക് പടരുന്നു. ലണ്ടനിലേക്കാളും വളരെ കൂടുതലാണ് ദക്ഷിണാഫ്രിക്കയിൽ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഓമിക്രോൺ ബാധ നേരിയ തോതിൽ മാത്രമാണ് ശരീരത്തെ ബാധിക്കുന്നതെന്നും വാക്സിൻ ഓമിക്രോണിനെതിരെ വളരെ ഫലപ്രദമാണെന്നും ലോകാരോഗ്യ സംഘടനയും സൗത്ത് ആഫ്രിക്കയുടെ പബ്ലിക്ക് ഹെൽത്ത് എക്സ്പേർട്ടും വ്യക്തമാക്കുന്നു. അതേസമയം ഓമിക്രോൺ ഡെൽറ്റയേക്കാളും ഭീകരമായ ആപത്തായി മാറുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി എപ്പിഡമോളജിസ്റ്റ് മീഗൽ കാൾ മുന്നറിയിപ്പ് നൽകുന്നു.

ഓമിക്രോണിൽ ഇതുവരെ മരണമില്ല; ലോകാരോഗ്യ സംഘടന

ഓമിക്രോൺ ബാധമൂലം ഇതുവരെ ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം ഇതുവരെ 38 രാജ്യങ്ങളിൽ ഓമിക്രോൺ ബാധ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുഎസിലും ഓസ്ട്രേലിയയിലുമാണ് അവസാനമായി ഓമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇന്നലെ ഓമിക്രോണിന്റെ മൂന്നാമത്തെ കേസും റിപ്പോർട്ട് ചെയ്തു. സൗത്തുകൊറിയ, ശ്രീലങ്കാ, മലേഷ്യ എന്നിവിടങ്ങളിലും ഇന്നലെ ഓമിക്രോൺ ബാധ സ്ഥിരീകരിച്ചു. അതേസമയം ഓമിക്രോൺ എത്രത്തോളം അപകടകാരിയാണെന്ന് വരും ദിവസങ്ങളിൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കു. ഇതിന് പഠനം ആവശ്യമാണ്. ഓമിക്രോൺ എത്രത്തോളം അപകടം വിതയ്ക്കും ഏത് വിധത്തിലുള്ള ട്രീറ്റ്മെന്റ് നൽകണം വാക്സിൻ എത്രത്തോളം ഫലപ്രദമാണ് തുടങ്ങിയ കാര്യങ്ങളിൽ ഗവേഷണം നടക്കുകയാണ്.

അതേസമയം ഓമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ബ്രിട്ടൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. യുകെയിലേക്ക് വരുന്ന രണ്ട് വാക്‌സിനേഷനും എടുത്തവരുൾപ്പടെ എല്ലാ യാത്രക്കാരും വിമാനം കയറുന്നതിന് 48 മണിക്കൂർ മുന്നേ എടുത്ത കോവിഡ് ടെസ്റ്റ് കയ്യിൽ കരുതണം. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് യാത്രക്കാർ രണ്ട് വാക്‌സിനേഷനും എടുത്തവരാണെങ്കിലും യാതൊരു ഇളവും ലഭിക്കില്ല. ഇംഗ്ലണ്ട്, സ്‌കോട്‌ലാൻഡ്, വെയിൽസ്, എ്‌നിവിടങ്ങളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 48 മണിക്കൂർ മുന്നേ എടുത്ത കോവിഡ് ടെസ്റ്റ് നിർബന്ധമായും കയ്യിൽ കരുതണം. ഡിസംബർ ഏഴിന് രാവിലെ നാലു മണിമുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്.