കോഴിക്കോട്: മന്ത്രവാദ ചികിത്സയ്‌ക്കൊടുവിൽ മരിച്ച വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ. തക്ക സമയത്ത് വേണ്ട ചികിത്സ നൽകാത്തതിനാലാണ് വീട്ടമ്മ മരിച്ചത് എന്നാരോപിച്ച ബന്ധുക്കൾ ഇവരുടെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുക ആയിരുന്നു. കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (43) ആണു മരിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

ദേഹമാസകലം വ്രണം വന്ന നൂർജഹാനെ ഭർത്താവ് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. മതിയായ ചികിത്സ നൽകാതെയാണു മരണമെന്നാരോപിച്ചു ഭർത്താവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ദേഹത്തു വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് ആറ്മാസം മുൻപ് നൂർജഹാനെ മന്ത്രവാദ ചികിത്സയ്ക്കു വിധേയയാക്കിയിരുന്നു. അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നൽകിയിരുന്നു. തുടർന്നു രോഗം ഭേദമായെങ്കിലും തുടർചികിത്സ നൽകാതെ വീണ്ടും ഭർത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു മാറ്റുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.

മന്ത്രവാദത്തിൽ രോഗത്തിന്് കുറവുണ്ടാവാതെ വന്നപ്പോഴും നൂർജഹാനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഭർത്താവ് തയ്യാറായില്ല. രോഗം ഗുരുതരമായതിനെ തുടർന്നു 6ന് ആലുവയിലെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയും ഇന്നലെ പുലർച്ചെ മരിക്കുകയുമായിരുന്നു. വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. കുനിങ്ങാട് പൊയിൽ പീടികയിൽ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ്. മക്കൾ: ബഷീർ, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. മരുമകൻ: റിഷാദ്. സഹോദരങ്ങൾ: ഷാജഹാൻ, ജുവൈരിയ , ഫർസാന, ജംഷീറ.